🗞🏵 *അധികാരമേറ്റു 45–ാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു.* രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസിന്റെ മടക്കം. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
🗞🏵 *മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി.* സമയപരിമിതിയുള്ളതിനാൽ 6 ആഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പിണറായി വിജയന്‍ വിചാരണ നേരിടണമെന്നാണ് സിബിഐയുടെ ആവശ്യം.
🗞🏵 *തേനീച്ചയുടെ കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് ഇനിമുതൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും.* തേനീച്ച, കടന്നൽ എന്നിവയെ 1980-ലെ സംസ്ഥാന നിയമത്തിലെ വന്യജീവി എന്ന പദത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയതോടെയാണിത്. ഇതോടെ, വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവർക്ക് നൽകുന്നതിന് സമാനമായ നഷ്ടപരിഹാരം തേനിച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
🗞🏵 *വടക്കഞ്ചേരി അപകടത്തിലെ പ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം.* കാക്കനാട് കെമിക്കൽ ലാബിൻ്റെ പരിശോധനയിലാണ് കണ്ടെത്തൽ. അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനാണ് രക്തം വിശദ പരിശോധനക്ക് അയച്ചത്. എന്നാൽ, ജോമോൻ്റെ രക്തം പരിശോധനയ്ക്ക് അയച്ചത് മണിക്കൂറുകൾ വൈകിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
🗞🏵 *പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.* അഡി.സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്പോർട്ടും കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു
🗞🏵 *റഷ്യയുടെ മിസൈലാക്രമണങ്ങളിൽ യുക്രെയ്നിലെ പ്രധാന ഊർജനിലയങ്ങൾ തകർന്നതോടെ രാജ്യത്തെങ്ങും വൈദ്യുതിവിതരണം തടസ്സപ്പെട്ടു.* ജലവിതരണ സംവിധാനവും പൊതുഗതാഗതവും താറുമാറായി. റഷ്യ കയ്യടക്കിയ തെക്കൻ നഗരമായ ഖേഴ്സൻ തിരിച്ചുപിടിക്കാനായി വൻതോതിലുള്ള സേനാവിന്യാസവുമായി യുക്രെയ്ൻ മുന്നോട്ടുപോകുന്നതിനിടെയാണ് രാജ്യത്തെ മൂന്നിലൊന്ന് ഊർജനിലയങ്ങളും റഷ്യൻ ആക്രമണത്തിൽ തകർന്നത്. ഇതോടെ രാജ്യവ്യാപകമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.
🗞🏵 *ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷൻ അധിഷ്ഠിത മൊബൈൽ ഫോണുകളെ വാണിജ്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്തതിന് ടെക് കമ്പനിയായ ഗൂഗിളിന് കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) 1,337 കോടി രൂപ പിഴ ചുമത്തി.* ആൻഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മൊബൈലുകളെ വാണിജ്യ താൽപര്യത്തിനനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തതെന്ന് സിസിഐ കണ്ടെത്തി.
🗞🏵 *സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം 1500 കോടിരൂപകൂടി കടമെടുക്കുന്നു.* കേന്ദ്രം അനുവദിച്ച പരിധിക്കുള്ളിലാണിത്. ഇതോടെ ഈ സാമ്പത്തികവർഷം ഇതുവരെ പൊതുവിപണിയിൽനിന്നുള്ള കടം 11,436 കോടിരൂപയാവും.
🗞🏵 *കേരള പൊലീസിനാകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു.* മാമ്പഴ മോഷ്ടാവായ സിവിൽ പൊലീസ് ഓഫീസർ പി.വി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹർജി കോടതി അംഗീകരിച്ചു. ഐപിസി 379 പ്രകാരം ഉള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. ന്യൂ രണ്ടുദിവസമായി നടന്ന വാദത്തിന് ഒടുവിലാണ് പരാതിക്കാരൻ ഇല്ലെങ്കിൽ കേസ് ഒത്തുതീർപ്പാക്കാൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നസീബ് അബ്ദുൾ റസാക്ക് ഉത്തരവിട്ടത്.
🗞🏵 *കഴിഞ്ഞവർഷം ഇതേ കാലയളവിൽ നിരവധിപേരുടെ മരണത്തിനും വൻ നാശനഷ്ടത്തിനും വഴിവച്ച സാഹചര്യം അന്തരീക്ഷത്തിൽ രൂപപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം.* നിലവിലുളള സ്ഥിതി തുടർന്നാൽ 22 മുതൽ 24വരെ സംസ്ഥാനത്ത് കനത്തമഴയും അനുബന്ധ പ്രശ്നങ്ങളുമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.കഴിഞ്ഞവർഷം കോട്ടയം, ഇടുക്കി ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ കാലയളവിലുണ്ടായ അതിതീവ്ര മഴയിലും മിന്നൽപ്രളയത്തിലും 21 പേരാണ് മരിച്ചത്. ഏതാണ്ട് 70 കോടി രൂപയുടെ നാശനഷ്ടമുണ്ടായി.
🗞🏵 *അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികള്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.* എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയില്‍ ഹാജരാവണമെന്നും മധുവിന്റെ അമ്മ, സഹോദരി, എന്നിവർ ഉൾപ്പെടെയുള്ള ഒരു ബന്ധുക്കളേയും സാക്ഷികളേയും കാണാനോ ബന്ധപ്പെടാനോ പാടില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്താമാക്കി. മണ്ണാര്‍ക്കാട് എസ്.സി. എസ്.ടി കോടതിയുടേതാണ് വിധി.
🗞🏵 *പട്ടികജാതി/പട്ടികവർഗ/പിന്നാക്കക്ഷേമ വകുപ്പുകൾ നടപ്പാക്കുന്ന വികസന, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾ ഇനി മുതൽ ‘ഉന്നതി’ എന്ന ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും.* ഉന്നതിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
🗞🏵 *കസ്റ്റംസിനെ കബളിപ്പിക്കാന്‍ പുതിയ വഴികളുമായി സ്വർണക്കടത്തുകാർ.* ദുബായിൽ നിന്നും സ്വർണ്ണം മുക്കിയ തോർത്തുകളുമായി ആണ് ഇത്തവണ യാത്രക്കാരൻ പിടിയിലായത്. തൃശ്ശൂര്‍ സ്വദേശിയായ ഫഹദിൽ നിന്നും സ്വർണ്ണം മുക്കിയ 5 തോർത്തുകൾ പിടിച്ചെടുത്തു. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്തശേഷം, നന്നായി പായ്ക്ക് ചെയ്ത് കടത്താനാണ് ഫഹദ് ശ്രമിച്ചത്.
🗞🏵 *കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് വ്യവസായ മന്ത്രി പി രാജീവ്.* അഞ്ച് മാസത്തിനുള്ളിൽ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാകുമുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🗞🏵 *ക്രൈം വാരികയുടെ എഡിറ്റർ ടിപി നന്ദകുമാറിന്റെ പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പോലീസ് കേസെടുത്തു.* എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം ടൗൺ നോർത്ത് പോലീസാണ് കേസെടുത്തത്. ഗൂഢാലോചനക്കുറ്റം ആരോപിച്ച് വീണാ ജോർജ് ഉൾപ്പെടെ എട്ടു പേർക്കെതിരെയാണ് കേസ്.തനിക്കെതിരെ കള്ളപ്പരാതി നൽകാൻ വീണാ ജോർജ് അടക്കം ഗൂഢാലോചന നടത്തിയെന്നായിരുന്നു ക്രൈം നന്ദകുമാറിന്റെ പരാതി.
🗞🏵 *കെ.എസ്.ആര്‍.ടി.സി ബസിൽ മുഴുവൻ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി.* വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിൽ കെ.എസ്.ആര്‍.ടി.സിയെ കക്ഷിയാക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സിയെ കൂടി കേൾക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
🗞🏵 *തെരുവില്‍ അലയുന്ന നാടോടി കുട്ടികളുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ഹൈക്കോടതി.* ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഭിക്ഷ യാചിക്കല്‍, സാധനങ്ങള്‍ വില്‍ക്കല്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ പാര്‍പ്പിക്കുകയോ, സ്വദേശത്തേക്ക് മടക്കി അയക്കുകയോ ചെയ്യണം.
🗞🏵 *കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ നടപടിയും വകുപ്പുതല അന്വേഷണവുമുണ്ടാകും.* സംഭവത്തില്‍ കിളികൊല്ലൂർ എസ്.എച്ച്.ഒയെ സ്ഥലം മാറ്റും. ക്രമസമാധാന ചുമതല നൽകാതിരിക്കാനും ശുപാർശയുണ്ട്. എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസുകാരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റുകയും നാല് പോലീസുകാർക്കെതിരെ ഗുരുതര വീഴ്ചയ്ക്കുള്ള വകുപ്പുതല അന്വേഷണം നടത്തുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും.
🗞🏵 *വീട്ടുമുറ്റത്തു നിന്ന് പുകവലിച്ചതിനെച്ചൊല്ലി ദമ്പതിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് കുത്തേറ്റ് മരിച്ചു.* മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്. കേസില്‍ ഭാര്യ അരീക്കോട് വടക്കുംമുറി പാലച്ചോട് വെളുത്തേതൊടിവീട്ടില്‍ നഫീസയെ (54) പോലീസ് അറസ്റ്റ് ചെയ്തു.
🗞🏵 *ഇലന്തൂരിലെ ഇരട്ടനരബലിക്കേസിൽ റോസ്‌ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തി.* ഇവ റോസ്‌ലിയുടെ തന്നെയെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചതായാണ് വിവരം. ഷാഫിയെ ചോദ്യം ചെയ്തതോടെയാണ് ഇവ കണ്ടെടുത്തത്. എന്നാൽ എവിടെ നിന്നാണ് കണ്ടെത്തിയതെന്ന് വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
🗞🏵 *കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാർ കൊണ്ട് ഇടിച്ചിട്ട് രക്ഷപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ ആഢ൦ബര കാർ പോലീസ് കണ്ടെത്തി.* ഫറോക്കിലെ ബന്ധു വീട്ടിൽ നിന്നും ആണ് കാർ പിടിച്ചെടുത്തത്.വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് അഞ്ച് കിലോയോളം സ്വർണ്ണം കടത്തിയ കേസിലെ പ്രധാന പ്രതി കോഴിക്കോട് കരുവൻ തുരുത്തി സ്വദേശി റിയാസിൻ്റെ കാറാണ് പിടിച്ചെടുത്തത്.
🗞🏵 *തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.* കമലേശ്വരം വലിയവീട് ലൈൻ ക്രസെന്റ് അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് നമ്പർ 123ൽ താമസിക്കുന്ന കമാൽ റാഫി (52), ഭാര്യ തസ്നിം (42) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5ന് ബിബിഎയ്ക്ക് പഠിക്കുന്ന ഇവരുടെ മകൻ ഖലീഫ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
🗞🏵 *പാകിസ്ഥാൻ ഒക്ക്യൂപൈഡ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി റഷ്യ.* റഷ്യൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്‌പുട്‌നിക് വാർത്താ ഏജൻസി പുറത്തുവിട്ട ഭൂപടത്തിൽ ആണ് പി.ഒ.കെ ഇന്ത്യയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. ജമ്മു കശ്മീർ, ലഡാക്ക്, അരുണാചൽ പ്രദേശ് എന്നിവ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിച്ചിരിക്കുകയാണ് ഇന്ത്യയുടെ സുഹൃത്ത് രാജ്യം കൂടിയായ റഷ്യ. റഷ്യൻ സർക്കാർ പുറത്തിറക്കിയ എസ്‌സിഒ അംഗരാജ്യങ്ങളുടെ ഭൂപടത്തിലാണ് ഇക്കാര്യം വ്യക്തമായത്.
🗞🏵 *ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ ഇരയായ പത്മയുടെ മൊബൈല്‍ ഫോണും പാദസരവും കണ്ടെത്താൻ പോലീസിനായില്ല.* പ്രതി ഭഗവല്‍ സിംഗിന്റെ മൊഴി അനുസരിച്ച് ഇലന്തൂരിലെ വീട്ടുവളപ്പില്‍ രണ്ടു മണിക്കൂറോളം പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. ഫോണ്‍ തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതിയായ ഭഗവൽ സിംഗ് തറപ്പിച്ച് പറഞ്ഞ സ്ഥലത്തൊക്കെ പോലീസ് തെരച്ചിൽ നടത്തി. വെള്ളത്തിലെ ചെളിയില്‍ ചവിട്ടി നോക്കിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.
🗞🏵 *ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തിനടിയിലായി.* നഗരത്തിന്റെ കിഴക്ക്, തെക്ക്, മധ്യ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും വെള്ളം കയറി. പല റോഡുകളും വെള്ളത്തിലായി. വാഹനങ്ങളും വീടുകളും വെള്ളത്തിലായി. നഗരത്തിന്റെ വടക്കുള്ള രാജമഹൽ ഗുട്ടഹള്ളിയിൽ 59 എംഎം മഴ പെയ്തുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
🗞🏵 *പാലക്കാട് മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു.* രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും സമീപത്തെ കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകള്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ മൃണ്മയി ജോഷി ഉത്തരവിറക്കി.
🗞🏵 *ചങ്ങനാശേരി അതിരൂപതയുടെ പുതിയ വികാരി ജനറാൾമാരായി റവ.ഡോ. ജയിംസ് പാലയ്ക്കൽ റവ.ഡോ.വർഗീസ് താനമാവുങ്കൽ എന്നിവർ നിയമിതരായി.* അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദൈവശാസത്ര പരിശീലകേന്ദ്രങ്ങളുടെയും ചുമതലയാണ് റവ.ഡോ. ജയിംസ് പാലയ്ക്കൽ ന് ഉള്ളത്. സമർപ്പിതരുടെയും സെമിനാരി വിദ്യാർത്ഥികളുടെയും ചുമതലയാണ് .ഡോ.വർഗീസ് താനമാവുങ്കലിന് നൽകിയിരിക്കുന്നത്.
🗞🏵 *ക്രിസ്തീയ ജീവിതത്തിലെ വഴിവിളക്കും പ്രധാന പ്രാര്‍ത്ഥനകളിലൊന്നുമായ ജപമാലയില്‍ പരമ്പരാഗതമായുണ്ടായിരുന്ന 15 ദിവ്യരഹസ്യങ്ങള്‍ക്കൊപ്പം ‘പ്രകാശത്തിന്റെ രഹസ്യങ്ങള്‍’ എന്നറിയപ്പെടുന്ന 5 ദിവ്യരഹസ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ട് 20 വര്‍ഷം.* 2002 ഒക്ടോബര്‍ 16-ന് അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ‘കന്യകാമറിയത്തിന്റെ ജപമാല’ അഥവാ ‘റൊസാരിയും വിര്‍ജിനിസ് മരിയെ’ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ദിവ്യരഹസ്യങ്ങള്‍ കൂട്ടിചേര്‍ത്തത്.
🗞🏵 *തങ്ങളെ മോചിപ്പിക്കാൻ ഇടപെടണമെന്ന യാചനയുമായി കാമറൂണിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികർ ഉൾപ്പെടെയുള്ള സംഘം കേണപേക്ഷിക്കുന്ന വീഡിയോ പുറത്ത്.* അഞ്ച് വൈദികരെയും, ഒരു സന്യാസിനിയെയും, മൂന്ന് അല്‍മായരെയും കഴിഞ്ഞമാസമാണ് തട്ടിക്കൊണ്ടു പോയത്. മാംഫെ രൂപതയുടെ മെത്രാനായ അലോഷ്യസ് ഫോൺഡോങ്ങിനോടാണ് മോചനം സാധ്യമാക്കാൻ അവർ വീഡിയോയിൽ അപേക്ഷിക്കുന്നത്. സെപ്റ്റംബർ പതിനാറാം തീയതിയാണ് രൂപതയിലെ സെന്റ് മേരീസ് ദേവാലയം ആയുധധാരികൾ അക്രമിച്ചത്.
🗞🏵 *സ്വന്തം രാജ്യത്ത് ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന കടുത്ത പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ കോംഗോ പൗരന്‍മാരായ ക്രൈസ്തവര്‍ക്കു വര്‍ക്ക് പെര്‍മിറ്റോടെ അമേരിക്കയില്‍ തുടരുവാനുള്ള അനുവാദം നല്‍കണമെന്ന ആവശ്യവുമായി സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി അലെജാണ്ട്രോ മയോക്കാസിന് കത്തയച്ചു. ഇവര്‍ക്ക് താല്‍ക്കാലിക സംരക്ഷിത പദവി (ടി.പി.എസ്) നല്‍കണമെന്നാണ് കത്തിലെ ആവശ്യം. സ്വന്തം രാജ്യത്തേക്ക് തിരികെപ്പോകുന്നത് സുരക്ഷിതമല്ലാത്ത പന്ത്രണ്ടിലധികം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നല്‍കുന്നതാണ് ടി.പി.എസ്.
🗞🏵 *റോം ആസ്ഥാനമായുള്ള ബ്രിജിറ്റയിൻ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി മദർ ഫാബിയ കട്ടക്കയം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.* ഈ മാസം പത്തിന് റോമിൽ ആരംഭിച്ച ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. 2016 മുതൽ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനം ചെയ്യുന്ന മദർ ഫാബിയ കണ്ണൂർ അങ്ങാടിക്കടവിലെ പരേതരായ കട്ടക്കയം ചാണ്ടിയുടെയും എലിക്കുട്ടിയുടെയും മകളാണ്. 38 വർഷമായി യൂറോപ്പിലെ ബ്രിജിറ്റയിൻ മഠങ്ങളിലായി സേവനം ചെയ്യുന്ന സിസ്റ്റർ ഫാബിയ, സുപ്പീരിയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്.
🗞🏵 *ഫ്രാൻസിസ് മാർപാപ്പ നവംബറിൽ വടക്കൻ ഇറ്റലിയിലെ അസ്തി പട്ടണം സന്ദർശിക്കും.* മാർപാപ്പായുടെ ബന്ധുവിന്റെ 90-ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനാണ് നവംബർ 19, 20 തീയതികളിൽ അസ്തി സന്ദർശിക്കുന്നത്. ഒത്തിരി സന്ദര്‍ശകരും മറ്റ് തിരക്കുകളും ഉള്ളതിനാല്‍ സാധാരണയായി കുടുംബ സംബന്ധമായ പരിപാടികളില്‍ മാര്‍പാപ്പ പങ്കെടുക്കുന്നത് വളരെ വിരളമാണ്.
🍿🍿🍿🍿🍿🍿🍿🍿🍿🍿🍿
*ഇന്നത്തെ വചനം*
യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്.
എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു.
എന്നില്‍ വിശ്വസിക്കുന്ന വരാരും അന്‌ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു.
എന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല, രക്‌ഷിക്കാനാണ്.
എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്‌കരിക്കുകയും ചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ഞാന്‍ പറഞ്ഞവചനംതന്നെ അന്ത്യദിനത്തില്‍ അവനെ വിധിക്കും.
എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയ ച്ചപിതാവുതന്നെ എനിക്കു കല്‍പന നല്‍കിയിരിക്കുന്നു.
അവിടുത്തെ കല്‍പന നിത്യജീവനാണെന്നു ഞാന്‍ അറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്‍പിച്ചതുപോലെ തന്നെയാണ്.
യോഹന്നാന്‍ 12 : 44-50
🍿🍿🍿🍿🍿🍿🍿🍿🍿🍿🍿
*വചന വിചിന്തനം*
ഈശോയും പിതാവുമായുള്ള ഗാഢ ബന്ധത്തെക്കുറിച്ചാണ് വചനം സംസാരിക്കുന്നത്. ഈ ബന്ധം സ്നേഹത്തിലും അനുസരണത്തിലും അധിഷ്ഠിതമാണ്. പിതാവ് കൽപിച്ചതുതന്നെ പുത്രൻ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് അവിടത്തെ ദൗത്യം (മിഷൻ) പൂർത്തീകരിക്കപ്പെടുന്നത്. പുത്രൻ പിതാവിനെ അനുസരിക്കാതിരുന്നെങ്കിൽ ലോകരക്ഷ സാധ്യമാകുമായിരുന്നില്ല. ഈ അനുസരണത്തിൻ്റെയും വിധേയത്വത്തിൻ്റെയും കൂട്ടായ്മയുടെയും ചൈതന്യം സഭയിലും നിലനിന്നെങ്കിൽ മാത്രമേ സഭയ്ക്ക് രക്ഷകൻ്റെ മിഷനോട് സഹകരിക്കാൻ സാധിക്കുകയുള്ളൂ. ലോക രക്ഷയ്ക്കായി പ്രവർത്തിക്കുവാനുള്ള സഭാംഗങ്ങളുടെ കടമയെക്കുറിച്ച് നമുക്ക് ബോധ്യമുള്ളവരായിരിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*