മയക്കു മരുന്നിനെതിരെ കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി മനുഷ്യച്ചങ്ങല തീര്‍ക്കും. ഉച്ചകഴിഞ്ഞു മൂന്നിനാണ് വാര്‍ഡുകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മനുഷ്യച്ചങ്ങല തീര്‍ക്കുക. സ്‌കൂളുകളില്ലാത്ത വാര്‍ഡുകളില്‍ പ്രധാന കേന്ദ്രങ്ങളിലായിരിക്കും മനുഷ്യച്ചങ്ങല.

മയക്കു മരുന്നിനെതിരെ ജനകീയ ജാഗ്രത ഉയര്‍ത്തുന്നതിന്റെ ഭാഗമായി ‘ജീവിതമാണ് ലഹരി’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് പരിപാടി. ജനപ്രതിനിധികളും കായിക താരങ്ങളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അണിചേരും. വിദ്യാര്‍ഥികളും അധ്യാപകരും വ്യാപാരികളും കുടുംബശ്രീ പ്രവര്‍ത്തകരുമടക്കം പൊതുസമൂഹമാകെ പങ്കെടുക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

ഉച്ചയ്ക്ക് 2.30 ന് ഒത്തുചേര്‍ന്ന് ട്രയലിന് ശേഷമാണ് മൂന്നിനു ചങ്ങല തീര്‍ക്കേണ്ടത്. തുടര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരിവസ്തുക്കള്‍ പ്രതീകാത്മകമായി കത്തിക്കുകയും കുഴിച്ചിടുകയും ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കാല്‍ ലക്ഷം വിദ്യാര്‍ഥികളും ഇവിടെ അണിനിരക്കും.