ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവൃത്തി ദിവസം ആക്കുവാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് സി വൈ എം മുഖ്യ രക്ഷാധികാരി തോമസ് സി കുറ്റിശ്ശേരിൽ. ഞായറാഴ്ചകൾ പ്രവൃത്തി ദിനമാക്കുന്നത് ക്രൈസ്തവരായ ആൾക്കാരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്തവ ദേവാലയങ്ങളില്‍ ആരാധന ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഞായറാഴ്ചയാണ്. ക്രൈസ്തവര്‍ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവൃത്തി ദിവസമാക്കുവാനുള്ള പ്രവണത അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഇത് ഭരണഘടന അനുവദിച്ചു തരുന്ന മത സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.

‘പൊതു അവധി ദിവസം പ്രവൃത്തി ദിനമാക്കുന്നത് ഒട്ടും ഭൂഷണമല്ല. ക്രൈസ്തവരായ വർക്ക് വി.കുർബ്ബാനയും, സൺഡേ ക്ലാസുകളും , മറ്റ് മതപരമായ ചടങ്ങുകളും ഉള്ള ദിവസമാണ് ഞായറാഴ്ച. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ ഞായറാഴ്ച പ്രവൃത്തി ദിവസമാക്കിയതായി അറിവില്ല. ഞായറാഴ്ച ദിവസം നിർബന്ധിതമായി പ്രവൃത്തി ദിനമാക്കുന്നത് ക്രൈസ്തവ സമൂഹം മുഴുവനോടുമുള്ള അവഹേളനമായി കാണേണ്ടിവരും. കേരള ഗവണ്‍മെന്റിന്റെ പുതിയ പരിഷ്‌കാരം പ്രതിഷേധാര്‍ഹമാണ്. ഒക്ടോബർ 2 ഞായറാഴ്ച്ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം പുനപരിശോധിച്ച് മറ്റൊരു ദിവസമാക്കണം’, അദ്ദേഹം പറഞ്ഞു.