രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താലെന്ന് പിഎഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് സംസ്ഥാന കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.