കൊല്ലത്ത് അഭിഭാഷകനെ മര്‍ദിച്ചെന്ന പരാതിയില്‍ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കരുനാഗപ്പള്ളി എസ്.എച്ച്.ഒ അടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, എസ്.ഐ അലോഷ്യസ് അലക്സാണ്ടര്‍, ഗ്രേഡ് എസ്.ഐ ഫിലിപ്പോസ്, സി.പി.ഒ അനൂപ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

നേരത്തെ നിയമമന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ തുടര്‍ന്നു വരുന്ന ബഹിഷ്‌കരണ സമരം പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു.

കരുനാഗപ്പള്ളിയില്‍ അഭിഭാഷകന്‍ എസ്. ജയകുമാറിനെ പൊലീസ് ലോക്കപ്പിലിട്ട് മര്‍ദിച്ചെന്നായിരുന്നു പരാതി. അഞ്ചിനായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ച് ഗതാഗത തടസമുണ്ടാക്കിയെന്നു കാണിച്ചായിരുന്നു അറസ്റ്റ്. മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ വൈദ്യപരിശോധന നടത്താതെ അഭിഭാഷകനെ വിലങ്ങുവെച്ച് ലോക്കപ്പിലടയ്ക്കുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഇതില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകര്‍ സെപ്റ്റംബര്‍ 12 മുതല്‍ കോടതി ബഹിഷ്‌കരണ സമരം തുടങ്ങിയത്.