നഗരമധ്യത്തിലെ പണി തീരാത്ത ആകാശപാത വീണ്ടും ചർച്ചയാകുന്നു. കോട്ടയത്തെ ആകാശപാത പൊളിച്ച് നീക്കണമെന്ന ഹർജിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതോടെയാണ് ആകാശപാത വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. അപകടഭീഷണിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി അനുവദിക്കരുതെന്നും, കേസിൽ തന്‍റെ ഭാഗം കൂടി കേൾക്കണമെന്നുമായിരുന്നു തിരുവഞ്ചൂര്‍ ഹർജിയിൽ ആവശ്യപ്പെട്ടത്.

2016 ഫെബ്രുവരിൽ തുടങ്ങിയ പദ്ധതി ഏഴ് വർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. ഇങ്ങനെ ഒരു ഗുണവുമില്ലാതെ കിടക്കുന്നതിലും നല്ലത് പൊളിച്ച് നീക്കുന്നതാണെന്ന് ജനങ്ങളും ആവശ്യമുന്നയിച്ച് കഴിഞ്ഞു. പണിതു തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ പൊളിച്ചു നീക്കിക്കൂടെ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഓണ അവധിക്ക് ശേഷം ഉത്തരം നൽകാനിരിക്കുകയാണ് സർക്കാർ. ഹൈക്കോടതിയുടെ ചോദ്യത്തിന് അനുകൂല മറുപടിയാകുമോ സർക്കാർ നൽകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് കോട്ടയത്തെ ജനത.

ആർക്കും വേണ്ടാത്ത പദ്ധതിക്കായി ചിലവഴിച്ചത് ലക്ഷങ്ങളാണ്. നഗരത്തിലെ കാൽനട യാത്രയ്ക്കാരെ അപകടങ്ങളിൽ നിന്നും രക്ഷിക്കാനെന്ന അവകാശവാദത്തോടെയായിരുന്നു അന്നത്തെ യു.ഡി.എഫ് സർക്കാർ പദ്ധതി ഉദ്ഘാടനം ചെയ്തത്. അഞ്ച് മാസം കൊണ്ട് ആകാശപാത പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു ഉദ്ഘാടന വേളയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത്. ആകാശപാതയ്ക്ക് പ്രത്യേക താൽപ്പര്യം കാണിച്ചത് അന്നത്തേയും ഇന്നത്തെയും എം.എൽ.എ ആയ തിരുവഞ്ചൂർ ആണ്. അന്ന് ഗതാഗത മന്ത്രി കൂടിയായിരുന്നു തിരുവഞ്ചൂർ. എന്നാൽ, മൂന്ന് മാസം കഴിഞ്ഞതോടെ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായി. ഇത് പദ്ധതിക്ക് തിരിച്ചടിയായി.

പദ്ധതി അശാസ്ത്രീയമെന്നും അപ്രായോഗികമെന്നുമായിരുന്നു പ്രതിപക്ഷമായിരുന്ന സമയത്ത് എൽ.ഡി.എഫ് ആരോപിച്ചിരുന്നത്. എന്നാൽ, ഭരണത്തിൽ വന്നപ്പോൾ ഒറ്റയടിക്ക് പദ്ധതി വേണ്ടെന്ന് വെയ്ക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചില്ല. അഞ്ചേമുക്കാൽ കോടിയിൽ ഏകദേശം ഒന്നര കോടിയോളം പദ്ധതിക്കായി സർക്കാർ ചിലവാക്കി. എന്നാൽ, പതിയെ പദ്ധതി അപ്രായോഗികമാണെന്ന് എൽ.ഡി.എഫിനും ബോധ്യമായി. നട്ടുച്ചയ്ക്ക് പോലും നഗരത്തിന്റെ ഈ ഭാഗത്തെ പണിതീരാ പാതാ ഇരുട്ടിലാക്കി.