വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ച്ച കെഎസ്ആര്‍ടിസി 8.4 കോടി രൂപയാണ് പ്രതിദിന വരുമാനമായി നേടിയത്. കെഎസ്ആര്‍ടിസിയുടെ സര്‍വ്വകാല റെക്കാര്‍ഡ് വരുമാനമാണിത്.
3941 ബസുകളായിരുന്നു അന്നേദിവസം സര്‍വ്വീസ് നടത്തിയത്. ഇത്രയും വരുമാനം നേടാന്‍ പരിശ്രമിച്ച കെഎസ്ആര്‍ടിസിയിലെ എല്ലാ വിഭാഗം ജീവനക്കാരേയും സിഎംഡി അഭിനന്ദിച്ചു.

സോണ്‍ അടിസ്ഥാനത്തില്‍ കളക്ഷന്‍ സൗത്ത് 3.13 കോടി (89.44% ടാര്‍ജറ്റ്) , സെന്‍ട്രല്‍ 2.88 കോടി(104.54 % ടാര്‍ജറ്റ്) , നോര്‍ത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്.
ജില്ലാ തലത്തില്‍ കോഴിക്കോട് ജില്ല 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി. സംസ്ഥാനത്ത് ആകെ കളക്ഷന്‍ നേടിയതില്‍ ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയുമാണ, 52.56 ലക്ഷം രൂപയാണ് ഡിപ്പോ നേടിയത്. കെഎസ്ആര്‍ടിസി – സ്വിഫ്റ്റിന് മാത്രം 12 തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു.