🗞🏵 *അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കലിനായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി സർക്കാർ.* സാമൂഹികാഘാത പഠനവും അതിരടയാള കല്ലിടലും പുനരാരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.

🗞🏵 *റെയില്‍വേയില്‍ ജോലി നല്‍കാന്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസില്‍ മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.* യു.പി.എ ഭരണത്തില്‍ ലാലു റെയില്‍വേ മന്ത്രിയായിരുന്ന സമയത്തെ കേസിലാണ് കുറ്റപത്രം. ജോലിക്ക് ഭൂമി എന്ന അറിയിപ്പെട്ടിരുന്ന നിയമന അഴിമതി കേസില്‍ ലാലുവിന്റെ കുടംബാംഗങ്ങളടക്കമുള്ളവര്‍ പ്രതികളാണ്.

🗞🏵 *ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക.* ഇന്ത്യയിൽ കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനവും വർധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയിലേയ്ക്ക് യാത്രചെയ്യുന്നവർ തങ്ങളുടെ സുരക്ഷയെ കുറിച്ച് അതീവ ബോധവാന്മാരായിരിക്കണമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പുതിയ ട്രാവല്‍ അഡൈ്വസറിയില്‍ പറയുന്നു.

🗞🏵 *രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ അല്ലെങ്കിൽ ഇ-രൂപ വൈകാതെ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്.* ഇതുമായി ബന്ധപ്പെട്ട കൺസപ്റ്റ് നോട്ട് ആർബിഐ പുറത്തുവിട്ടു. ഡിജിറ്റൽ കറൻസിയെക്കുറിച്ചും ഇ–രൂപയുടെ ഉപയോഗങ്ങളും നേട്ടങ്ങളെക്കുറിച്ചും ആർബിഐ പുറത്തുവിട്ട കുറിപ്പിൽ പറയുന്നുണ്ട്. ഉപയോഗിക്കുന്ന രീതി, സങ്കേതിക വിദ്യ, പ്രവർത്തനം, ഡിജിറ്റൽ രൂപയുടെ ഡിസൈൻ എന്നിവയെക്കുറിച്ച് കൺസപ്റ്റ് നോട്ടിൽ വ്യക്തമാക്കുന്നുണ്ട്
 
🗞🏵 *നാലാം വ്യവസായ വിപ്ലവം നയിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.* പുത്തന്‍ ആശയങ്ങളോടൊപ്പം പുതിയ സാങ്കേതികവിദ്യകളും കൂടി ചേർന്നതായിരിക്കും നാലാം വ്യവസായ വിപ്ലവം. അതോടെ ലോകത്തിലെ തന്നെ പ്രധാന നിര്‍മ്മാണകേന്ദ്രമായി മാറാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ വെച്ചു നടന്ന ‘ഇന്‍ഡസ്ട്രി 4.0’ സമ്മേളനത്തിലായിരുന്നു മോദിയുടെ പ്രസംഗം.

🗞🏵 *കഴിഞ്ഞ 9 മാസത്തിനിടെ അഞ്ച് മത്സ്യത്തൊഴിലാളികളുള്‍പ്പെടെ ആറ് ഇന്ത്യന്‍ തടവുകാര്‍ പാകിസ്താന്‍ കസ്റ്റഡിയില്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയം.* കസ്റ്റഡിയില്‍ മരണപ്പെട്ട തൊഴിലാളികള്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരാണെന്നും അവരെ നിയമവിരുദ്ധമായി തടങ്കലിലാക്കിയതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
 
🗞🏵 *വനിതകളുടെ പ്രക്ഷോഭം നടക്കുന്ന ഇറാനിൽ നിക ഷകരാമി (17) എന്ന പെൺകുട്ടിയുടെ മരണം വിവാദമായി പടരുന്നു.* കെട്ടിടത്തിനു മുകളിൽ നിന്ന് വീണാണ് നിക മരിച്ചതെന്ന് സർക്കാർ വിശദീകരിക്കുമ്പോൾ പൊലീസ് തലയ്ക്കു പിന്നിൽ അടിച്ചു പരുക്കേൽപ്പിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെന്ന് മാതാവ് നസ്റീൻ ആരോപിച്ചു. ഇറാനിൽ അടിച്ചമർത്തലിനെതിരെ പോരാടുന്ന വനിതകളുടെ പുതിയ ബിംബമായി നിക വളർന്നുകഴിഞ്ഞു. സമരത്തിൽ പങ്കാളിയായ നികയെ കഴിഞ്ഞ 20 മുതൽ കാണാതായെന്നും 10 ദിവസത്തിനു ശേഷം മൃതദേഹം പൊലീസ് കൈമാറുകയാണ് ചെയ്തതെന്നും മാതാവ് പറഞ്ഞു. 

🗞🏵 *ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്നലെ 20 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്.* നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 2546 പേരെ ചെയ്തവെന്നും പോലീസ് അറിയിച്ചു. ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
 
🗞🏵 *തി​രു​വ​ന​ന്ത​പു​രത്ത് ത​ല​സ്ഥാ​ന​ത്ത് 25 പേ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു.* വി​ള​വൂ​ർ​ക്ക​ലി​ലാ​ണ് വി​ദ്യാ​ർ​ത്ഥിക​ള​ട​ക്കം 25 പേ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ഈ​ഴ​ക്കോ​ട്, പെ​രി​കാ​വ് പ​ഴ​വീ​ട്, നാ​ലാം ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് തെ​രു​വു ​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

🗞🏵 *കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ.* നോർവ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🗞🏵 *വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റില്‍.* ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനിടെ 19 തവണ ഡ്രൈവര്‍ ജോമോന്‍ വേഗപരിധി ലംഘിച്ചതായി പാലക്കാട് എസ്.പി ആര്‍ വിശ്വനാഥ് അറിയിച്ചു.

🗞🏵 *സീറ്റിൽ എഴുന്നേറ്റ് നിന്ന് ഡാൻസ് ചെയ്തുകൊണ്ട് ബസോടിക്കുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വീഡിയോ പുറത്തുവന്നിരുന്നു.* അത് താൻ തന്നെയാണെന്ന് വടക്കഞ്ചേരി അപകടത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോമോന്‍. നേരത്തെ മറ്റൊരു ബസ് ഓടിച്ചപ്പോള്‍ വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങളാണ് ഇതെന്ന് ജോമോൻ പൊലീസിനോട് സമ്മതിച്ചു.ബസിൽ ഉയർന്ന ശബ്ദത്തിൽ കേൾക്കുന്ന പാട്ടിനൊപ്പം ഡാൻസ് ചെയ്യുകയാണ് ഡ്രൈവർ. ഡ്രൈവറുടെ നിയന്ത്രണത്തിലല്ല ബസ് പോകുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

🗞🏵 *കേരളത്തില്‍ റോഡപകട മരണങ്ങള്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്.* സംസ്ഥാനത്ത് കഴിഞ്ഞ 6 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 26,407 പേരെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ആകെ 2,49 231 റോഡപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ വര്‍ഷം ആഗസ്റ്റ് വരെ റോഡപകടങ്ങളില്‍ മരിച്ചത് 2838 പേരാണ്. എട്ട് മാസത്തിനിടെ 28876 അപകടങ്ങളില്‍ 32314 പേര്‍ക്ക് പരുക്കേറ്റു.

🗞🏵 *വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു.* കൊല്ലം ചടയമംഗലത്താണ് സംഭവം. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.
 
🗞🏵 *യുവതിയേയും  മകനേയും
ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി. കൊല്ലം തഴുത്തലയിലാണ് സംഭവം.* തഴുത്തല സ്വദേശിനി ആദിത്യ, അഞ്ചു വയസ്സുകാരനായ മകന്‍ എന്നിവരെയാണ് വീട്ടുകാര്‍ പുറത്താക്കിയത്. വീടിന്റെ സിറ്റൗട്ടിലാണ് അമ്മയും മകനും രാത്രിയില്‍ കഴിഞ്ഞത്. സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന പീഡനത്തിന്റെ തുടര്‍ച്ചയായാണ് വീട്ടില്‍നിന്ന് ഇറക്കവിട്ടതെന്ന് ആദിത്യയുടെ അമ്മ അതുല്യ പറഞ്ഞു.

🗞🏵 *പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.* കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തു സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു.

🗞🏵 *120 കോടി രൂപ വിലമതിക്കുന്ന 60 കിലോഗ്രാം ലഹരിമരുന്നുമായി എയർ ഇന്ത്യ മുൻ പൈലറ്റ് അടക്കം 6 പേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു.*  എൻസിബി മുംബൈ യൂണിറ്റ് ഗുജറാത്തിലെ ജാംനഗറിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ 10 കിലോഗ്രാം ലഹരിമരുന്നു പിടിച്ചെടുത്തിരുന്നു. അവിടെനിന്ന് ഒരാളെയും മുംബൈയിൽനിന്നു 3 പേരെയും അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ ഛത്രപതി ശിവാജി ടെർമിനസിന് സമീപത്തുള്ള ഗോഡൗണിൽനിന്ന് 50 കിലോ ലഹരിമരുന്നു കൂടി കണ്ടെത്തിയതിനൊപ്പം 2 പേരെക്കൂടി അറസ്റ്റ് ചെയ്തു. 

 🗞🏵 *155 കിലോ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ടു പേർ പിടിയിൽ.* കണ്ണൂർ സ്വദേശികൾ ആയ ഹർഷദ്, മുഹമ്മദ് റാഹിൽ എന്നിവർ ആണ് അറസ്റ്റിലായത്.മീൻ വണ്ടിയുടെ മറവിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. ചില്ലറ വിപണന രംഗത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

🗞🏵 *കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വര്‍ണം പോലീസ് പിടികൂടി.* സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്നും ദുബായ് വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് പിടിയിലായത്.

🗞🏵 *രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍.* ചാവക്കാട് പുന്ന സ്വദേശി ഫിറോസിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ചാവക്കാട് ആണ് സംഭവം. പുന്നയൂര്‍കുളം ക്രിയേറ്റീവ് ആംബുലന്‍സിന് നേരെ ഹര്‍ത്താല്‍ ദിനത്തിലായിരുന്നു കല്ലേറ് നടന്നത്.

🗞🏵 *കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍.* കോഴിക്കോട് പയ്യാനക്കൽ സ്വദേശി ചാമുണ്ടി വളപ്പിൽ ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പൊലീസ് കണ്ടെടുത്തു.

🗞🏵 *കൊച്ചി പുറം കടലില്‍ പിടികൂടിയ ലഹരി കടത്തിയത് പാക്ക് ലഹരി മാഫിയയ്ക്കു വേണ്ടിയെന്നു വെളിപ്പെടുത്തല്‍.* അഫ്ഗാനിസ്ഥാനില്‍നിന്നാണ് ഹെറോയിന്‍ എത്തിച്ചതെന്നും പിടിയിലായവര്‍ എന്‍സിബിക്കു മൊഴി നല്‍കി. ഇവര്‍ വെറും കാരിയര്‍മാര്‍ മാത്രമാണ് എന്നാണ് അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുള്ളത്. 63 വയസുവരെ പ്രായമുള്ള ഇറാനിയന്‍ പൗരന്‍മാരാണു പിടിയിലായത്.

🗞🏵 *പെരിന്തൽമണ്ണയിൽ മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 156 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.* 78 പൊതികളിലായി മിനി പിക്കപ്പ് ലോറിയിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കണ്ണൂർ സ്വദേശികളായ കാരാട്ട്കുന്ന് മുഹമ്മദ് റാഹിൽ(22), കൂളംബസാർ ഹർഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്.

🗞🏵 *കൊച്ചിയിൽ ലഹരിമരുന്ന് വേട്ട തുടരന്വേഷണത്തിന് കോസ്റ്റൽ പോലീസ്.* കൊച്ചിയിലെ പുറംകടലിൽ പിടിയിലായ പ്രതികളേയും ഹെറോയിനും എൻ.സി.ബി കോസ്റ്റൽ പോലീസിന് കൈമാറി. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ ആറ് പേരെയാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ കോസ്റ്റൽ പോലീസിന് കൈമാറിയത്.
 
🗞🏵 *കാറില്‍ കടത്തുകയായിരുന്ന 91 എല്‍.എസ്.ഡി സ്റ്റാമ്പും 6.443 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.* കോട്ടയംപൊയില്‍ പത്തായക്കുന്ന് സ്വദേശി കെ. മുഹമ്മദ് ഷാനിലാണ് (29) പൊലീസ് പിടിയിലായത്.

🗞🏵 *പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാർ കെട്ടിയിട്ടു തല്ലിക്കൊന്നു.* ബീഹാറിലെ കാടിഹാർ ജില്ലയിൽ ഹസൻഗൻജിൽ ആണ് സംഭവം. ഹസൻഗഞ്ജ് സ്വദേശി മുഹമ്മദ് സാഗിർ ആണ് മർദനമേറ്റ്‌ മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. ഒമ്പത് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് മുഹമ്മദ് സാഗിറിനെ നാട്ടുകാർ പിടികൂടിയത്.ശേഷം ഇയാളെ മരത്തിൽ കെട്ടിയിട്ട് തല്ലുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഇയാൾ വ്യാഴാഴ്ച രാത്രി മരണപ്പെടുകയായിരുന്നു

🗞🏵 *അമേരിക്കയിലെ ഒക്ലഹോമ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ടൾസ കത്തീഡ്രൽ ദേവാലയത്തിന് നേരെ ആക്രമണം.* കൈയിൽ വാളുമായി എത്തിയ ഒരാൾ ദേവാലയത്തിലെ ഒരു ജീവനക്കാരനെ ആക്രമിക്കുകയും, ദേവാലയം അഗ്നിക്കിരയാക്കാൻ ശ്രമിക്കുകയുമായിരുന്നു. വൈകുന്നേരം നാലുമണിക്ക് ആക്രമണം നടന്ന സമയത്ത് കുട്ടികളും ദേവാലയ പരിസരത്ത് ഉണ്ടായിരുന്നതായി ടൾസയിലെ പോലീസ് മേധാവി വെൻഡൽ ഫ്രാങ്ക്ലിൻ ട്വീറ്റ് ചെയ്തു. അക്രമിയെന്ന് കരുതുന്ന ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

🗞🏵 *ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ആര്‍ട്ട് മ്യൂസിയങ്ങളില്‍ ഒന്നായ വത്തിക്കാന്‍ മ്യൂസിയത്തിലെ രണ്ട് പുരാതന റോമന്‍ അര്‍ദ്ധകായ രൂപങ്ങള്‍ അജ്ഞാതനായ വ്യക്തി മറിച്ചിട്ട് കേടുപാടുകള്‍ വരുത്തി.* ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ദൗര്‍ഭാഗ്യകരമായ ഈ സംഭവം നടന്നത്. മ്യൂസിയം സ്റ്റാഫ് ഇടപെട്ട് തടഞ്ഞു നിര്‍ത്തിയ അക്രമിയെ വത്തിക്കാന്‍ പോലീസെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്‍പതു വയസ്സിനു മുകളില്‍ പ്രായം തോന്നുന്ന വ്യക്തി വളരെ വിചിത്രമായാണ് പെരുമാറിയതെന്നും, അന്വേഷണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുവാന്‍ കഴിയില്ലെന്നും മ്യൂസിയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

🗞🏵 *ആഫ്രിക്കന്‍ രാജ്യങ്ങളായ മാലിയില്‍ നിന്നും, നൈജറില്‍ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിച്ച കത്തോലിക്കാ മിഷ്ണറിമാര്‍ക്ക് സ്പെയിനിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ആദരവ്.* മൂന്നര വര്‍ഷത്തിലധികം ഇസ്ലാമിക തീവ്രവാദികളുടെ തടവില്‍ കഴിഞ്ഞ കൊളംബിയന്‍ സന്യാസിനി സിസ്റ്റര്‍ ഗ്ലോറിയ സെസിലിയ നര്‍വായെസിനേയും, തട്ടിക്കൊണ്ടുപോയി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതനായ ഇറ്റാലിയന്‍ വൈദികന്‍ ഫാ. പിയര്‍ ലൂയിജി മക്കാലിയേയും ബിയാറ്റ പോളിന്‍ ജാരിക്കോട്ട് അവാര്‍ഡ് നല്‍കിയാണ്‌ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് ആദരിച്ചത്.
🍿🍿🍿🍿🍿🍿🍿🍿🍿🍿🍿
*ഇന്നത്തെ വചനം*
അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്‌.
അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ്‌ എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന്‌ എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന്‌ അങ്ങ്‌ എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു.
അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന്‌ ഞാന്‍ അവരിലും അവിടുന്ന്‌ എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ്‌ എന്നെ അയച്ചുവെന്നും അങ്ങ്‌ എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ.
പിതാവേ, ലോകസ്‌ഥാപനത്തിനുമുമ്പ്‌, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ്‌ എനിക്കു മഹത്വം നല്‍കി. അങ്ങ്‌ എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍, ഞാന്‍ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ്‌ അയച്ചതെന്ന്‌ ഇവരും അറിഞ്ഞിരിക്കുന്നു.
അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന്‌ എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത്‌ അറിയിക്കും.
യോഹന്നാന്‍ 17 : 20-26
🍿🍿🍿🍿🍿🍿🍿🍿🍿🍿🍿
*വചന വിചിന്തനം*
പിതാവിനെ ലോകം അറിഞ്ഞിട്ടില്ല. പിതാവിനെ ലോകത്തെ അറിയിക്കുകയാണ് ക്രിസ്തു ശിഷ്യരുടെ കടമ. പിതാവ് നൽകിയ സ്നേഹം ലോകത്തിന് പകർന്നു നൽകാൻ ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നു. പിതാവിൻ്റെ സ്നേഹം ഈശോയിലൂടെ നമ്മൾ അനുഭവിക്കുന്നു. ആ സ്നേഹത്തിൻ്റെ അനുഭവം പകർന്നു നൽകലാണ് മിഷൻ പ്രവർത്തനം. സ്നേഹത്തിലൂടെ പ്രേഷിത ചൈതന്യം ലോകത്തിന് പകരാനുള്ള നമ്മുടെ ക്രിസ്തീയ വിളിയെക്കുറിച്ച് നമുക്ക് ആഴത്തിൽ ധ്യാനിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*