🗞🏵 *ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ.* അഞ്ചാമതായിരുന്ന യു.കെയെ പിന്നിലാക്കിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) കണക്കുകൾ പ്രകാരം 2021 ൽ ഇന്ത്യ യുണൈറ്റഡ് കിംഗ്ഡത്തെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല.
🗞🏵 *അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു.* റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ അറിയിച്ചു.
🗞🏵 *മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയോടെയാണ് നേരിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.* സംസ്ഥാനങ്ങൾ നാർക്കോ കോ-ഓർഡിനേഷൻ സെന്റർ(എൻ.സി.ആർ.ഡി.) യോഗങ്ങൾ പതിവായി നടത്തുകയും അവയെ ജില്ലാതലത്തിൽവരെ എത്തിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് 30-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *നിര്‍മ്മാണം പൂര്‍ത്തിയാക്കി, 6 മാസത്തിനകം റോഡ് തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.* എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്നാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
🗞🏵 *കെ റെയില്‍ കര്‍ണാടകയിലേയ്ക്ക് നീട്ടാന്‍ തീരുമാനം. സില്‍വര്‍ ലൈന്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും.* ഇതുമായി ബന്ധപ്പെട്ട് ഈ മാസം അവസാനം ബംഗലൂരുവില്‍ വെച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ കാസര്‍ഗോഡ് നിന്നും മംഗലൂരു വരെ നീട്ടുന്നതിന് കര്‍ണാടകയുടെ പിന്തുണ തേടിയാണ് കൂടിക്കാഴ്ച.
🗞🏵 *സ്പീക്കര്‍ സ്ഥാനം രാജിവച്ച എം.ബി.രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.* സെപ്തംബര്‍ ആറ് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചാവും എംബി രാജേഷിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
അതേസമയം എ.എൻ.ഷംസീര്‍ സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല
🗞🏵 *വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലി ഇന്ന് ദില്ലിയിൽ നടക്കും.* രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ പതിനായിര കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വിലക്കയറ്റത്തിന് എതിരെ തുടർച്ചയായി സമരം നടന്ന ഏക പാർട്ടി കോൺഗ്രസാണെന്ന് വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു
🗞🏵 *സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സെപ്തംബര്‍ ആറുമുതല്‍ 12 വരെ നടക്കും.* ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്തംബര്‍ ആറിന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ അറിയിച്ചു.
🗞🏵 *സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന.* ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തി. ഉദ്യോഗസ്ഥർക്ക് ഏജന്റുമാർ കൈക്കൂലി നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്ന് വിജിലൻസ് കണ്ടെത്തി.
🗞🏵 *കോവിഡ് മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്തരാക്കാൻ കേന്ദ്രം സജീവ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തീരശോഷണം, റെയിൽവേ, എയർപോർട്ട് നവീകരണം തുടങ്ങിയവയുടെ കാര്യത്തിലും കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോവളത്ത് നടന്ന 30-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *കൊച്ചി മെട്രോയുടെ വടക്കേക്കോട്ട സ്റ്റേഷനില്‍ മലബാര്‍ കലാപത്തെ പ്രകീർത്തിച്ച് ചിത്രം സ്ഥാപിച്ചതിനെതിരേ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി.* സംഭവവുമായി ബന്ധപ്പെട്ട് മെട്രോയ്ക്കകത്ത് പ്രതിഷേധിച്ച യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് നവീന്‍ ശിവന്‍, മണ്ഡലം കമ്മറ്റി അംഗം എസ്.അരുണ്‍, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്. ഉണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
🗞🏵 *ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനുമിടയിലായി അതിശക്തമായ ചക്രവാതച്ചുഴി രൂപപ്പെട്ടു.* ഇതിന്റെ പശ്ചാത്തലത്തില്‍, വരുന്ന 5 ദിവസത്തേക്ക് കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
🗞🏵 *ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹം സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എ.കെ.ജി ഹാളിൽ വെച്ച് നടക്കും.* സംഘടനാപരമായ അടുപ്പമാണ് പതുക്കെ സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറിയതെന്ന് ആര്യ പറയുന്നു.
🗞🏵 *ബ്ലോക്ക്ബസ്റ്റർ ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2 വില നിന്നും പ്രചോദനം ഉൾക്കൊണ്ട കൗമാരക്കാരൻ അഞ്ച് പേരെ കൊലപ്പെടുത്തി.* 19 കാരനായ ശിവപ്രസാദ് എന്ന വ്യക്തി, സെക്യൂരിറ്റി ഗാർഡുകളെയാണ് കൊലപ്പെടുത്തിയത്. തന്റെ ഇരകളിൽ ഒരാളെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.ജോലിക്കിടെ കിടന്നുറങ്ങുന്നവരെ തനിക്കിഷ്ടമല്ലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
🗞🏵 *മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ പിന്തുണച്ചിരുന്നതായി ആരോപണം.* ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടി പ്രസിഡന്റ് അല്‍താഫ് ബുഖാരിയാണ് ഗുലാം നബിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കശ്മീരില്‍ ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.
🗞🏵 *എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.* മൈസൂരുവിലെ ഹുന്‍സൂറിൽ ഗ്രാമനിവാസി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്.
വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കാമുകന്‍ ഹിങ്കല്‍നിവാസി ആഷിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.
🗞🏵 *എംഡിഎംഎയും കഞ്ചാവുമായി വിദ്യാർത്ഥികളടക്കം രണ്ടുപേർ അറസ്റ്റിൽ.* എറണാകുളത്ത് ഏവിയേഷൻ കോഴ്സ് പഠിക്കുന്ന വെച്ചൂച്ചിറ കൂത്താട്ടുകുളം കൊച്ചാലുമുട്ടിൽ അബിൻ വി. തോമസ് (22), വെച്ചൂച്ചിറ പണയിൽ അലൻ ജെ. ജോസഫ് (24) എന്നിവരെയാണ് പൊൻകുന്നം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
🗞🏵 *കോളിളക്കം സൃഷ്ടിച്ച കടയ്ക്കാവൂർ പോക്സോ കേസിൽ ആരോപണ വിധേയയായ അമ്മ നിരപരാധിയാണെന്ന വിധിയിൽ ഉറച്ച് നിൽക്കുകയാണ് കോടതി.* കേസിൽ അമ്മ നിരപരാധിയാണെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച മകന് തിരിച്ചടി നേരിടുമ്പോൾ നീതി ലഭിക്കുന്നത് അമ്മയ്ക്കാണ്. അമ്മയ്‌ക്കെതിരായ മകന്‍റെ ഹര്‍ജി ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇന്നലെ തള്ളിയത്. ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടും അമ്മയുടെ ജാമ്യവും റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം
🗞🏵 *സ്വകാര്യ ഓൺലൈൻ ഷോപ്പിങ് കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയിൽ ആഡംബര കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് വൈത്തിരി സ്വദേശിയിൽ നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തവരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.* ബിഹാർ ഗയ സ്വദേശി സിന്റു ശർമ (31), തമിഴ്നാട് സേലം സ്വദേശി അമൻ (19), എറണാകുളം സ്വദേശിയും ഡൽഹിയിൽ സ്ഥിരതാമസക്കാരനുമായ അഭിഷേക് (24), പത്തനംതിട്ട സ്വദേശിയും ന്യൂഡൽഹിയിൽ സ്ഥിരതാമസക്കാരനുമായ പ്രവീൺ (24) എന്നിവരെയാണ് പിടികൂടിയത്.
🗞🏵 *ആക്രമിക്കാൻ കാട്ടിൽനിന്നു ചാടി വീണ പുലിയെ ആദിവാസി കർഷകൻ സ്വയരക്ഷാർഥം വെട്ടിക്കൊന്നു.* ചിക്കണാംകുടി ആദിവാസി സങ്കേതത്തിൽ നിന്നുള്ള ഗോപാലനെ (48) പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപാലന്റെ രണ്ടു കൈകളും പുലി മാന്തിപ്പൊളിച്ചു. വലതുകൈ ഒടിയുകയും ചെയ്തു.
🗞🏵 *അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ച അമേരിക്കന്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസിന് ഫ്രാന്‍സിസ് പാപ്പയുടെ അഭിനന്ദനം.* സംഘടനയുടെ അധ്യക്ഷനായ പാട്രിക് കെല്ലിക്ക് അയച്ച കത്തിലൂടെയായിരുന്നു പാപ്പ അഭിനന്ദനമറിയിച്ചത്. ജീവിതവും, സാക്ഷ്യവും ഏറെ ഫലങ്ങള്‍ നല്‍കിയ ഈ വിശുദ്ധയുടെ ജീവിതം പകര്‍ത്തുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദിയെന്നും വിശുദ്ധി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ‘Mother Teresa: No Greater Love’ എന്ന ഡോക്യുമെന്ററി ഗുണം ചെയ്യുമെന്നും പാപ്പ കത്തില്‍ കുറിച്ചു. ഓഗസ്റ്റ് 29ന് റോമിലെ നോര്‍ത്ത് അമേരിക്കന്‍ സെമിനാരി കോളേജിലും, ഓഗസ്റ്റ് 31-ന് വത്തിക്കാന്‍ ഫിലിം ലൈബ്രറിയിലും ഡേവിഡ് നഗ്ളിയേരി സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരിന്നു.
🗞🏵 *സമൂഹത്തിന് നൽകിയ സ്തുത്യർഹ സേവനം കണക്കിലെടുത്ത് മലയാളി കത്തോലിക്ക വൈദികനു പോർച്ചുഗലിലെ മെഡൽ ഓഫ് മെറിറ്റ് ബഹുമതി.* സാകേവം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഔർ ലേഡീസ് ഓഫ് ഹെൽത്ത് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറായും, ഔർ ലേഡി ഓഫ് പ്യൂരിഫിക്കേഷൻ ഇടവക ദേവാലയത്തിന്റെ വികാരിയായും സേവനം ചെയ്യുന്ന ഫാ. പോൾ കൊല്ലിത്താനത്തുമലയിലിനാണ് ‘മെഡൽ ഓഫ് മെറിറ്റ്’ ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്. ലൂർസ് മുൻസിപ്പാലിറ്റിക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് സാകേവം പരിധിയില്‍ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് മെഡൽ ഓഫ് മെറിറ്റ് അദ്ദേഹത്തിന് നൽകാൻ അധികൃതർ തീരുമാനിക്കുന്നത്.
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
*ഇന്നത്തെ വചനം*
ഭൂമിയില്‍ നിക്‌ഷേപം കരുതിവയ്‌ക്കരുത്. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്‌ടിക്കും.
എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്‌ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്‌ടിക്കുകയില്ല.
നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.
കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍പ്രകാശിക്കും.
കണ്ണ് ദുഷ്‌ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്‌ധകാരമാണെങ്കില്‍ അന്‌ധകാരം എത്രയോ വലുതായിരിക്കും.
രണ്ട്‌യജമാനന്‍മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല: ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്‌ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.
മത്തായി 6 : 19-24
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
*വചന വിചിന്തനം*
സ്വർഗരാജ്യത്തിൽ നിക്ഷേപങ്ങൾ കരുതി വയ്ക്കുന്നതിനെക്കുറിച്ചാണ് വചനം നമ്മോട് സംസാരിക്കുന്നത്. നമ്മുടെ നിക്ഷേപങ്ങൾ ഏറ്റവും സുരക്ഷിതമായിടത്ത് സൂക്ഷിക്കാനാണ് നമ്മൾ ഇഷ്ടപ്പെടുന്നത്. ഈശോ കാണിച്ചുതരുന്ന ഏറ്റവും സുരക്ഷിതമായ ഇടം സ്വർഗമാണ്. സമ്പത്തിനുവേണ്ടി ബാക്കിയെല്ലാം – മൂല്യങ്ങളും കുടുംബ ബന്ധങ്ങളും വിശ്വാസവും ധാർമ്മികതയും തുടങ്ങിയുള്ളവ – തൃണവത്കരിക്കുന്ന സമ്പത്ത് മാത്രം അടിസ്ഥാനമാക്കിയ ഒരു സമൂഹമായി നമ്മൾ മാറിയെന്നതിൻ്റെ ദുരന്തഫലങ്ങൾ നമ്മൾ തന്നെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്തുവിനെ മാറ്റി വച്ചിട്ട് അവിടെ സമ്പത്തിനെ പ്രതിഷ്ഠിച്ചിരിക്കുന്നുവെങ്കിൽ കർത്താവ് നമ്മോട് പറയുന്നു ദൈവത്തെയും മാമോനെയും സേവിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*