🗞🏵 *കിഴക്കൻ യുക്രെയ്നിലെ കുപ്യാൻസ്ക് നഗരം യുക്രെയ്ൻ സേന പിടിച്ചതോടെ റഷ്യൻ സേന ആയുധങ്ങൾ ഉപേക്ഷിച്ച് പിൻവാങ്ങുന്നു.* റഷ്യയിൽ നിന്ന് സേനയ്ക്കാവശ്യമായ സാധനങ്ങളെല്ലാം റെയിൽ മാർഗം എത്തിച്ച് വിതരണം ചെയ്തിരുന്ന പ്രധാന കേന്ദ്രമാണ് റെയിൽ നഗരമായ കുപ്യാൻസ്ക്. നഗരത്തിൽ നിന്ന് റഷ്യൻ പതാക നീക്കി യുക്രെയ്ൻ പതാക സ്ഥാപിച്ചു. 

🗞🏵 *കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ 56 ശതമാനം പേർക്കും മലയാളം ശരിയായി വായിക്കാനോ മനസ്സിലാക്കാനോ കഴിയുന്നില്ലെന്ന് സർവേ റിപ്പോർട്ട്.* സംസ്ഥാനത്തെ 104 സ്കൂളുകളിലെ 1,061 വിദ്യാർഥികളിലാണ് സർവേ സംഘടിപ്പിച്ചത്റിപ്പോർട്ടുപ്രകാരം, കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ 16 ശതമാനം പേർക്ക് മാത്രമാണ് മലയാളത്തിൽ ശരാശരിക്കുമുകളിൽ പ്രാവീണ്യമുള്ളത്.

🗞🏵 *മനുഷ്യജീവന് ഭീഷണിയായി തെരുവുനായകളുടെ ശല്യം രൂക്ഷമായതോടെ ഇതിന് തടയിടാൻ സർക്കാർ രംഗത്തിറങ്ങുന്നു.* സംഭവത്തിൽ സുപ്രീംകോടതിയും ഇടപെട്ടതോടെയാണിത്. തിങ്കളാഴ്ച തിരുവനന്തപുരത്ത്‌ വിളിച്ചുചേർത്ത യോഗത്തിൽ തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്, ഉദ്യോഗസ്ഥർ, വിദഗ്ധർ, തദ്ദേശസ്ഥാപനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തീരുമാനങ്ങളും നിർദേശങ്ങളും സർക്കാർ ഇതുവരെയെടുത്ത നടപടികളും സുപ്രീംകോടതിയെ അറിയിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

🗞🏵 *കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക വിവാദം അവസാനിപ്പിക്കുന്നു എന്ന് ശശി തരൂർ.* വോട്ടർ പട്ടിക പുറത്തുവിടണമെന്ന അഞ്ച് എംപിമാരുടെ കത്തിന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി മറുപടി നല്‍കിയ പശ്ചാത്തലത്തിലാണ് ശശി തരൂരിന്‍റെ പ്രതികരണം. വോട്ടർ പട്ടിക 20ആം തീയതി മുതല്‍ എഐസിസിയിലെ തന്‍റെ ഓഫീസിലുണ്ടാകും എന്നും ഏത് നേതാവിനും വന്ന് പരിശോധിക്കാമെന്നും മധുസൂദന്‍ മിസ്ത്രി കത്ത് നല്‍കിയ എംപിമാരെ അറിയിച്ചു. 

🗞🏵 *ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ കുറിപ്പടിയില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം.* മരുന്ന് കുറിപ്പടിയില്‍ രോഗികള്‍ക്ക് വായിക്കാനാവുന്ന വിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.

🗞🏵 *കെപിസിസി അംഗ പട്ടികയ്ക്ക് ഹൈക്കമാൻഡിന്റെ അംഗീകാരം.* 280 അംഗ കെപിസിസി സമിതിക്കാണ് അംഗീകാരം നല്‍കിയത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അയച്ച പട്ടികയ്ക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്.
 
🗞🏵 *എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ദു:ഖാചരണം പ്രഖ്യാപിച്ചു.* ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ദേശീയ പതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളിൽ പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി.

🗞🏵 *എകെജി സെന്റര്‍ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.* പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ വിദേശത്തേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധമുണ്ടായ വിമാനത്തിലും ഇയാള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. 

🗞🏵 *കെ.ജി.സെൻറർ ആക്രമണക്കേസിലെ  അന്വേഷണത്തെച്ചൊല്ലി  വീണ്ടും സജീവമായി രാഷ്ട്രീയ വിവാദം.*   യൂത്ത് കോണ്‍ഗ്രസുകാരിലേക്ക്  ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നതിനിടെ പ്രതിരോധിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്താൽ വെറുതെയിരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തിൽ എത്തുന്നതിനാലാണ് ഈ വിവാദം ഉയർത്തുന്നത് എന്നാണ് ആരോപണം.

🗞🏵 *ഓണാഘോഷത്തിന് സമയം അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യക്കുഴിയിൽ തളളിയ കോർപറേഷൻ ജീവനക്കാർക്ക് മുന്നിൽ മുട്ടുമടക്കി മേയർ ആര്യ രാജേന്ദ്രൻ*. ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി കോർപറേഷൻ പിൻവലിച്ചേക്കും. സ്വന്തം കാശ് കൊടുത്ത് വാങ്ങിയ ഓണസദ്യ കഴിക്കാന്‍ അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികൾ ഓണസദ്യ വലിച്ചെറിഞ്ഞത്. പ്രതിഷേധിച്ചവർക്കെതിരെ മേയർ കടുത്ത നടപടി സ്വീകരിച്ചിരുന്നു. സ്ഥിരം ജോലിക്കാരെ സസ്‌പെൻഡ് ചെയ്യുകയും, താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

🗞🏵 *എവിടേയും കടന്നുചെന്ന് ആദ്യപ്രഹരമേല്‍പ്പിക്കുന്ന യുദ്ധതന്ത്രം പരിശീലിച്ച് ഇന്ത്യന്‍ സൈന്യം.* അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെ വെല്ലുന്ന പരിശീലനമാണ് ഇന്ത്യന്‍ കരസേന പഞ്ചാബിലെ പട്യാലയില്‍ നടത്തിക്കൊണ്ടിരി ക്കുന്നത്. ഗഗന്‍ സ്ട്രൈക് എന്ന് പേരിട്ടിരിക്കുന്ന പരിശീലനത്തില്‍ ആകാശത്ത് ഹെലികോപ്റ്റര്‍ വ്യൂഹങ്ങളും കരയില്‍ ടാങ്കുകളുമാണ് പങ്കെടുത്തത്.
 
🗞🏵 *തെരുവ് നായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന ആളുകളെ അവയുടെ പ്രതിരോധ കുത്തിവയ്പ്പിന്റെ ഉത്തരവാദിത്തം ഏൽപ്പിക്കാമെന്നും അവ ആളുകളെ ആക്രമിച്ചാൽ അതിന്റെ ചെലവ് ഭക്ഷണം നൽകുന്ന ആളുകൾ വഹിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശം.* ജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ അവകാശവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തണമെന്നും ഇക്കാര്യത്തിൽ ചില പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

🗞🏵 *പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് തീവ്രവാദബന്ധവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ.* ദേശീയ അന്വേഷണ ഏജന്‍സി ബിഹാറില്‍ നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന ചില വസ്തുതകള്‍ കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച കേസിന്റെ ചുവടുപിടിച്ച് ബിഹാറിലെ 30 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
 
🗞🏵 *രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരസംഘടനയ്ക്ക് സഹായം ചെയ്തവര്‍ പിടിയിലായി.* ലഷ്‌കര്‍-ഇ-ത്വയ്ബയ്ക്ക് സഹായം നല്‍കിയിരുന്ന രണ്ട് പേരെയാണ് ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സോപോര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷാ പരിശോധനയ്ക്കിടയിലാണ് പ്രതികള്‍ പിടിയിലായത്. ബന്ദിപ്പോര സ്വദേശി ഷാക്കീര്‍ അക്ബര്‍ ഗ്രോജി, ബാരാമുള്ള സ്വദേശി മൊഹ്സിന്‍ വാനി എന്നിവരാണ് അറസ്റ്റിലായത്.

🗞🏵 *അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരതിന്റ പുതിയ ഹൈസ്പീഡ് ട്രെയിനുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.* മികച്ച യാത്ര അനുഭവമാകും വന്ദേ ഭാരത്-2 ട്രെയിനുകള്‍ നല്‍കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ ട്രെയിന്‍ 130 സെക്കന്‍ഡിനുള്ളില്‍ 160 കിലോമീറ്റര്‍ വേഗത കൈവരിക്കും.

🗞🏵 *രാജ്യത്തുടനീളം 3,500 കിലോ മീറ്റര്‍ ഭാരത് ജോഡോ യാത്രയിൽ 119 ഓളം കോൺഗ്രസ് പ്രവർത്തകർ ആണ് പങ്കെടുക്കുന്നത്.* 60 ഓളം കണ്ടെയ്‌നറുകളിലാണ് നേതാക്കളുടെ യാത്ര. ഇതിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കണ്ടെയ്നറിൽ തന്നെയാണ് താമസം. എന്നാൽ, രാഹുൽ ഗാന്ധിക്ക് മാത്രം സ്‌പെഷ്യൽ കണ്ടെയ്‌നർ ആണുള്ളതെന്ന് റിപ്പോർട്ട്. ചില കണ്ടെയിനറുകളില്‍ ഉറങ്ങാനുള്ള കിടക്ക, ശൗചാലയം, എയര്‍കണ്ടീഷനര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

🗞🏵 *കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഏരിയയിലെ വ്യവസായിയായ ആമിർ ഖാന്റെ സ്ഥാപനത്തിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇ.ഡി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഏഴ് കോടി രൂപയും പണവും സ്വത്ത് രേഖകളും പിടിച്ചെടുത്തു.* മൊബൈൽ ഗെയിമിംഗ് ആപ്പ് വഴിയുള്ള തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. വ്യവസായിയുടെ വസതിയിൽ ഇ.ഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

🗞🏵 *കൊച്ചിയിൽ വീണ്ടും കൊലപാതകം.* തമ്മനം സ്വദേശി സജിൻ സഹീർ ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ കലൂർ ലിസി ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. കൊച്ചിയിൽ ഈ ഒരു മാസത്തിനിടെ ആറ് കൊലപാതകം നടന്നു

🗞🏵 *ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി.* ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41) യില്‍നിന്നാണ് കരിപ്പൂര്‍ പോലീസ് സ്വര്‍ണം പിടികൂടിയത്.
 
🗞🏵 *ഫോര്‍ട്ട്‌കൊച്ചിയില്‍ കടലില്‍വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കില്‍നിന്നാണെന്ന് പോലീസിന്റെ നിഗമനം.* ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകും. പരിശീലനത്തിന് ഉപയോഗിച്ച തോക്കുകള്‍ ഹാജരാക്കാനും പോലീസ് നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

🗞🏵 *അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു.* ശാന്തിനഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്. ലോൺ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് കാരണം.
 
🗞🏵കുവൈറ്റിലെ സീറോ മലബാർ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23ന്  കുവൈറ്റിലെ  അബ്ബാസിയായില് നടക്കുന്ന ഓണാഘോഷ പരിപാടികളുടെയും കുടുംബ സംഗമത്തിന്റെയും ഔദ്യോഗിക ഫ്ലെയർ പ്രകാശന ഉദ്ഘാടനം  കോട്ടയം പാർലമെൻറ്   മണ്ഡലത്തിന്റെ  എം.പി.   ശ്രീ തോമസ് ചാഴികാടൻ കുവൈറ്റ് ആസ്പയർ  ഇന്ത്യൻ സ്കൂളിൽ വെച്ച് നിർവഹിച്ചു.

🗞🏵 *തന്റെ ക്രിസ്തു വിശ്വാസത്തേക്കുറിച്ചും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനോടുള്ള തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും എടുത്ത് പറഞ്ഞുകൊണ്ട് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ രാഷ്ട്രത്തോടുള്ള ആദ്യ പൊതു അഭിസംബോധന.* പൊതു അഭിസംബോധനയോടനുബന്ധിച്ച് സെന്റ്‌ പോള്‍ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പ്രധാനമന്ത്രി ലിസ് ട്രസ് ഉള്‍പ്പെടെ രണ്ടായിരം പേര്‍ പങ്കെടുത്തു. തന്റെ ക്രിസ്തു വിശ്വാസം മറ്റുള്ളവരോട് തനിക്കുള്ള കടമകളെ കുറിച്ചുള്ള ഒരു ബോധ്യം നല്‍കിയെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ആഴത്തില്‍ വേരൂന്നിയതാണ് തന്റെ വിശ്വാസമെന്നും ചാള്‍സ് മൂന്നാമന്‍ കൂട്ടിച്ചേര്‍ത്തു

🗞🏵 *അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണാർത്ഥം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത.* ബിർമിംഗ്‌ഹാമിലെ സെന്റ് ബെനഡിക്ട് മിഷൻ ആസ്ഥാനമായ ജപമാല രാജ്ഞിയുടെയും വിശുദ്ധ തെരേസയുടെയും നാമധേയത്തിലുള്ള ഇന്നലെ നടന്ന അനുസ്മരണ ബലിയില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് പിന്നാലെ എലിസബത്ത് രാജ്ഞിയുടെ ചിത്രത്തിന് മുന്നില്‍ ഒപ്പീസ് ചൊല്ലി.

🗞🏵 *ഉത്തര മൊസാംബിക്കിലെ നംബുല പ്രവിശ്യയിൽ ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ട ഇറ്റാലിയൻ മിഷ്ണറി സന്യാസിനി സിസ്റ്റര്‍ മരിയ ഡി കോപ്പി കൊല്ലപ്പെടുന്നതിനു മുന്‍പ് അവസാനമായി അയച്ച സന്ദേശം പുറത്ത്.* കംബോനി സന്യാസിനിയായ സിസ്റ്റര്‍ ഗബ്രിയേല ബോട്ടാണിക്കാണ് സിസ്റ്റര്‍ മരിയ ഡി കോപ്പിയിൽ നിന്ന് പ്രാർത്ഥന ആവശ്യപ്പെട്ട് സന്ദേശം എത്തിയത്. സെപ്റ്റംബർ ആറാം തീയതി വൈകുന്നേരം 8 മണിക്ക് എത്തിയ സന്ദേശത്തിൽ അവിടുത്തെ സാഹചര്യം വളരെ മോശമാണെന്നും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും സിസ്റ്റര്‍ മരിയ ഡി കോപ്പി അഭ്യര്‍ത്ഥിച്ചിരിന്നു. 
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*ഇന്നത്തെ വചനം*
ആറു ദിവസം കഴിഞ്ഞ്‌, പത്രോസ്‌, യാക്കോബ്‌, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട്‌ യേശു ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു.
അവന്റെ വസ്‌ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാര നും വെളുപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍വെണ്‍മയും തിളക്കവുമുള്ളവയായി.
ഏലിയായും മോശയും പ്രത്യക്‌ഷപ്പെട്ട്‌ യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു.
അപ്പോള്‍, പത്രോസ്‌ യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്‌. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം: ഒന്ന്‌ നിനക്ക്‌, ഒന്ന്‌ മോശയ്‌ക്ക്‌, ഒന്ന്‌ ഏലിയായ്‌ക്ക്‌.
എന്താണ്‌ പറയേണ്ടതെന്ന്‌ അവന്‌ അറിഞ്ഞുകൂടായിരുന്നു. അവര്‍ അത്രയ്‌ക്ക്‌ ഭയപ്പെട്ടിരുന്നു.
അപ്പോള്‍ ഒരു മേഘം വന്ന്‌ അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന്‌ ഒരു സ്വരം പുറപ്പെട്ടു: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍.
അവര്‍ ചുറ്റുംനോക്കി യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവര്‍ കണ്ടില്ല.
അവര്‍ കണ്ട കാര്യങ്ങള്‍ മനുഷ്യപുത്രന്‍മരിച്ചവരില്‍നിന്ന്‌ ഉയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്‌, മലയില്‍നിന്നിറങ്ങിപ്പോരുമ്പോള്‍ അവന്‍ അവരോടു കല്‍പിച്ചു.
മരിച്ചവരില്‍നിന്ന്‌ ഉയിര്‍ക്കുകയെന്നത്‌ എന്താണെന്നു ചിന്തിച്ചുകൊണ്ട്‌ അവര്‍ ഈ വചനം രഹ സ്യമായി സൂക്‌ഷിച്ചു.
അവര്‍ അവനോടു ചോദിച്ചു: ഏലിയാ ആദ്യം വരണമെന്ന്‌ നിയമജ്‌ഞര്‍ പറയുന്നത്‌ എന്തുകൊണ്ടാണ്‌?
അവന്‍ പറഞ്ഞു: ഏലിയാ ആദ്യമേ വന്ന്‌ എല്ലാം പുനഃസ്‌ഥാപിക്കും. മനുഷ്യപുത്രന്‍ വളരെ പീഡകള്‍ സഹിക്കുകയും നിന്‌ദനങ്ങള്‍ ഏല്‍ക്കുകയുംചെയ്യണമെന്ന്‌ എഴുതപ്പെട്ടിരിക്കുന്നത്‌ എന്തുകൊണ്ട്‌?
ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാ വന്നുകഴിഞ്ഞു. അവനെക്കുറിച്ച്‌ എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ, തങ്ങള്‍ക്കിഷ്‌ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്‌തു.
മര്‍ക്കോസ്‌ 9 : 2-13
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*വചന വിചിന്തനം*
സഭയുടെ ആരാധനാവൽസരത്തിൽ ഏലിയാസ്ലീവ മൂശക്കാലത്തിലേക്ക് നമ്മൾ പ്രവേശിക്കുന്നു. ഈശോയുടെ രൂപാന്തരീകരണ സംഭവം നമ്മൾ അനുസ്മരിക്കുന്നു. ഈശോയുടെ ദൈവത്വം ശിഷ്യൻമാരുടെ മുമ്പിൽ വെളിപ്പെടുന്നു. ഏലിയായും മോശയും അത് സാക്ഷ്യപ്പെടുത്തുന്നു. പിതാവിൻ്റെ സ്വരം ഈശോയുടെ പുത്രത്വം വെളിപ്പെടുത്തുന്നു. ശിഷ്യൻമാർ ഈശോയുടെ ദൈവത്വത്തെയും ഉയിർപ്പിനെയും കുറിച്ച് ചിന്തിക്കുന്നു. ഈശോയുടെ വ്യക്തിത്വത്തെക്കുറിച്ച് ആഴമായി ചിന്തിക്കാനും മനസിലാക്കാനും ഈ കാലഘട്ടം നമുക്ക് ഉപയുക്തമാക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*