കൊച്ചി കപ്പൽശാല തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പൽ നാളെ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കുമ്പോൾ ഏറെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് വരാപ്പുഴ അതിരൂപതയിലെ പെരുമാനൂർ സെന്റ് ജോർജ് ഇടവക സമൂഹം. പുരാതനമായ പെരുമാനൂർ ഇടവകയുടെ കീഴിലുള്ള വരവുകാട്ടു കുരിശുപള്ളിയും (ഇപ്പോൾ പനമ്പിള്ളി നഗറിലുള്ള അംബികാപുരം പള്ളി) പൂർവികരുടെ അസ്ഥിയും മാംസവും അലിഞ്ഞുചേർന്ന സെമിത്തേരിയും വർഷങ്ങൾക്കുമുമ്പ് വിട്ടുകൊടുത്തപ്പോഴാണ് ഇന്നു കാണുന്ന കൊച്ചിൻ ഷിപ്പിയാർഡ് യാഥാർഥ്യമായത്.

1959ൽ രാജ്യത്തെ രണ്ടാമത്തെ കപ്പൽശാല സ്ഥാപിക്കാൻ കൊച്ചിയിൽ സ്ഥലം അന്വേഷിച്ച വിദഗ്ധർക്ക് നിർദേശിക്കാൻ ഒരുപേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ– പെരുമാനൂർ. തുറമുഖത്തിന്റെയും നാവികസേനാ ആസ്ഥാനത്തിന്റെയും സാമീപ്യമുള്ള കായലരികത്ത് നഗരഹൃദയത്തോട് ചേർന്ന പ്രദേശമായതാണ് കാരണം. 100 ഏക്കർ വേണമായിരുന്നു. മുന്നൂറോളം കുടുംബങ്ങൾ ഒഴിയണം. നൂറോളം കുടുംബങ്ങളുടെ ആരാധനാലയമായ വരവുകാട്ട് പള്ളിയെന്ന് അറിയപ്പെടുന്ന വ്യാകുലമാതാ പള്ളിയും അതിന്റെ സെമിത്തേരിയും മാറ്റിസ്ഥാപിക്കണം. പെരുമാനൂർ സെന്റ് ജോർജ് പള്ളിയുടെ കീഴിലുള്ള ഈ പള്ളിക്ക് അന്ന് 350 വർഷം പഴക്കമാണ് വിശ്വാസികൾ കണക്കാക്കിയിരുന്നത്.

അന്ന് വികാരിയായിരുന്ന മോൺസിഞ്ഞോർ ഡോ. അലക്സാണ്ടർ വടക്കുംതല വിശ്വാസികളെ കപ്പൽശാല സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുമനസ്സിലാക്കി. പൂർണസമ്മതത്തോടെയാണ് വിശ്വാസികൾ പള്ളിയും സെമിത്തേരിയും വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. 1960ൽ സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയെങ്കിലും കപ്പൽശാലയുടെ പണി തുടങ്ങാൻ പിന്നെയും വൈകി. സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായതോടെ 1970 സെപ്തംബർ 15ന് എംജി റോഡിന് കിഴക്കുഭാഗത്ത് പുതിയ പള്ളിക്ക് കല്ലിട്ടു. പിന്നീട് അംബികാപുരമെന്ന് അറിയപ്പെട്ട ഇവിടെ 1972 ജനുവരി 16ന് പുതിയ പള്ളി ആശീർവദിച്ചു. പിന്നെയും നാലുമാസത്തിനുശേഷമാണ് ഷിപ്പിയാർഡിന് കല്ലിട്ടത്– 1972 ഏപ്രിൽ 29ന്.

തങ്ങളുടെ പൂർവികരെ അടക്കം ചെയ്ത കുഴികളിൽനിന്ന് ഭൗതികാവശിഷ്ടം പെട്ടികളിലാക്കി പ്രദക്ഷിണമായി പുതിയ പള്ളിയായ അംബികാപുരത്തെ സെമിത്തേരിയിൽ അടക്കം ചെയ്തതും ചരിത്രം. രാജ്യപുരോഗതിക്കും ജനങ്ങളുടെ തൊഴിലവസരങ്ങൾക്കും വേണ്ടി ഒരു ജനത സഹിക്കാൻ തയാറായ മഹാത്യാഗത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിൽ സ്ഥാപിതമായ കപ്പൽശാല, നാളെ മറ്റൊരു ചരിത്രം കുറിക്കു മ്പോൾ അതിന്റെ ഭാഗമാകുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

ഷിപ്പിയാർഡും അംബികാപുരം പള്ളിയും സുവർണ ജൂബിലി ആഘോഷിക്കുന്ന വേളയുമാണിത്. പെരുമാനൂർ ഇടവകയുടെ കീഴിലുള്ള വരവുകാട്ടു കുരിശുപള്ളി കൊച്ചി കപ്പല്‍ ശാല സ്ഥാപിക്കാനായി വിട്ടുകൊടുത്തപ്പോൾ പകരം സ്ഥാപിച്ചതാണ് അംബികാപുരത്തെ പരിശുദ്ധ വ്യാകുലമാതാവിന്റെ ദേവാലയം. പെരുമാനൂർ ഇടവകയുടെ കീഴിൽ തന്നെയാണ് ഇന്നും ഈ ദേവാലയം.