🗞🏵 *രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.* രാവിലെ 9.30 മുതൽ കൊച്ചി കപ്പൽശാലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറും. ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും.
🗞🏵 *സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ അണുബാധകള്‍ അടിക്കടിയുണ്ടാകുന്ന പ്രവണത അടുത്ത കാലത്തായി വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍.* പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ മാസത്തില്‍ രണ്ടും മൂന്നും തവണ കുട്ടികളില്‍ കാണപ്പെടുന്നതായി പുണെയിലെ ചില ശിശുരോഗ വിദഗ്ധരെ ഉദ്ധരിച്ച് ഫോര്‍ബ്ക്യു റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളില്‍ നിന്ന് രോഗബാധിതരാകുന്ന കുട്ടികള്‍ വീട്ടിലെത്തി മുതിര്‍ന്നവരിലേക്കും ഈ വൈറല്‍ രോഗം പകരുന്ന സാഹചര്യമുണ്ടെന്ന് പുണൈയിലെ ഡോ. സഞ്ജയ് മാന്‍കര്‍ പറയുന്നു.
🗞🏵 *മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ അടക്കം റെയില്‍വേ വികസനത്തിനായി 4600 കോടിയുടെ പദ്ധതികള്‍ സംസ്ഥാനത്ത് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ തറക്കല്ലിടല്‍, നിര്‍മാണം പൂര്‍ത്തിയായ മെട്രോ പേട്ട-എസ്.എന്‍ ജംഗ്ഷന്‍ പാതയുടെ ഉദ്ഘാടനം, കോട്ടയം-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍, കൊല്ലം-പുനലൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഫ്‌ളാഗോഫ്, റെയില്‍വെ വൈദ്യുതീകരണം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത എന്നിവയടക്കം വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി മോദി നാടിന് സമര്‍പ്പിച്ചിരിക്കുന്നത്.
🗞🏵 *1993 മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 25 ലക്ഷം രൂപ പ്രഖ്യാപിച്ചു.* ഇയാളെ പിടികൂടാന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക.
🗞🏵 *മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.* കൊച്ചിയിൽ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ജനങ്ങൾക്ക് ഓണാശംസകൾ നേർന്നത്. കേരളത്തിൽ ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾ നടപ്പിലാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
🗞🏵 *ഷവർമയുണ്ടാക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ.* ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പുതിയ മാർഗനിർദ്ദേശ പ്രകാരം ഷവർമയുണ്ടാക്കാൻ ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് ഇല്ലാത്തവർക്ക് അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും.
🗞🏵 *കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്നത് പ്രവചനാതീത മഴയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍.* നിയമസഭയില്‍ പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ‘ഇടനാട് -മലനാട് -തീരപ്രദേശം എന്ന വിധത്തില്‍ മാറ്റപ്പെട്ട കേരളത്തില്‍ കുറച്ചുകൂടി ശക്തമായ പ്രവചന സംവിധാനങ്ങള്‍ ഒരുക്കാനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുകയാണ്.
🗞🏵 *കേരളത്തിൽ ഇന്നലെ സ്വർണത്തിന് വിലക്കുറവ്.* ഒരു പവന് 400 രൂപയും, ഒരു ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 37,200 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 4650 രൂപയുമാണ് വില. കഴിഞ്ഞ ഒരു മാസത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ രണ്ട് ദിവസത്തെ കണക്കെടുത്ത് നോക്കിയാൽ ഇത് വളരെ വലിയ കുറവ് തന്നെയാണ്.
🗞🏵 *പ്രശസ്‌ത സാമൂഹിക പ്രവർത്തക മേരി റോയി (89) അന്തരിച്ചു.* തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിൻതുടർച്ചാ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച പോരാളിയാണ് മേരി റോയ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്.
🗞🏵 *ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി, എണ്ണ വിപണന കമ്പനികൾ (ഒഎംസി) വാണിജ്യ ആവശ്യത്തിനുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) സിലിണ്ടറുകളുടെ വില കുറച്ചു.* പാചക വാതക വില കുത്തനെയാണ് കുറഞ്ഞിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് തൊണ്ണൂറ്റി നാല് രൂപ അൻപത് പൈസയാണ് കുറഞ്ഞത്. 1896 രൂപ അൻപത് പൈസയാണ് പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
🗞🏵 *ഡി. വൈ.എഫ്.ഐ നടത്തിയ ‘ആറാം നൂറ്റാണ്ട്’ പരാമർശത്തിൽ മറുപടിയുമായി വളാഞ്ചേരി കെ.കെ.എച്ച്.എം വാഫി കോളേജ്.* പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രബോധന കാലഘട്ടമെന്ന നിലയിൽ ഇസ്ലാമിന്റെ ധാർമിക ബോധങ്ങളെ വിമർശിക്കാനും പരിഹസിക്കാനും പലപ്പോഴും ‘ആറാം നൂറ്റാണ്ട്’ എന്ന പ്രയോഗം പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ, പ്രവാചകന്റെ പ്രബോധന കാലഘട്ടം ഏഴാം നൂറ്റാണ്ട് ആണെന്നും അതുകൊണ്ട് തന്നെ ആറാം നൂറ്റാണ്ട് എന്ന പ്രയോഗം തെറ്റും വിഡ്ഢിത്തവുമാണെന്ന് വാഫി സ്റ്റുഡന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
🗞🏵 *സംസ്ഥാനത്തെ കൂടിവരുന്ന വിവാഹമോചന കേസുകളിൽ വിവാദ പരാമർശവുമായി ഹൈക്കോടതി.* ജീവിത ആസ്വാദത്തിന് തടസമായി വിവാഹത്തെ കാണുന്നുവെന്ന കോടതിയുടെ പരാമർശമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
🗞🏵 *ആരോഗ്യ മേഖലയിൽ സുപ്രധാന നേട്ടം കരസ്ഥമാക്കി ഇന്ത്യ.* സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്‌സിൻ ഇന്ത്യ വികസിപ്പിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദർ പുനെവാലയാണ് ഇക്കാര്യം അറിയിച്ചത്. മാസങ്ങൾക്കുള്ളിൽ വാക്‌സിൻ വിപണിയിലെത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വാക്‌സിന്റെ വില 200 രൂപ മുതൽ 400 രൂപ വരെയായിരിക്കും. 90 ശതമാനം ഫലപ്രാപ്തി നൽകുന്നതാണ് വാക്‌സിൻ എന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്.
🗞🏵 *രാജ്യത്ത് വാട്സ്ആപ്പ് കോളുകൾക്കും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്.* ഇതിന്റെ ഭാഗമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് ഇന്റർനെറ്റ് ടെലിഫോൺ കോളുകൾ സംബന്ധിച്ച ശുപാർശ കേന്ദ്ര സർക്കാർ അയച്ചിട്ടുണ്ട്. ടെലികോം കമ്പനികളെ പോലെ ആപ്പുകൾക്കും സർവീസ് ലൈസൻസ് ഫീ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്.
🗞🏵 *അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസമിൽ മൂന്നാമത്തെ മദ്രസയും കഴിഞ്ഞ ദിവസം പൊളിച്ചു.* മദ്രസകൾ മറയാക്കി തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവ പൊളിച്ച് നീക്കാൻ പോലീസ് തയ്യാറായത്. ബോംഗൈഗാവ് ജില്ലയിലുള്ള മർകസുൽ മആരിഫ് ഖരിയാന മദ്രസയാണ് ഈ ലിസ്റ്റിൽ ഏറ്റവും അവസാനത്തേത്. അവിടെ താമസിച്ചിരുന്ന ഇരുന്നൂറോളം വിദ്യാർത്ഥികളെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റി.
🗞🏵 *പ്രധാനമന്ത്രി മോദിയുടെ ഭക്ഷണത്തിന്റെ ചിലവ് വഹിക്കുന്നത് അദ്ദേഹം തന്നെയാണെന്ന് വിവരാവകാശ രേഖയ്ക്ക് മറുപടിയായി പി.എം.ഒ സെക്രട്ടറി വ്യക്തമാക്കി.* പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്ഷണത്തിനായി സർക്കാർ ബജറ്റിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിംഗ് വിവരാവകാശ ഫയലിംഗിന് (ആർടിഐ) മറുപടി നൽകി. മോദി 30000 രൂപ വില വരുന്ന സ്‌പെഷ്യൽ കൂണ്‍ ശീലമാക്കിയിരുന്നുവെന്ന് മലയാളത്തിലെ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
🗞🏵 *മലദ്വാരം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.* വാരാണസി വിമാനത്താവളത്തിൽ കഴിഞ്ഞദിവസമായിരുന്നു യുവാവ് പിടിയിലായത്. വിമാനമിറങ്ങിയ ശേഷം പരിശോധനയ്ക്ക് ശേഷം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ യുവാവിന്റെ നടത്തത്തിൽ പന്തികേട് തോന്നിയ കസ്റ്റംസ് ഇയാളെ പിടിച്ച് നിർത്തി വീണ്ടും പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിൽ നിന്നും സ്വർണം കണ്ടെടുത്തത്.
🗞🏵 *കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട.* അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണവുമായി യുവാവിനെ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്നാണ് 1132.400 ഗ്രാം സ്വർണ്ണം പിടികൂടിയത്. 58,20,000 ത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.
🗞🏵 *പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ.* പെരുവള്ളൂർ കാക്കത്തടം സ്വദേശി വലിയ വളപ്പിൽവീട്ടിൽ എ പി അബ്ദുൽ ഹസീബ് (18) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം. യുവാവ് പെൺകുട്ടിയെ ഫോണിൽ വിളിച്ച് രാത്രി ഇറങ്ങിവരാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം വീട്ടുകാർ അറിയാതെ പുറത്തിറങ്ങിയ പെൺകുട്ടിയെ യുവാവ് കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഈ കാറിൽ വെച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആരോപിച്ചത്.
🗞🏵 *ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയുടെ ജാമ്യം കോടതി റദ്ദാക്കി.* തഴവ കടത്തൂർ വലിയത്ത് പടീറ്റതിൽ നൗഫലിന്റെ ജാമ്യം ആണ് കൊല്ലം ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയത്.
🗞🏵 *കൂടിയ അളവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ സംഭരിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തി വന്ന യുവാവ് അറസ്റ്റിൽ.* താമരക്കുളം സെയ്ബു മൻസിലിൽ അനസ് (40) ആണ് പൊലീസ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് ആണ് പിടികൂടിയത്.
🗞🏵 *വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയുമെന്ന മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല.* വാരിയംകുന്നന് സ്മാരകം പണിതാൽ, അത് തകർക്കാൻ ലോകത്തിലെ മുഴുവൻ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തെത്തുമെന്ന് ശശികല പറഞ്ഞു. മറുപടി പറയേണ്ടത് പോപ്പുലർ ഫ്രണ്ടുകാരനോ സുഡാപ്പിക്കാരനോ ഐ.എസുകാരനോ അല്ലെന്നും, പാണക്കാട് തങ്ങളടക്കമുള്ള മതനേതൃത്വമാണെന്നും ശശികല പറഞ്ഞു.
🗞🏵 *പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിശേഷം മുങ്ങിയ പ്രതി അറസ്റ്റിൽ.* കൊല്ലം കൊട്ടാരക്കര പത്തടി നൗഷാദ് മൻസിലിൽ പ്രാവ് നൗഷാദെന്ന് വിളിക്കുന്ന നൗഷാദ് (38) ആണ് പിടിയിലായത്. വിളപ്പിൽശാല പൊലീസാണ് പ്രതിയെ പിടികൂടിയത്.
🗞🏵 *കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു.* കൊക്കയാർ കുറ്റിപ്ലാങ്ങാട്, ആനന്ദ ഭവനിൽ പൊന്നമ്മ ഭാസ്കരനാ(63)ണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
🗞🏵 *പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ കീഴിലുള്ള പറ്റിയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം.* “ഞങ്ങള്‍ ഖാലിസ്ഥാനികളാണ്” എന്ന മുദ്രാവാക്യവുമായെത്തിയ അജ്ഞാതര്‍ ഇന്‍ഫന്റ് ജീസസ് കത്തോലിക്ക ദേവാലയത്തിലെ മാതാവിന്റെ പിയാത്ത രൂപം തകര്‍ക്കുകയും ഇടവക വികാരിയുടെ കാര്‍ അഗ്നിയ്ക്കിരയാക്കുകയും ചെയ്തിരിന്നു. ആക്രമണത്തിന് പിന്നാലെ ക്രൈസ്തവർ പലയിടത്തും പ്രതിഷേധ റാലികൾ നടത്തി. ഭിഖിവിന്ദ്, പറ്റി, ഖേംകരൻ, ഹരികെ, ഫിറോസ്പുർ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വഴികളും വിശ്വാസികളും നാട്ടുകാരും ചേർന്നു തടയുകയും ചെയ്തു.
🗞🏵 *മെക്സിക്കോയിലെ തലസ്ഥാന നഗരിയായ മെക്സിക്കോ സിറ്റിയിൽ വൈദികനെയും, സെമിനാരി വിദ്യാർഥികളെയും കെട്ടിയിട്ട് മോഷണം.* ഓഗസ്റ്റ് 29 രാവിലെ എട്ടുമണിക്കാണ് സെയിൻസ് ഓഫ് അമേരിക്ക എന്ന ഇടവക ദേവാലയത്തിൽ മോഷണം നടന്നത്. ഈ സമയത്ത് വിശുദ്ധ കുർബാനയ്ക്ക് വേണ്ടി ദേവാലയത്തിലേക്ക് പ്രവേശിക്കാൻ എത്തിയ ഇടവക വൈദികൻ ഫാ. ജോസ് ലൂയിസ് പെരസിനെയും, സെമിനാരി വിദ്യാർത്ഥികളെയും മോഷ്ടാക്കൾ കെട്ടിയിട്ടു. അവിടെയുണ്ടായിരുന്ന എല്ലാ വസ്തുക്കളും മോഷ്ടാക്കൾ കൊണ്ടുപോയെന്ന് ഫാ. ജോസ് ലൂയിസ് പെരസ് ‘എസിഐ പ്രൻസ’ എന്ന മാധ്യമത്തോട് പറഞ്ഞു.
🗞🏵 *ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിൽ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ അമേരിക്കൻ കത്തോലിക്ക സന്യാസിനിയെ മോചിപ്പിച്ചു.* മരിയ നൈറ്റ്സ് ഓഫ് ഹോളി ക്രോസ് സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ സുല്ലെൻ ടെന്നിസണ്ണാണ് മോചിതയായിരിക്കുന്നത്. ഇക്കാര്യം സന്യാസിനി സമൂഹത്തിന്റെയും രൂപതയുടെയും പ്രാദേശിക നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂ ഓർലിയൻസ് സ്വദേശിയായ സിസ്റ്റര്‍ സുല്ലെൻ ടെന്നിസൺ, 2014 മുതൽ വടക്കൻ ബുർക്കിനാ ഫാസോയിലെ ഒരു മിഷ്ണറി ഔട്ട്‌പോസ്റ്റിൽ സേവനമനുഷ്ഠിച്ചു വരികയായിരിന്നു.
🗞🏵 *ലോകമെമ്പാടുമുള്ള വധശിക്ഷ നിർത്തലാക്കപ്പെടുന്നതിനായി ഫ്രാന്‍സിസ് പാപ്പയുടെ സെപ്റ്റംബര്‍ മാസത്തിലെ പ്രാർത്ഥന നിയോഗം.* ഓരോ ദിവസവും, ലോകമെമ്പാടും വധശിക്ഷ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാന്‍ വേണ്ടിയുള്ള മുറവിളി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സഭയെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യാശയുടെ അടയാളമാണെന്നും നിയോഗം ഉള്‍ക്കൊള്ളിച്ചുക്കൊണ്ട് ‘പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്’ വഴി പുറത്തിറക്കിയ വീഡിയോയില്‍ പാപ്പ പറഞ്ഞു.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
*ഇന്നത്തെ വചനം*
ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേഅത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍.
നിങ്ങള്‍ ലോകത്തിന്റേ തായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു.
ദാസന്‍യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞവചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും.
എന്നാല്‍, എന്റെ നാമം മൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല.
യോഹന്നാന്‍ 15 : 18-21
നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാകാതിരിക്കേണ്ടതിനാണ് ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്.
അവര്‍ നിങ്ങളെ സിനഗോഗുകളില്‍നിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു.
അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇതു ചെയ്യും.
അവരുടെ സമയം വരുമ്പോള്‍, ഇതു ഞാന്‍ പറഞ്ഞിരുന്നു എന്നു നിങ്ങള്‍ ഓര്‍മിക്കാന്‍വേണ്ടി ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങള്‍ ആരംഭത്തിലേ നിങ്ങളോടു പറയാതിരുന്നത് ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്.
യോഹന്നാന്‍ 16 : 1-4
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
*വചന വിചിന്തനം*
കർത്താവിനെയോ അവിടത്തെ അനുയായികളെയോ സ്നേഹിക്കാൻ ലോകത്തിന് സാധ്യമല്ല. കാരണം അവർ ലോകത്തിൻ്റേതല്ല. അവർ സ്വർഗത്തിൻ്റെതാണ്. ലോകം അവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവർ ക്രൈസ്തവ മൂല്യങ്ങളിൽ മായം ചേർത്തു എന്ന് മനസിലാക്കണം. ഈശോ പീഡാനുഭവങ്ങളെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നൽകുന്നത് നമ്മൾ വിശ്വാസത്തെ പ്രതി നേരിടുന്ന പ്രതിസന്ധികളിൽ പതറിപ്പോകാതിരിക്കാനാണ്. ഈശോയെയും അവിടുത്തെ പിതാവിനെയും ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള വലിയ ദൗത്യം നമുക്കുണ്ട് എന്ന ബോധ്യം ഉള്ളിൽ പുലർത്താം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*