കർത്താവില്ലാതെ നമുക്ക് നവീകരിക്കപ്പെടാൻ കഴിയില്ലെന്ന് സെന്റ്. ബ്രിഡ്ജറ്റിൻ, കോംബോനി മിഷനറി സഹോദരിമാരോട് ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്‌ബോധനം. കാരണം നാം ക്രിസ്തുവിൽ നിന്നും ആരംഭിച്ച് ക്രിസ്തുവിലേക്ക് തന്നെ മടങ്ങുന്നവരാണെന്നും പാപ്പ ഊന്നി പറഞ്ഞു.
ക്രിസ്തുവുമായുള്ള ബന്ധത്തിന് പ്രഥമ പരിഗണന നൽകണം. ആന്തരികവും സാമൂഹികവുമായ നവീകരണത്തിനുള്ള പ്രാരംഭ ബിന്ദുവാണ് യേശു എന്നും ക്രിസ്തുവുമായുള്ള അവരുടെ നിരന്തരമായ ബന്ധം ഒഴിച്ചുകൂടാനാവാത്തതാണെന്നും ഫ്രാൻസിസ് മാർപാപ്പ സഹോദരിമാരെ ഓർമിപ്പിച്ചു.
ജീവിതത്തിൽ ഒന്നാം സ്ഥാനം ക്രിസ്തുവിന് നൽകണം. അവനിലേക്ക് നിരന്തരം ദിവ്യകാരുണ്യ ആരാധനയിലൂടെ അടുക്കാൻ കഴിയണം. കൂടാതെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മനോഹരമായ വ്യക്തിപരമായ പ്രാർത്ഥനയിൽ നിന്ന് പഠിക്കാൻ നമുക്ക് കഴിയണമെന്നും മാർപാപ്പ വത്തിക്കാനിൽ വെച്ച് മിഷനറി സഹോദരിമാരോട് ആഹ്വാനം ചെയ്തു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുനാൾ ദിനമായ ഒക്ടോബർ 22 അദ്ദേഹം സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വച്ച് മാർപാപ്പയുടെ സ്ഥാനം ഏറ്റെടുത്ത് തന്റെ ശുശ്രൂഷ ആരംഭിച്ച ദിവസമാണെന്നും ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. മാർപ്പാപ്പ തന്റെ മുൻഗാമിയെ ദൈവപുരുഷനായിട്ടാണ് വാഴ്ത്തിയത്. കൂടാതെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തീവ്രമായ ആത്മീയതയിൽ നിന്നും പ്രാർത്ഥനാ ജീവിതത്തിൽ നിന്നും നമുക്കെല്ലാവർക്കും പാഠങ്ങൾ ഉൾക്കൊള്ളാമെന്നും മിഷനറി സഹോദരിമാരോട് പാപ്പ പറയുകയും ചെയ്തു.