ഭാരതത്തിന്റെ ശ്ലീഹയാണ് മാര്‍ത്തോമ. വിസ്തൃതമായ ഈ ഭൂപ്രദേശത്ത് അദ്ദേഹം രണ്ടുതവണ പ്രേഷിതയാത്ര നടത്തി ഭാരതത്തില്‍ ആദ്യമായി സുവിശേഷദീപം കൊളുത്തി. എന്നാല്‍ ചരിത്രത്തിന്റെ ഗതിവിഗതിയില്‍ തോമായുടെ മക്കള്‍ക്ക് സ്വന്തം മണ്ണില്‍ പ്രേഷിതാവകാശം നിഷേധിക്കപ്പെട്ടു. വൈകിലഭിച്ച നീതിയായി, 2017 ല്‍ സീറോമലബാര്‍ സഭയ്ക്ക് ഭാരതം മുഴുവനും പ്രേഷിത സ്വതന്ത്ര്യം നല്‍കിക്കൊണ്ട് രൂപീകരിക്കപ്പെട്ട ഷംഷാബാദ് രൂപതയിലേക്ക് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഈ തോമാവര്‍ഷത്തില്‍ മറ്റൊരു തോമ നിയുക്തനായിരിക്കുകയാണ്. പരിചയപ്പെടുന്നവര്‍ക്കെല്ലാം പ്രിയങ്കരനായ മാര്‍ തോമസ് പാടിയത്ത്. ഗ്രന്ഥകാരനും പ്രബോധകനുമായ അദ്ദേഹംതന്നെ ഒരു തുറന്ന പുസ്തകമാണ്.
ആ പുസ്തകം നമുക്കൊന്ന് വായിച്ചാലോ…

വിശ്വാസവഴികളിലൂടെ

ചങ്ങനാശേരി അതിരൂപതയിലെ വെട്ടിമുകള്‍ സെന്റ് മേരീസ് ഇടവകയില്‍ പാടിയത്ത് ചാക്കോ ഏലിയാമ്മ ദമ്പതികളുടെ ആറ് മക്കളില്‍ ഏറ്റവും ഇളയവനായി 1969 ജനുവരി 14 ന് ജനിച്ച ടോമിച്ചന്‍ കുറിച്ചി, ആലുവ
സെമിനാരികളിലെ പരിശീലനത്തിനുശേഷം 1994 ഡിസംബര്‍ 29 ന് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായുടെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ച് ഫാ. തോമസ് പാടിയത്ത് ആയി മാറി. അതിരമ്പുഴ ഫൊറോനപള്ളിയില്‍ അസി. വികാരിയായി ആരംഭിച്ച അദ്ദേഹത്തിന്റെ അജപാലന ശുശ്രുഷ, പവ്വത്തില്‍ പിതാവിന്റെ സെക്രട്ടറി, കുന്നോത്ത് മേജര്‍ സെമിനാരി പ്രൊഫസര്‍, എം. ഒ.സി, മാര്‍ത്തോമാ വിദ്യാനികേതന്‍ എന്നിവയുടെ ഡീന്‍ഓഫ് സ്റ്റഡീസ്, മാരിയോസിന്റെ ഡയറക്ടര്‍
എന്നീ തലങ്ങളിലൂടെ കടന്ന് ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാള്‍ എന്ന തലത്തിലെത്തി നില്‍ക്കുമ്പോഴാണ് പൗരോഹിത്യ പൂര്‍ണതയുടെ ദൈവനിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. വിശ്വാസവഴികളിലൂടെ ജീവിത പൂര്‍ണതയിലേക്ക് എത്തിച്ചേരാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് നമുക്ക്
പ്രാര്‍ത്ഥിക്കാം.

പ്രബോധകന്റെ വഴിയിലൂടെ

വായനയും പഠനവും ജീവിതചര്യയാക്കിയ വ്യക്തിയാണ് പാടിയത്ത് പിതാവ്. ബെല്‍ജിയത്തിലെ ലുവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ പിഎച്ച്ഡിയും തിയോളജിയില്‍ ലൈസന്‍ഷിയേറ്റും അദ്ദേഹം
കരസ്ഥമാക്കി. എത്ര തിരക്കുകള്‍ക്കിടയിലും അധ്യാപകനാകാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നു. സീറോ മലബാര്‍ സഭയിലെ ധാരാളം വൈദികരും സന്യസ്തരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ ഉള്‍പ്പെടുന്നവരാണ്. നലം തികഞ്ഞ ഒരദ്ധ്യാപകനായിരിക്കുമ്പോഴും ഒരു വിദ്യാര്‍ത്ഥിയായിരിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. പുതിയ പുതിയ കാര്യങ്ങള്‍ ഗ്രഹിക്കാനും ആഴത്തില്‍ മനസിലാക്കാനുമുള്ള അദ്ദേഹത്തിന്റെ സന്നദ്ധത എത്രയെത്ര ഉയരങ്ങളിലെത്തിയാലും അദ്ദേഹത്തെ ഒരു വിദ്യാര്‍ത്ഥിയായി തന്നെ നിലനിര്‍ത്തും. അദ്ദേഹത്തിന്റെ വൈജ്ഞാനിക സാധനയുടെ പ്രത്യക്ഷമായ അടയാളങ്ങളാണ് അദ്ദേഹം രചിച്ചതും എഡിറ്റ് ചെയ്തതു
മായ നിരവധി പുസ്തകങ്ങള്‍.

ദൈവാരാധന സഭയോടൊത്ത്

സഭയോടൊത്തു പ്രാര്‍ത്ഥിക്കുന്നതിലും ആരാധനാക്രമാധിഷ്ഠിതമായ ആദ്ധ്യാത്മികത പുലര്‍ത്തുന്നതിലും പാടിയത്ത് പിതാവ് ബദ്ധശ്രദ്ധനാണ്. എല്ലാ തിരക്കുകള്‍ക്കിടയിലും യാമപ്രാര്‍ത്ഥനകള്‍ക്ക് അദ്ദേഹം
സമയം കണ്ടെത്തുന്നു. ആത്മീയ ഒരുക്കത്തോടെയുള്ള ബലിയര്‍പ്പണവും ദൈവസന്നിധിയില്‍ സമയം ചെലവഴിച്ചുള്ള വ്യക്തിഗത പ്രാര്‍ത്ഥനയും ആഴമായ ദൈവാശ്രയ ബോധവുംവഴി അദ്ദേഹം നിരന്തരം പ്രാര്‍ത്ഥനയുടെ ആഴങ്ങള്‍ തേടുകയും ആത്മീയതയുടെ സോപനങ്ങള്‍ ചവിട്ടിക്കയറുകയും ചെയ്യുന്നു.

The Metaphysics of Becoming on the Relationship

ദൈവത്തോടു മാത്രമല്ല മനുഷ്യരോടും ഊഷ്മളവും ഹൃദ്യവുമായ ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പാടിയത്ത് പിതാവ്. ബന്ധങ്ങളിലൂടെ എല്ലാവര്‍ക്കും സ്വന്തമായിത്തീരാന്‍ അദ്ദേഹത്തിന് അതിഭൗതികമായ
കഴിവുണ്ടോ എന്ന് പലപ്പോഴും അതിശയിച്ചു പോകാറുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ അനേകം പേരുണ്ടെങ്കിലും അവരുമായെല്ലാം വ്യക്തിബന്ധം പുലര്‍ത്താനും അത് നിലനിര്‍ത്താനും അദ്ദേഹത്തിന് എല്ലാ തിര
ക്കുകള്‍ക്കിടയിലും സാധിക്കുന്നുണ്ട് എന്നത് ആശ്ചര്യജനകമാണ്. സഹവൈദികരോടും സഹപ്രവര്‍ത്തകരോടും മുന്‍കാല ഇടവകാംഗങ്ങളോടും സ്വന്തം സഹോദരങ്ങളോടും അവരുടെ മക്കളോടും കുടുംബാംഗങ്ങളോടു
മെല്ലാം അദ്ദേഹം ആഴമായ സ്‌നേഹബന്ധം പുലര്‍ത്തിപ്പോരുന്നു.

സേവനനിരതയായ സഭ

പാടിയത്തു പിതാവ് രചിച്ച ഒരു പുസ്തകത്തിന്റെ പേരാണ് ‘സേവനനിരതയായ സഭ’.
ആ പുസ്തകം കാണുമ്പോഴൊക്കെ പാടിയത്തു പിതാവിനെതന്നെയാണ് ഓര്‍മ വരുന്നത്. കാരണം നിരന്തരം തന്റെ ശുശ്രൂഷകളില്‍ നിശബ്ദനായി വ്യാപൃതനായിക്കൊണ്ട് അദ്ദേഹം സ്വയം സേവനനിരതയായ സഭയുടെ മുഖമായി മാറുന്നു. പ്രഭാതത്തില്‍ 4 ന് ആരംഭിച്ച് ഉച്ചമയക്കം പോലുമില്ലാതെ രാത്രി 11 വരെ നീളുന്ന കഠിനാദ്ധ്വാനത്തെ ആത്മസമര്‍പ്പണം എന്നുതന്നെ വിശേഷിപ്പിക്കണം. വികാരി ജനറാളിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലും അധ്യയനത്തിനും പുസ്തകരചനയ്ക്കുമൊക്കെ അദ്ദേഹം സമയം കണ്ടെത്തുന്നു. അതിരൂപതാ പഞ്ചവല്‍സര പദ്ധതി
യുടെ നാല് പഠനഗ്രന്ഥങ്ങള്‍, പൗവത്തില്‍ പിതാവിന്റെ സമ്പൂര്‍ണ കൃതികള്‍ തുടങ്ങിയവ അദ്ദേഹം ഈ കാലഘട്ടത്തില്‍ എഡിറ്റ് ചെയ്തവയാണ്. കൂടാതെ സ്വന്തമായി പുസ്തകങ്ങള്‍ രചിക്കാനും പൗവത്തില്‍ പിതാവിന്റെ മെത്രാഭിഷേക സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് ഒരു അന്താരാഷ്ട്ര ദൈവശാസ്ത്ര സിമ്പോസിയം ക്രമീകരിക്കാനും അദ്ദേഹത്തിന് ഈ കാലയളവില്‍ സാധിച്ചു.

ജീവിതം സഭയോടൊത്ത്

ആഴമേറിയ സഭാസ്‌നേഹവും സഭാത്മക കാഴ്ചപ്പാടുകളും പുലര്‍ത്തുന്ന വ്യക്തിയാണ് പാടിയത്ത് പിതാവ്. പൗവ്വത്തില്‍ പിതാവിന്റെ സെക്രട്ടറിയെന്ന നിലയിലുള്ള ശുശൂഷ അദ്ദേഹത്തില്‍ പിതാവിന്റെ കാഴ്ചപ്പാടുകള്‍
ശക്തമായി സ്വാധീനിക്കാന്‍ ഇടയാക്കി. പൗവ്വത്തില്‍ പിതാവിന്റെ ഹൃദയം സ്വന്തമാക്കിയ
വ്യക്തിയെന്നു വേണമെങ്കില്‍ പാടിയത്ത് പിതാവിനെ വിശേഷിപ്പിക്കാം. കാരണം അത്രയധികം ആഴമേറിയതാണ് അദ്ദേഹത്തിന്റെ സഭാസ്‌നേഹം . അദ്ദേഹം വൈദികര്‍, വൈദിക വിദ്യാര്‍ത്ഥികള്‍, സന്യസ്തര്‍ എന്നിവര്‍ക്ക്
സഭാത്മകബോധ്യങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ ക്ലാസുകളിലൂടെയും സെമിനാറുകളിലൂടെയും പരിശീലന പരിപാടികളിലൂടെയും നിരന്തരം ശ്രമിച്ചിരുന്നു.

വചനം ജീവിത വെളിച്ചം

വചനബന്ധിയും വചനഗന്ധിയുമായി ജീവിക്കുന്ന പുരോഹിതനാണ് പാടിയത്ത് പിതാവ്. ആത്മാര്‍ത്ഥത, സത്യസന്ധത, ലാളിത്യം, ശാന്തത, സൗമ്യത എന്നിവയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. വാക്കും പ്രവര്‍ത്തിയും ഒരുമിച്ച് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നു. ആഡംബരങ്ങളോ ആര്‍ഭാടങ്ങളോ തലക്കനമോ ആകുലതകളോ ബഹളങ്ങളോ ഇല്ലാതെ ഏവരെയും ഹൃദ്യതയോടെ സ്വീകരിച്ചുകൊണ്ടും എല്ലാ പ്രതിസന്ധിക
ളെയും പുഞ്ചിരിയോടെ നേരിട്ടുകൊണ്ടും അധികാരികള്‍ക്ക് വിധേയനായി സഭയുടെ പ്രിയപുത്രനായി, മിശിഹായുടെ ഉത്തമശിഷ്യനായി ജീവിക്കുന്ന അദ്ദേഹത്തിന് മാര്‍ത്തോമാശ്ലീഹായുടെ ചൈതന്യമുള്‍ക്കൊണ്ടു
കൊണ്ട്, കര്‍ത്താവിനെ അറിയാത്തവരുടെ ഇടയില്‍ ഉത്തമ പ്രേഷിതനായിത്തീരാന്‍ ഇടയാകട്ടെ. സത്യദര്‍ശനത്തിന്റെ പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു.