തെരുവുനായ കടിച്ചതിനെത്തുടർന്നു പേവിഷ ബാധയേറ്റു ചികിത്സയിലായിരുന്ന 12 വയസ്സുകാരി സ്കൂൾ വിദ്യാർഥിനി മരണത്തിനു കീഴടങ്ങി. പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) ഇന്നലെ ഉച്ചയ്ക്ക് 1.20നാണു മരിച്ചത്. കോട്ടയത്തു കുട്ടികളുടെ ആശുപത്രിയിൽ 3 ദിവസമായി വെന്റിലേറ്ററിലായിരുന്നു. പേവിഷ ബാധയ്ക്കെതിരെ 3 ഡോസ് വാക്സീൻ എടുത്തിരുന്നെങ്കിലും വിഫലമായി. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ പരിശോധനയിൽ അഭിരാമിക്കു പേവിഷ ബാധ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. വലതു കണ്ണിനു താഴെ ആഴത്തിലേറ്റ കടിയാണ് അപകടകരമായത്.

ഓഗസ്റ്റ് 13ന് രാവിലെ 7ന് പാലു വാങ്ങാൻ പോയപ്പോൾ റോഡിൽ വച്ചാണ് അഭിരാമിയെ നായ കടിച്ചത്. കാലിലും മുഖത്തും കടിയേറ്റ കുട്ടിയെ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ഡോക്ടറില്ലായിരുന്നു. ആംബുലൻസിനു കാത്തിരുന്നെങ്കിലും കിട്ടിയില്ല. ഓട്ടോയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 10 മണിയോടെ എത്തിച്ച ശേഷമാണ് മുറിവ് കഴുകൽ മുതലുള്ള എല്ലാ പ്രാഥമിക കാര്യങ്ങളും ചെയ്തത് 10.55ന് കുട്ടിയുടെ മുറിവിനു സമീപം ഹ്യൂമൻ ഇമ്യൂണോഗ്ലോബുലിൻ വാക്സീൻ നൽകി.

പിന്നീട് പെരുനാട് ആശുപത്രിയിൽ നിന്നു 16, 20 തീയതികളിലായി ആന്റി റാബിസ് വാക്സിൻ കുത്തിവച്ചു. ആരോഗ്യ സ്ഥിതി മോശമായതോടെ സെപ്റ്റംബർ ഒന്നിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിറ്റേന്നു വായിൽ നിന്നു നുരയും പതയും വരികയും ദൃഷ്ടി മറയുകയും ചെയ്തതോടെ വൈകിട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നാണു കോട്ടയത്തേക്കു മാറ്റിയത്.

മുഖത്തേറ്റ കടിയാണ് അഭിരാമിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുഖത്തുണ്ടായ മുറിവിൽ നിന്നു വൈറസ് 4 മണിക്കൂർ കൊണ്ട് തലച്ചോറിലെത്തും. കടിയേറ്റ് 4 മണിക്കൂറോളമായപ്പോഴാണ് ഇമ്യൂണോഗ്ലോബുലിൻ കുത്തിവച്ചത്.

വാക്സീനെക്കുറിച്ചു പലതരത്തിലുള്ള ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഗുണനിലവാര പരിശോധന നടത്തണമെന്ന് അഭിരാമിയുടെ മുത്തച്ഛൻ ളാഹ ശശി ആവശ്യപ്പെട്ടു. പത്തനംതിട്ട മൈലപ്ര എസ്എച്ച് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായ അഭിരാമി ക്ലാസ് ലീഡറുമായിരുന്നു. ഇലക്ട്രീഷ്യനായ ഹരീഷ് കുമാറിന്റെയും കെ.ആർ.രജനിയുടെയും മകളാണ്. സഹോദരൻ: കാശിനാഥ്.