ഒരു ജനതയുടെ സംസ്കാരവും നിലനിൽപ്പും തൊഴിലും വാസവും നശിപ്പിക്കുന്നത് കണ്ടുനിൽക്കാൻ കഴിയില്ലെന്നും അദാനിക്കു മുന്നിൽ അടിയറവു പറയരുതെന്നും വിഴിഞ്ഞം തുറമുഖ സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസ് ഡിക്രൂസ്. അന്‍പതിനായിരത്തിൽപരം മത്സ്യത്തൊഴിലാളികളുടെ ജീവന്റെയും നിലനിൽപ്പിന്റെയും പ്രശ്നമാണിത്. നഗരമധ്യത്തിൽ അടച്ചിട്ട മുറികളിലിരുന്നു തയാറാക്കുന്ന റിപ്പോർട്ട് ശരിയല്ലെന്നും റിപ്പോർട്ട് തയാറാക്കുന്നവർ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നുകിൽ തുറമുഖ നിർമാണം എന്നേക്കുമായി ഉപേക്ഷിക്കണം, അല്ലെങ്കിൽ തീരദേശ മത്സ്യത്തൊഴിലാളികളിൽ വൈദഗ്ധ്യമുള്ളവരെ കുടി ഉൾപ്പെടുത്തി സുതാര്യമായി പഠനം നടത്തണമെന്നും അതുവരെ പണി നടത്താൻ അനുവദിക്കില്ലെന്നു സമരസമിതി കൺവീനർ പറഞ്ഞു. സമരം കാരണം ഇവിടെ ക്രമസമാധാന പ്രശ്നമില്ല. ഇത്രയും ദിവസത്തെ സമരത്തിൽ അനിഷ്ട സംഭവമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.