🗞🏵 *രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിക്കാനൊരുങ്ങി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.* പാകിസ്ഥാൻ അതിര്‍ത്തി പ്രദേശമായ അട്ടാരിയില്‍ സ്ഥാപിക്കുന്ന പതാകയുടെ ഉയരം 418 അടി ആയിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന്, പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനെ നിയമിച്ചതായി നാഷണല്‍ ഹൈവേ അതോറിറ്റി വ്യക്തമാക്കി.
🗞🏵 *ഇന്ത്യയുടെ ചൊവ്വാ ദൗത്യം നടത്തിക്കൊണ്ടിരുന്ന മംഗള്‍യാന്‍ ഉപഗ്രഹം ഉപേക്ഷിച്ചതായി ബഹിരാകാശ വകുപ്പ് അറിയിച്ചു.* ഇന്ത്യയിലെ നിരീക്ഷണ കേന്ദ്രവും ഉപഗ്രഹവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതായി ഐഎസ്ആര്‍ഒയാണ് വിവരം നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാനമായി ഉപഗ്രഹവുമായി ബഹിരാകാശ കേന്ദ്രം ബന്ധപ്പെട്ടതെന്നും ഇസ്‌റോ അധികൃതര്‍ അറിയിച്ചു. ഉപഗ്രഹത്തിന്റെ ബാറ്ററികളുടെ കാലാവധി തീര്‍ന്നതോടെ ഇനി ഉപഗ്രഹം പ്രവര്‍ത്തിപ്പിക്കാത്തതിനാലാണ് ഉപേക്ഷിച്ചതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
🗞🏵 *കേരളത്തിൽ നിന്ന് ശാസ്ത്ര ലോകത്തേക്ക് പുതിയ ഒരു മത്സ്യത്തെ കൂടി കണ്ടെത്തി.* കാസർഗോഡുള്ള ഒരു അരുവിയിൽ നിന്നാണ് പുതിയ ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയത്. ഓസ്റ്റിയോകീലികെത്യസ് ഫോർമോസസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഫോർമോസസ് എന്ന ലാറ്റിൻ വാക്കിന് മനോഹരമായത് എന്നാണർത്ഥം. അന്തർദേശീയ ജേർണലായ ബയോസയൻസ് റിസർച്ചിന്റെ പുതിയ ലക്ഷത്തിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
🗞🏵 *എന്‍ഐടി ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചത് അപകടമല്ലെന്ന് പൊലീസ്.* ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ ടെക്നീഷ്യനാണ് അജയകുമാര്‍ ആണ് ഭാര്യ ലിനിയെ കൊലപ്പെടുത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനും പൊള്ളലേറ്റു. മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു.
🗞🏵 *അടുത്ത രണ്ടുവർഷത്തിനകം ഷൊർണൂർ-മംഗളൂരു, തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-പോത്തന്നൂർ പാതകളിലൂടെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടിയോടിക്കുമെന്ന് ദക്ഷിണറെയിൽവേ ജനറൽ മാനേജർ ബി.ജി.* മല്യ.ഇതിനായി റെയിൽപ്പാത ശക്തിപ്പെടുത്തുകയും സിഗ്നൽസംവിധാനം നവീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
🗞🏵 *ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എം.ശിവശങ്കർ സിബിഐക്ക് മുന്നിൽ ഹാജരായി.* ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു.ലൈഫ് മിഷന് ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി പദ്ധതി നടപ്പിലാക്കാന്‍ നിര്‍മാണത്തിന്റെ കരാറെടുത്ത യൂണിടാക്കില്‍നിന്ന് ശിവശങ്കര്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്തു കേസിലെ പ്രതികളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കോഴ വാങ്ങിയെന്നാണു കേസ്.
🗞🏵 *2022-ലെ സാഹിത്യ നൊബേൽ പുരസ്കാരം ഫ്രഞ്ച് സാഹിത്യകാരി ആനി എർണോക്സ് കരസ്ഥമാക്കി.* കൃത്യതയോടെയും ധൈര്യത്തോടെയും വ്യക്തിജീവിതത്തിലെ സ്മരണകൾ കൃതികളിലേക്ക് പകർത്തിയതിനാണ് പുരസ്കാരം.82 വയസുള്ള എർണോക്സ് ലഘുഭാഷയിൽ ആത്മകഥാപരമായ രചനകളാണ് കൂടുതലും പ്രസിദ്ധീകരിച്ചിട്ടുള്ളത്.
🗞🏵 *തെക്കുകിഴക്കൻ യുക്രെയ്നിലെ സാപ്പോറിഷ്യ നഗരത്തിൽ റഷ്യൻ പട്ടാളം നടത്തിയ മിസൈൽ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു.* നിരവധി പേർക്ക് പരിക്കേറ്റതായും റീജി ണൽ ഗവർണർ ഒലെക്സാണ്ടർ സ്റ്റാറൂഖ് പറഞ്ഞു.
ബഹുനിലക്കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഏഴ് ആക്രമണങ്ങളാണ് ഉണ്ടായതെന്നു യുക്രെയ്ൻ വൃത്തങ്ങൾ പ റഞ്ഞു.
🗞🏵 *ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നത് മുൻനിർത്തി അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ വരുത്തും. എൻ.ഡി.പി.എസ് നിയമത്തിലെ 31, 31-എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പുവരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുക, കാപ്പ രജിസ്റ്റർ മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കുക, ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയവ നടപ്പാക്കും
🗞🏵 *കേരളത്തിൽ ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്ന് പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സി ഇ ഒ ആറ്റ്ലെ വിഡർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി.
🗞🏵 *പാലക്കാട് വടക്കഞ്ചേരിയില്‍ വച്ച് അര്‍ദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.* അപകടത്തില്‍ കോടതി സ്വമേധയാ കേസെടുത്തു.ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത്തരത്തിലുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് നിര്‍ദ്ദേശിച്ചു.
🗞🏵 *സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നവംബര്‍ മുതല്‍ 4ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.* നിലവില്‍ 3ജി സേവനം മാത്രമാണ് കമ്പനി നൽകിവരുന്നത്. സ്വകാര്യ കമ്പനികളെല്ലാം 5ജി സേവനങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുന്നത്.
🗞🏵 *മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായി വധഭീഷണി മുഴക്കി ഫോണ്‍ വിളിച്ച യുവാവ് അറസ്റ്റില്‍.* ബിഹാറിലെ ദര്‍ഭംഗയില്‍ നിന്ന് രാകേഷ് കുമാര്‍ മിശ്ര എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പോലീസും ബിഹാര്‍ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
🗞🏵 *ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ വടക്കഞ്ചേരി ബസ് അപടത്തിൽ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.* മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമു രംഗത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണെന്നും, പരുക്കേറ്റവർ അതിവേഗം സുഖംപ്രാപിക്കട്ടെയെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
🗞🏵 *20 വർഷത്തെ ഭവന വായ്പയെടുക്കുന്നവർ 24 വർഷം ഇ.എം.ഐ ആയി അടക്കേണ്ടതായി വരുന്നു.* ആർബിഐയുടെ നിരക്ക് വർദ്ധന വായ്പയെടുക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായി പലിശനിരക്ക് ഉയർത്തുന്നത് ഭവനവായ്പകളുടെ കാലാവധി വർധിപ്പിക്കുന്നതിന് കാരണമായി. 20 വർഷത്തെ ഭവനവായ്പ എടുത്തവർക്ക് 4 വർഷം അധികമായി ലഭിക്കുന്നു. 20 വർഷത്തേക്ക് വായ്പയെടുത്തവർ 24 വർഷം ഇ.എം.ഐ അടയ്‌ക്കേണ്ടതായി വരുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
🗞🏵 *കായികമായി അധ്വാനിച്ചിട്ടാണെങ്കിൽ കൂടി ഭാര്യയ്ക്കും മക്കൾക്കും ഭർത്താവ് ജീവനാംശം നൽകണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി.* ജസ്റ്റിസ് ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ഭാര്യയ്ക്കും മക്കൾക്കും ജീവനാംശം നൽകാൻ തനിക്ക് വരുമാനമില്ലെന്ന് കാണിച്ച് യുവാവ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
🗞🏵 *പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ വിജയദശമി ദിനത്തിൽ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങി മരിച്ചത് 8 പേർ.* നിരവധി പേരെ കാണാതായി. മാൽ നദിയിൽ പെട്ടന്നുണ്ടായ പ്രളയമാണ് നിരവധി പേരുടെ ജീവനെടുത്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പത്തിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക അധികൃതർ അറിയിച്ചു. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണ്.
🗞🏵 *രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ കര്‍ണാടകയില്‍ പുരോഗമിക്കവേ പരിപാടിയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച കോണ്‍ഗ്രസ് ഫ്‌ളക്‌സുകളെ ചൊല്ലി വിവാദം ഉയരുന്നു.* ഫ്‌ളക്‌സുകളില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോയും ഇടം പിടിച്ചതാണ് വിവാദമായിരിക്കുന്നത്.
🗞🏵 *അങ്കമാലിയിലും കുട്ടമശേരിയിലും കൊറിയർ സ്ഥാപനം വഴി ലഹരി വസ്തുവായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പൊലീസ് പിടിയിൽ.* ആലങ്ങാട് തിരുവാലൂർ ഞാറ്റപ്പാടത്ത് പുത്തൻപുരയിൽ മുഹമ്മദ് അഫ്സൽ (25), നെടുമ്പാശേരി അത്താണി പേരിക്കാട്ടിൽ വിഷ്ണു (24) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്.
🗞🏵 *ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് ഫലം കാണുന്നു.* സെപ്തംബർ 16 മുതൽ ഒക്ടോബർ അഞ്ച് വരെയുള്ള 20 ദിവസങ്ങൾക്കുള്ളിൽ ലഹരി ഉപയോഗം,വിതരണം എന്നിവയുമായി ബന്ധപ്പെട്ട് 581 കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളിലുൾപ്പെട്ട 593 പ്രതികളാണ് അറസ്റ്റിലായത്.
🗞🏵 *80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി പിടിയില്‍.* മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാള്‍ ഡി.ആർ.ഐയുടെ പിടിയിലായത്. ട്രോളി ബാഗിൽ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് പിടിച്ചെടുത്തത്.
🗞🏵 *കണ്ണൂരിൽ ദേശീയപാതയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന് പിടികൂടി. തോട്ടടയില്‍ ആണ് എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും പിടികൂടിയത്.* കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി ഉമ നിവാസിൽ മുഹമ്മദ് ഷാനിൽ ആണ് പിടിയിലായത്.
🗞🏵 *പാലക്കാട് കൊടുന്തിരപ്പുള്ളിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി.* കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഹക്കീമിനെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് പാലക്കാട് നഗരത്തിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു
🗞🏵 *അയല്‍വാസിയായ റിട്ടയേര്‍ഡ് ടീച്ചറിൻ്റെ ഹാന്‍ഡ് ബാഗില്‍ നിന്നും എടിഎം കാര്‍ഡും പിന്‍ നമ്പര്‍ എഴുതി വച്ച കടലാസും മോഷ്ടിച്ച് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍.* കാസര്‍ഗോഡ് ഹൊസങ്ങാടി ദേശത്ത് സമീറ മന്‍സിലില്‍ അബ്ദുള്‍ റഹ്മാന്‍ ഭാര്യ സമീറ (31 വയസ്സ്), വടൂക്കര എസ്.എന്‍. നഗര്‍ കളപ്പുരയില്‍ വീട്ടില്‍ മുഹമ്മദ് സലീം ഭാര്യ ഷാജിത (36 വയസ്സ്) എന്നിവരെ നെടുപുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
🗞🏵 *19കാരിയായ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി.* പോത്തന്‍കോട് സ്വദേശിനിയായ സുആദ(19)യെയാണ് കാണാതായത്. ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. ബന്ധുക്കള്‍ പോത്തന്‍കോട് പോലീസിനും റൂറല്‍ എസ്പിയ്ക്കും പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല.
🗞🏵 *തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്നു ക്രൈസ്തവരെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി.* നാക്കാല ബിഷപ്പ് ആല്‍ബെര്‍ട്ടോ വേരാ അരെജൂലായേ ഉദ്ധരിച്ചുക്കൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) ആണ് ഇന്നലെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 6ന് എണ്‍പത്തിനാലു വയസ്സു പ്രായമുള്ള ഇറ്റാലിയന്‍ കന്യാസ്ത്രീ അരുംകൊല ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് മൂന്ന്‍ ക്രൈസ്തവര്‍ കൂടി അതിദാരുണമായി കൊല്ലപ്പെട്ടത്.
🗞🏵 *1973ൽ റോ വെസ് വേഡ് കേസിൽ കോടതി ഭ്രൂണഹത്യയ്ക്ക് അനുകൂലമായി നടത്തിയ വിധി അസാധുവാണെന്ന് അമേരിക്കൻ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ട് 100 ദിവസങ്ങൾ.* ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ചരിത്രം കുറിച്ച വിധിയ്ക്കു 100 ദിവസങ്ങള്‍ തികഞ്ഞത്. വിധിയില്‍ അമേരിക്കന്‍ മെത്രാന്‍ സമിതി വീണ്ടും സന്തോഷം പ്രകടിപ്പിച്ചപ്പോള്‍, എതിര്‍ത്തുക്കൊണ്ടായിരിന്നു പ്രസിഡന്‍റ് ബൈഡന്റെ പ്രതികരണം.
🗞🏵 *ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പതിവായ മധ്യപ്രദേശിലെ ഖണ്ഡ്വ മേഖലയില്‍ ഗോത്രവര്‍ഗ്ഗക്കാരെ മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ട് ഹിന്ദുത്വവാദികള്‍ ക്രൈസ്തവ യുവജന സംഗമം തടസ്സപ്പെടുത്തി.* ഏതാണ്ട് ഇരുന്നൂറോളം യുവജനങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് ഒക്ടോബര്‍ 3 മുതല്‍ 5 വരെ നടത്തുവാനിരുന്ന യുവജന സംഗമം ദസറ ആഘോഷത്തിന്റെ പേരില്‍ ഹിന്ദുത്വവാദികളുടെ ഭീഷണിമൂലം റദ്ദാക്കുവാന്‍ നിര്‍ബന്ധിതരായെന്ന്‍ ഖണ്ഡ്വ രൂപതയുടെ പബ്ലിക് റിലേഷന്‍ ഓഫീസറായ ഫാ. ജയന്‍ അലക്സ് പറഞ്ഞു.
🗞🏵 *നവംബർ മൂന്ന് മുതൽ ആറുവരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പുറത്തുവിട്ടു.* വിശുദ്ധ ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം പതിനാലാം വാക്യത്തെ കേന്ദ്രമാക്കി “ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം” എന്നതാണ് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആപ്തവാക്യം. യേശുവിന്റെ ജനനത്തിൽ മാലാഖമാർ ആലപിച്ച ഗീതത്തിൽനിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് സമാധാനത്തിനായുള്ള ആഹ്വാനം ഉൾക്കൊള്ളുന്ന ഈ യാത്രയുടെ ആപ്തവാക്യം
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
*ഇന്നത്തെ വചനം*
ഞാന്‍ അവര്‍ക്കുവേണ്ടിയാണുപ്രാര്‍ഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കു വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്.
അങ്ങേക്കുള്ളതെല്ലാം എന്റേതും. ഞാന്‍ അവരില്‍ മഹത്വപ്പെട്ടിരിക്കുന്നു.
ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍, അവര്‍ ലോകത്തിലാണ്. ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു. പരിശുദ്‌ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!
ഞാന്‍ അവരോടുകൂടെയായിരുന്നപ്പോള്‍, അങ്ങ് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ ഞാന്‍ അവരെ സംരക്‌ഷിച്ചു; ഞാന്‍ അവരെ കാത്തുസൂക്‌ഷിച്ചു. വിശുദ്‌ധലിഖിതം പൂര്‍ത്തിയാകാന്‍വേണ്ടി നാശത്തിന്റെ പുത്രനല്ലാതെ അവരില്‍ ആരും നഷ്‌ടപ്പെട്ടിട്ടില്ല.
എന്നാല്‍, ഇപ്പോള്‍ ഇതാ, ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു. ഇതെല്ലാം ലോകത്തില്‍വച്ചു ഞാന്‍ സംസാരിക്കുന്നത് എന്റെ സന്തോഷം അതിന്റെ പൂര്‍ണ തയില്‍ അവര്‍ക്കുണ്ടാകേണ്ടതിനാണ്.
അവിടുത്തെ വചനം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. എന്നാല്‍, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാല്‍, ഞാന്‍ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല.
ലോകത്തില്‍നിന്ന് അവരെ അവിടുന്ന് എടുക്കണം എന്നല്ല, ദുഷ്‌ടനില്‍നിന്ന് അവരെ കാത്തുകൊള്ളണം എന്നാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്.
ഞാന്‍ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല.
അവരെ അങ്ങ് സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം.
അങ്ങ് എന്നെ ലോകത്തിലേക്കയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു.
അവരും സത്യത്താല്‍ വിശുദ്‌ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
യോഹന്നാന്‍ 17 : 9-19
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
*വചന വിചിന്തനം*
ശിഷ്യന്മാർക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഈശോ; അവരും ഒന്നായിരിക്കുന്നതിനും അവരുടെ സന്തോഷം പൂർണമാകുന്നതിനും അവർ ദുഷ്ടനിൽ നന്ന് സംരക്ഷിക്കപ്പെടുന്നതിനും അവർ സത്യത്താൽ വിശുദ്ധീകരിക്കപ്പെടുന്നതിനും വേണ്ടി ഈശോ പ്രാർത്ഥിക്കുന്നു. കൂട്ടായ്മ, ദൈവിക സന്തോഷം, തിൻമയിൽ നിന്നുള്ള അകൽച്ച, ജീവിത വിശുദ്ധീകരണം എന്നിവ വിശ്വാസി സമൂഹത്തിൽ നിന്ന് ഈശോ ആഗ്രഹിക്കുന്നു. അവിടുത്തെ ആഗ്രഹം നമ്മിലൂടെ സാധിതമാക്കാൻ നമുക്ക് സാധിക്കുമോ
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*