🗞🏵 *ആസാദ് കശ്മീർ’ എന്ന ഫേസ്ബുക്ക് കുറിപ്പിലെ പരാമർശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്.* അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റാണ് ഹർജി പരിഗണിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതിയുടെ ഉത്തരവ്. പരാതിയില്‍ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയില്‍ റിപ്പോർട്ടായി നല്‍കിയിരുന്നു. അഭിഭാഷകനായ ജി എസ് മണിയാണ് ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം പൊലീസിലും പിന്നീട് കോടതിയിലും പരാതി നല്‍കിയത്.
🗞🏵 *കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എ.എൻ. ഷംസീറിനെ തെരഞ്ഞെടുത്തു.* എം.ബി. രാജേഷ് മന്ത്രിയായതിനെത്തുടർന്ന് സ്പീക്കർപദവി രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ അൻവർ സാദത്തിനെ 40ന് എതിരേ 96 വോട്ടുകൾ നേടിയാണ് കേരള നിയമസഭയുടെ 24 -ാമത് സ്പീക്കറായി ഷംസീർ ചുമതലയേറ്റത്. തലശേരിയിൽനിന്നുള്ള നിയമസഭാംഗമാണ് ഷംസീർ.
🗞🏵 *എയ്ഡഡ് കോളജില്‍ പുതിയ കോഴ്സ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാലും അധ്യാപകരുടെ സ്ഥിരനിയമനം സാധ്യമാകണമെങ്കില്‍ സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കണമെന്ന് ഹൈക്കോടതി.* കൊച്ചിന് കോളജിലെ ഹിന്ദി, മലയാളം ഡിപ്പാര്‍ട്ട്മെന്റുകളിലെ അസി. പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും കൊളീജിയറ്റ് എഡ്യുക്കേഷന്‍ ഡയറക്ടറുമടക്കം നല്കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി.
🗞🏵 *സംസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി പേ പിടിച്ച നായ്ക്കള്‍, അക്രമകാരികളായ നായ്ക്കള്‍ എന്നിവയെ കൊല്ലാനുള്ള അനുമതി സുപ്രീം കോടതിയോടു അഭ്യര്‍ഥിക്കുമെന്ന് തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ്.* തെരുവുനായശല്യം പരിഹരിക്കാന്‍ അവയ്ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതിനൊപ്പം എ.ബി.സി. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
🗞🏵 *ഓണക്കാലത്ത് വരുമാനം കൂടിയിട്ടും കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഓണം ആനുകൂല്യങ്ങളൊന്നും നൽകിയില്ല.* സംസ്ഥാനത്തെ എല്ലാ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്കും ഓണം ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഇത് നിഷേധിക്കപ്പെട്ടു.
🗞🏵 *ലഹരി മാഫിയ കേരളത്തിൽ വിൽപന നടത്തുന്നതു യഥാർഥ ലഹരിമരുന്നുകളെക്കാൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വ്യാജ രാസപദാർഥങ്ങൾ.* പിടികൂടിയ രാസലഹരി പദാർഥങ്ങളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്
🗞🏵 *ഓണാഘോഷ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഭിന്നതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.* അട്ടപ്പാടിയിലെത്തിയത് സര്‍ക്കാരുമായുള്ള ഭിന്നത കൊണ്ടാണെന്നത് തെറ്റായ പ്രചാരണമാണ്. അദിവാസികളുടെ പരിപാടി ആയതുകൊണ്ടാണ് അട്ടപ്പാടിയില്‍ എത്തിയതെന്നും ഈ പരിപാടിയിലേക്ക് സംഘാടകര്‍ രണ്ടുമാസം മുന്‍പ് ക്ഷണിച്ചിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.
🗞🏵 *നായകൾക്കായി തീവ്ര വാക്‌സിൻ യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.* ഇതിനായി ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നഗരസഭകളിലും പ്രത്യേകം തയ്യാറാക്കിയ വാഹനം ഉൾപ്പെടെ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരുവ് നായ ശല്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
🗞🏵 *രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ആദ്യദിവസം തന്നെ വിവാദത്തിൽ.* നേമത്തെ സ്വീകരണ കേന്ദ്രത്തിൽ ഇരിപ്പിടം കിട്ടാത്തതിനെ തുടർന്ന് മുരളീധരൻ വേദിവിട്ടിറങ്ങി. ഇത് യാത്രയ്‌ക്ക് മങ്ങലേൽപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുരളീധരൻ മത്സരിച്ച നേമം മണ്ഡലത്തിലെ സ്വീകരണത്തിനിടെയാണ് അദ്ദേഹത്തെ കോൺഗ്രസ് നേതൃത്വം പരസ്യമായി അപമാനിച്ചത്. വേദിയിൽ അദ്ദേഹത്തിന് ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കിയില്ല, കടത്തിവിട്ടുമില്ല. സംഭവത്തിൽ പ്രതിഷേധിച്ച് അദ്ദേഹം പിണങ്ങി പോയി.
🗞🏵 *വൈക്കം കടുത്തുരുത്തി പ്രദേശങ്ങളിൽ തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി.* സംഭവത്തിൽ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്ത്. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. പലതവണ നാട്ടുകാർക്ക് കടിയേറ്റിട്ടും അധികൃതർ നടപടി എടുക്കാത്തതിനെ തുടർന്ന് നായകളെ വിഷംവെച്ച് കൊന്നതാണെന്നാണ് മൃഗസ്നേഹികൾ ആരോപിക്കുന്നത്.
🗞🏵 *സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി മുണ്ടക്കയം പുലിക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവർ മനോഹരൻ.* ഇനി ഡോക്ടർ മനോഹരൻ എന്നറിയപ്പെടും. അധ്യാപകൻ ആകണമെന്ന അതിയായ ആഗ്രഹം കഠിനപ്രയത്നത്തിലൂടെ നേടിയെടുത്തിരിക്കുകയാണ് മനോഹരൻ. മുണ്ടക്കയം സ്വദേശിയാണ് മനോഹരൻ. കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ആണ് മനോഹരൻ ഡോക്ടറേറ്റ് നേടിയത്. 2005 ൽ ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കി. 2008 കാര്യവട്ടം കാമ്പസിൽ നിന്ന് പിജിയും എംഫില്ലും പൂർത്തിയാക്കി. ഓട്ടോറിക്ഷ ഓടിക്കുന്ന ഇടവേളകളിലാണ് മനോഹരൻ പഠിച്ചിരുന്നത്. ഓട്ടോ ഓടിക്കുകയും വാർക്ക പണിക്ക് പോവുകയും ചെയ്താണ് മനോഹരൻ പഠിച്ചിരുന്നത്.
🗞🏵 *ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.* ഈരാറ്റുപേട്ട സ്വദേശിയായ വാഹന ഉടമയും രണ്ടു കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്.മൂവാറ്റുപുഴ വാഴക്കുളം സൗത്ത് ഇന്ത്യൻ ബാങ്കിന് മുമ്പിലായിരുന്നു സംഭവം. കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നതു കണ്ട് വാഹനം വഴിയരികിൽ ഒതുക്കി നിർത്തി നടത്തിയ പരിശോധനയിലാണ് തീപിടിച്ചതാണെന്ന് മനസ്സിലായത്.
🗞🏵 *സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു.* ഡല്‍ഹി എന്‍സിആറിലാണ് സംഭവം. ഒരു ടെക് യൂട്യൂബറാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചൈനീസ് സ്മാര്‍ട്ട് ഫോണായ റെഡ്മി 6എ പൊട്ടിത്തെറിച്ച് തന്റെ ആന്റി മരിച്ചുവെന്ന് ട്വീറ്റില്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും യൂട്യൂബര്‍ പങ്കുവെച്ചിട്ടുണ്ട്. ഫോണില്‍ സംസാരിച്ചതിന് ശേഷം കിടക്കുമ്പോള്‍ യുവതി ഫോണ്‍ തലയണയ്ക്കരികില്‍ വെച്ചിരുന്നു. രാവിലെ വീട്ടില്‍ എത്തിയവരാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സമീപത്ത് ചോരയുണ്ടായിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു.
🗞🏵 *ഗ്യാൻവാപി മസ്ജിദ് കേസിൽ ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കുമെന്ന് വാരണാസി ജില്ലാ കോടതി.* ഹിന്ദുക്കൾക്ക് ആരാധനാവകാശം തേടിയുള്ള ഹർജികൾ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഗ്യാൻവാപി മസ്ജിദിന്റെ പുറം ഭിത്തിയിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ ദിവസേന ആരാധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 5 സ്ത്രീകൾ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
🗞🏵 *പഞ്ചാബ്, ഹരിയാന, ഡൽഹി എൻസിആർ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അപ്രതീക്ഷിത റെയ്ഡ്.* ഗുണ്ടാസംഘങ്ങൾ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ, ഭീകരസംഘടനകളുടെ ഇവർക്ക് ബന്ധമുണ്ടോ എന്ന് കണ്ടെത്താനാണ് റെയ്ഡ്. സിദ്ധു മൂസ് വാല വധക്കേസിലും സൽമാൻ ഖാൻ ഭീഷണിപ്പെടുത്തിയ കേസിലും ഉൾപ്പെട്ട ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. റിപ്പോർട്ടുകൾ പ്രകാരം ലോറൻസ് ബിഷ്‌ണോയിയും ഗോൾഡി ബ്രാറും എൻ.ഐ.എയുടെ നിരീക്ഷണത്തിലാണ്.
🗞🏵 *മദ്രസയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.* ഹരിയാനയിലാണ് സംഭവം. കുട്ടിയുടെ ഉറ്റ സുഹൃത്തായ 13 കാരനാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പിനാംഗവ സ്വദേശിയായ സമീറിനെയാണ് മദ്രസയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
🗞🏵 *എം.ഡി.എം.എയുമായി നാല് മലപ്പുറം സ്വദേശികൾ പിടിയിൽ.* വഴിക്കടവ് ചെക്ക്പോസ്റ്റിൽ വെച്ചാണ് നാലംഗ സംഘത്തെ എക്സൈസ് പിടികൂടിയത്. പിടിയിലായവരിൽ ദമ്പതികളും ഉൾപ്പെടുന്നു. കൈക്കുഞ്ഞിനെ മറയാക്കിയാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീൻ എൻ.കെ. എന്നിവരാണ് പിടിയിലായത്.
🗞🏵 *പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.* കോഴിക്കോട് അത്തോളി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഖദീജ റെഹ്ഷയെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.
🗞🏵 *ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.* കോഴിക്കോട് വളയനാട് മാങ്കാവ് കുമ്പണ്ടന്ന കെ.സി. ഹൗസില്‍ ഫാസില്‍ (26) ആണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയെ ചെന്നൈയിലെത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണാതായ കേസില്‍ പത്തനംതിട്ട പോലീസ് കഴിഞ്ഞമാസം 28-ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
🗞🏵 *കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.* മാണിയൂർ പള്ളിയത്ത് സ്വദേശി ഹിബ മൻസിൽ കെ.കെ. മൻസൂർ (30) ആണ് പത്തുകിലോയിലധികം കഞ്ചാവുമായി അറസ്റ്റിലായത്.ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ എക്സൈസ് റേഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ വളപട്ടണം ഭാഗത്ത് നടന്ന റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
🗞🏵 *ഭര്‍ത്താവ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി ക്രിസ്ത്യന്‍ യുവതി.* എറണാകുളം സ്വദേശിനിയാണ് ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. മതം മാറാന്‍ ആവശ്യപ്പെട്ട് മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടുവെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്.
🗞🏵 *കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപ വില വരുന്ന തങ്കം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.* ദുബായില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെത്തിയ മണ്ണാര്‍ക്കാട് സ്വദേശി നാല് ക്യാപ്സൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 919 ഗ്രാം തനിതങ്കമാണ് കസ്റ്റംസ് പിടികൂടിയത്.
🗞🏵 *യാക്കോബായ സുറിയാനി സഭയുടെ റമ്പാന്മാരായ റവ. മര്‍ക്കോസ് ചെമ്പകശേരില്‍, റവ. ഗീവര്‍ഗീസ് കുറ്റിപറിച്ചേല്‍ എന്നിവരെ നാളെ മെത്രാപ്പോലീത്തമാരായി അഭിഷേചിക്കും.* ലബനോനിലെ പാത്രിയര്‍ക്കാ അരമനയിലെ സെന്റ് മേരീസ് ചാപ്പലില്‍ നടക്കുന്ന ശുശ്രൂഷയ്ക്കു ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മുഖ്യകാര്‍മികത്വം വഹിക്കും
🗞🏵 *കത്തോലിക്ക സഭയിൽ നിത്യാരാധന ആരംഭിച്ചിട്ട് സെപ്റ്റംബർ പതിനൊന്നാം തീയതി 796 വര്‍ഷം.* ഇനി നാലു വർഷങ്ങൾ കൂടി കഴിഞ്ഞാൽ നിത്യ ആരാധന ആരംഭിച്ചിട്ട് 8 പതിറ്റാണ്ടുകൾ പൂർത്തിയാകും. കാത്തലിക്ക് എൻസൈക്ലോപീഡിയയുടെ വിവരണ പ്രകാരം ഇടതടവില്ലാതെ, അതല്ലെങ്കിൽ താൽക്കാലികമായി അല്പസമയം മാത്രം ആരാധന നിർത്തി വീണ്ടും അത് പുനഃരാരംഭിക്കുന്നതിനെയാണ് നിത്യാരാധനയെന്ന് വിളിക്കുന്നത്. ആരാധന വീണ്ടും പുനഃരാരംഭിക്കണമെന്ന ചിന്തയിൽ നിന്നുകൊണ്ടുതന്നെ നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യങ്ങളിലും, മറ്റ് ചില സാഹചര്യങ്ങളിലും അല്പസമയം ആരാധന നിർത്തിവെച്ചാലും അതിനെ നിത്യാരാധനയെന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്.
🗞🏵 *മൊസാംബിക്കിൽ ഇസ്ലാമിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയ ഇറ്റാലിയൻ മിഷ്ണറിയായ കത്തോലിക്ക സന്യാസിനിയെ അനുസ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ.* സെപ്തംബർ 11-ന് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജനാലയ്ക്കു സമീപം നിന്ന് സന്ദേശം നല്‍കുന്നതിനിടെയാണ് മൊസാംബിക്കിലെ ചിപ്പേനിൽ കൊല്ലപ്പെട്ട കംബോനിയന്‍ മിഷ്ണറി സിസ്റ്റർ മരിയ ഡി കോപ്പിയെ പാപ്പ അനുസ്മരിച്ചത്. പ്രാർത്ഥനയുടെ ഈ നിമിഷത്തിൽ, മൊസാംബിക്കില്‍ കൊല്ലപ്പെട്ട മരിയ ഡി കോപ്പിയുടെ ശുശ്രൂഷയെ സ്‌നേഹത്തോടെ അനുസ്മരിക്കുകയാണെന്നും അവളുടെ 60 വര്‍ഷത്തെ സാക്ഷ്യം ക്രിസ്ത്യാനികൾക്കും മൊസാംബിക്കിലെ എല്ലാ ജനങ്ങൾക്കും ശക്തിയും ധൈര്യവും നൽകട്ടെയെന്നും പാപ്പ പറഞ്ഞു.
🗞🏵 *ലോകത്തെ തന്നെ നടുക്കിയ സെപ്റ്റംബര്‍ 11നു വേള്‍ഡ് ട്രേഡ് സെന്‍റര്‍ തീവ്രവാദി ആക്രമണം നടന്ന്‍ 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന അവസരത്തില്‍ ആക്രമണത്തിനിരയായ വേള്‍ഡ് ട്രേഡ് സെന്ററിന്റെ അവശേഷിപ്പുകളില്‍ നിന്നും കണ്ടെടുത്ത ഉരുക്കു ബീമുകള്‍ കൊണ്ട് നിര്‍മ്മിച്ച കുരിശ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.* ആക്രമണത്തിന്റെ ദുഃഖഭാരത്തില്‍ കഴിഞ്ഞിരുന്ന ന്യൂയോര്‍ക്ക് ജനതക്ക് ‘വേള്‍ഡ് ട്രേഡ് സെന്റര്‍ ക്രോസ്’ അഥവാ ‘ഗ്രൗണ്ട് സീറോ ക്രോസ്’ എന്നറിയപ്പെടുന്ന ഈ കുരിശ് അക്ഷരാര്‍ത്ഥത്തില്‍ പ്രതീക്ഷയും ആശ്വാസവുമായിരുന്നു. 5 മീറ്ററോളം വരുന്ന ഈ കുരിശ് കണ്ടെടുക്കുമ്പോള്‍ അതിന് യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ലായെന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്.
🗞🏵 *സ്കോട്ട്ലന്റിലെ കൊട്ടാരത്തില്‍വെച്ച് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിക്ക് ആദരാഞ്ജലികളുമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കത്തോലിക്ക മെത്രാന്മാര്‍.* എലിസബത്ത് രാജ്ഞി ചരിത്രത്തിലെ ഒരു തിളങ്ങുന്ന നക്ഷത്രമാണെന്നും, അവരുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെയെന്നും വെസ്റ്റ്മിനിസ്റ്റര്‍ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് പറഞ്ഞു. അസാധാരണമായ സ്ഥിരത, വിശ്വസ്തത, ധൈര്യം, സേവനം എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ട ഒരു നീണ്ട ഭരണത്തിനുശേഷം എലിസബത്ത് രാജ്ഞിയുടെ വിയോഗം ഓസ്ട്രേലിയന്‍ ജനതയെ ദുഃഖത്തിലാഴ്ത്തിയെന്ന്‍ കോമണ്‍വെല്‍ത്തിന്റെ മേധാവി എന്ന നിലയില്‍ രാജ്ഞി വഹിച്ച പങ്കിനെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് ഓസ്‌ട്രേലിയയിലെ പെര്‍ത്ത് മെത്രാപ്പോലീത്തയായ തിമോത്തി കോസ്റ്റലോ പറഞ്ഞു.
🌂🌂🌂🌂🌂🌂🌂🌂🌂🌂🌂
*ഇന്നത്തെ വചനം*
യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്‌ഷ്യം നല്‍കുന്നു. നിന്റെ സാക്‌ഷ്യം സത്യമല്ല.
യേശു പ്രതിവചിച്ചു: ഞാന്‍ തന്നെ എനിക്കു സാക്‌ഷ്യം നല്‍കിയാലും എന്റെ സാക്‌ഷ്യം സത്യമാണ്. കാരണം, ഞാന്‍ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല.
നിങ്ങളുടെ വിധി മാനുഷികമാണ്. ഞാന്‍ ആരെയും വിധിക്കുന്നില്ല.
ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാന്‍ തനിച്ചല്ല എന്നെ അയ ച്ചപിതാവും എന്നോടുകൂടെയുണ്ട്.
രണ്ടുപേരുടെ സാക്‌ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ.
എന്നെക്കുറിച്ചു ഞാന്‍ തന്നെ സാക്‌ഷ്യം നല്‍കുന്നു. എന്നെ അയ ച്ചപിതാവും എന്നെക്കുറിച്ച് സാക്‌ഷ്യം നല്‍കുന്നു.
അപ്പോള്‍ അവര്‍ ചോദിച്ചു: നിന്റെ പിതാവ് എവിടെയാണ്? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു.
ദേവാലയത്തില്‍ ഭണ്‍ഡാരസ്‌ഥലത്തു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് അവന്‍ ഇതെല്ലാം പറഞ്ഞത്. എന്നാല്‍, ആരും അവനെ പിടിച്ചില്ല. കാരണം, അവന്റെ സമയം ഇനിയും വന്നുചേര്‍ന്നിട്ടില്ലായിരുന്നു.
യോഹന്നാന്‍ 8 : 12-20
🌂🌂🌂🌂🌂🌂🌂🌂🌂🌂🌂
*വചന വിചിന്തനം*
അന്ത്യവിധിയെക്കുറിച്ചുള്ള സൂചനകൾ ഈശോ ഈ തിരുവചനഭാഗത്ത് നൽകുന്നു. ഈശോ പിതാവിനോട് ചേർന്നാണ് വിധിക്കുന്നത്. ഏലിയാസ്ലീവാ മുശക്കാലം അന്ത്യവിധിയെക്കുറിച്ചുള്ള ചിന്തകളാണ് നമ്മിൽ ഉണർത്തുന്നത്. അന്ത്യവിധിയിൽ വലതുഭാഗത്ത് നിൽക്കാനുള്ള പരിശ്രമങ്ങൾ നടത്താനുള്ള അവസരമാണ് ഈ ലോകജീവിതം എന്ന് അറിഞ്ഞിരിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*