ബിജെപി പ്രാദേശിക നേതാവായ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ (46) കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇയാളുടെ സുഹൃത്തും ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയുമായ മുത്തുകുമാര്‍ ആണ് കേസിലെ മുഖ്യപ്രതി. ഭാര്യയുമായി ബിന്ദുകുമാറിന് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അരുംകൊല എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുത്തുകുമാറിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. അക്കൗണ്ടില്‍ പണം അയച്ച ശേഷം ബിന്ദുമോന് കൂടി നല്‍കാന്‍ പറഞ്ഞിരുന്നു. ഇതും സംശയം കൂടാന്‍ കാരണമായി. വളരെ ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്താന്‍ സുഹൃത്തുക്കളായ മാങ്ങാനം സ്വദേശി വിബിന്‍ ബൈജു, ബിനോയ് മാത്യു എന്നിവരും മുത്തുകുമാറിനെ സഹായിച്ചിരുന്നു.

കഴിഞ്ഞമാസം ഇരുപത്തിയാറിന് പ്രതികള്‍ ബിന്ദുമോനെ മുത്തുകുമാര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മദ്യം നല്‍കിയ ശേഷം മൂവരും ഇയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ശേഷം അടുക്കളയ്ക്ക് പിന്നിലെ ഷെഡില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.