*സീറോമലബാർ ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. തോമസ് പാടിയത്തിനെയും ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു.* മാനന്തവാടി രൂപതയുടെ സഹായമെത്രാനായി റവ. ഫാ. അലക്സ് താരാമംഗലത്തിനെ നിയമിച്ചു. സീറോമലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാർ തെരഞ്ഞെടുത്തത്.
*ഓണച്ചെലവുകൾക്കായി 3,000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു.* കഴിഞ്ഞ ചൊവ്വാഴ്ച 1,000 കോടി രൂപ കടമെടുത്തതിനു പുറമേയാണിത്. സർക്കാർ ജീവനക്കാർക്കു ബോണസും ക്ഷേമപെൻഷൻകാർക്ക് 2 മാസത്തെ പെൻഷനുംനൽകാനാണ് കടമെടുക്കുന്ന തുക മുഖ്യമായും ഉപയോഗിക്കുന്നത്. കടമെടുപ്പു ലേലം 29ന് റിസർവ് ബാങ്കിൽ നടക്കും.
*വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ലത്തീന്‍ അതിരൂപതയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ച പരാജയം.* തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്ന് അതിരൂപത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആകില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
*കെ റെയിലിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനവുമായി സിപിഐ.* തൃശ്ശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വീഴ്ച കോൺഗ്രസും ബിജെപിയും രാഷ്ട്രീയമായി മുതലെടുത്തുവെന്ന് സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
*സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയിലായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.* കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത് അതുകൊണ്ടാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ പല വിദ്യാര്‍ത്ഥികളും ആശങ്ക തന്നോട് തന്നെ പറഞ്ഞുവെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
*മുസ്ലീം പുരുഷന്‍ ഒന്നിലേറെ വിവാഹം കഴിക്കുന്നതു തടയാന്‍ കുടുംബകോടതിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി.* വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം കാലം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു. തലാക്ക് ചൊല്ലുന്നതില്‍നിന്നു തന്നെ വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
*യുഎൻ സുരക്ഷാ സമിതിയിൽ (യുഎൻഎസ്‌സി) നടന്ന പ്രൊസിജറൽ വോട്ടെടുപ്പിൽ റഷ്യയ്ക്കെതിരെ ആദ്യമായി വോട്ടു ചെയ്ത് ഇന്ത്യ.* 15 അംഗ സുരക്ഷാ കൗൺസിലിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ അഭിസംബോധന ചെയ്യാൻ ക്ഷണിച്ചപ്പോൾ റഷ്യ എതിർക്കുകയും ഇന്ത്യ അനുകൂലിക്കുകയുമായിരുന്നു.
*സംസ്ഥാനത്ത് സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്ക് പിന്നാലെ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി.* ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് എതിരെ മുസ്ലീം സംഘടനകളാണ് രംഗത്തെത്തിയത്. ഇതോടെ, കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
*പിതാവിനും സഹോദരിമാർക്കുമൊപ്പം കാറില്‍ പോകുമ്പോൾ അപകടം. 4 വയസ്സുകാരി മരിച്ചു.* കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ മുട്ടില്‍ കൊളവയലിലായിരുന്നു അപകടം. കൊളവയല്‍ തറപ്പുതൊട്ടിയില്‍ സജി ആന്റോയുടെ മകള്‍ ഐലിന്‍ തെരേസ ആണു മരിച്ചത്. 4 പെണ്‍കുട്ടികളാണ് സജിയ്ക്കും ഭാര്യ പ്രിന്‍സിക്കും. അപകടത്തിൽ മൂന്ന് പെൺമക്കളും സജിയും പരുക്കുകളോടെ രക്ഷപ്പെട്ടു.
*നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച് പി സി ജോര്‍ജ്.* മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവരങ്ങള്‍ വല്ലതുമുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് പി സി ജോര്‍ജ് ആരോപിക്കുന്നത്. പരിശോധനയില്‍ ഒന്നും കിട്ടാതായതോടെ കുട്ടികളുടെ ടാബ്‌ലറ്റ് വേണമെന്ന് പറഞ്ഞ ക്രൈബ്രാഞ്ചിന്റേത് നല്ല ഉദ്ദേശമല്ലെന്നും പി സി ജോര്‍ജ് ആരോപിച്ചു.
*നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുയെന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തില്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്.* കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ചത് ഷോണ്‍ ജോര്‍ജ് ആണെന്ന അന്വേഷണ സംഘത്തിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
*വിശ്വപ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റൂഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.* സല്‍മാന്‍ റൂഷ്ദി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
*രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 മുതൽ ലഭ്യമാകുമെന്ന് കേന്ദ്ര പ്രഖ്യാപനം.* മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പ്രഖ്യാപനം നടത്തിക്കൊണ്ട് മൂന്ന് വർഷത്തിനകം താങ്ങാവുന്ന നിരക്കിൽ സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചത്. കഴിഞ്ഞ മാസമായിരുന്നു 5ജി ലേലം ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്ര സർക്കാർ പൂർത്തിയാക്കിയത്. ടെലികോം കമ്പനികൾ 5ജി സേവനം ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
*രാജ്യത്ത് ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിനും കയറ്റുമതി നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.* വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയിലേക്ക് കേന്ദ്രം നീങ്ങിയത്. ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിക്കരുതെന്ന നിയമം ഭേദഗതി ചെയ്താണ് ഇത്തവണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനത്തിലൂടെ രാജ്യത്ത് വിലക്കയറ്റം പിടിച്ചു നിർത്തി ഗോതമ്പ് മാവിന്റെ വിതരണം ഉറപ്പുവരുത്താനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
*ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കുന്നതിനായി പാകിസ്ഥാൻ കേണൽ പ്രതിഫലം നല്കിയിരുന്നുവെന്ന് കശ്മീരിലെ ഇന്ത്യൻ ആർമിയുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭീകരൻ തബാറക് ഹുസൈൻ.* കഴിഞ്ഞ ആറ് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഹുസൈൻ അതിർത്തിക്കപ്പുറത്ത് നിന്ന് ഈ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലാകുന്നത്. തന്നെ പാക് സൈന്യത്തിലെ ഒരു കേണൽ ചാവേർ ദൗത്യത്തിന് അയച്ചതായി ഹുസൈൻ വെളിപ്പെടുത്തി.
*പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച വാഹനവ്യൂഹം വഴിയിൽ കുടുങ്ങിയ സംഭവം പഞ്ചാബ് പൊലീസിന്റെ വീഴ്‌ചയാണെന്ന് സുപ്രീം കോടതി.* മുൻ സുപ്രീം കോടതി ജഡ്ജി ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
*ഡൽഹി സർക്കാരിനെതിരായ അട്ടിമറി ശ്രമം ശക്തമെന്നാരോപിച്ച് ആം ആദ്മി നേതൃത്വം.* തങ്ങളുടെ ചില എംഎൽഎമാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് ആം ആദ്മി നേതൃത്വം വ്യക്തമാക്കുന്നു. പല എംഎൽഎമാരുമായും സംസാരിക്കാനോ ബന്ധപ്പെടാനോ പോലുമാകുന്നില്ലെന്ന് പാർട്ടി നേതൃത്വം വെളിപ്പെടുത്തുന്നത്.
*കുത്തബ് മിനാറിന് അവകാശവാദം ഉന്നയിച്ച് പുതിയ ഒരാൾ രംഗത്ത്.* കുൻവർ മഹേന്ദർ ധ്വജ് പ്രസാദ് സിംഗ് എന്നയാളാണ് കുത്തബ് മിനാർ തങ്ങളുടേതെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കുത്തബ് മിനാറിലെ ആരാധനയ്ക്കുള്ള അവകാശം സംബന്ധിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡൽഹിയിലെ ‘തോമർ രാജാവിന്റെ പിൻഗാമി’യാണ് താനെന്ന് പറഞ്ഞ് പ്രസാദ് സിംഗ് സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്.
*ലഹരിക്കടത്ത് നടത്തിയ രണ്ട് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.* മൻഖുർദിൽ നിന്ന് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും 2 കോടി 80 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയിലധികം എംഡി ഡ്രഗ് ഇവരിൽ നിന്നും പിടിച്ചെടുത്തു.
*മയക്കുമരുന്നുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ.* ചവറ പയ്യലക്കാവ് സ്വദേശി ഹുസൈൻ (30), ചവറ പയ്യലക്കാവ് സ്വദേശിനി ജോസ്ഫിൻ (27 ) എന്നിവരെയാണ് ചവറ പൊലീസ് പിടികൂടിയത്.
*ചായയിൽ എലിവിഷം കലർത്തി മകൾ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.* കീഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ ഇന്ദുലേഖയെ(39) പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ഇവർ കുറ്റം സമ്മതിക്കുകയുമായിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഇവർ അച്ഛനേയും കൊല്ലാൻ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി. കീടനാശിനി ചായയിൽ കലർത്തി അച്ഛന് നൽകുകയായിരുന്നു. രുചിമാറ്റം തോന്നിയതിനാൽ അച്ഛൻ ചായ കുടിച്ചില്ല.
*കഴക്കൂട്ടം കഠിനംകുളത്ത് വില്പനക്കായി ഓട്ടോയിൽ കൊണ്ടുവന്ന 27 ലിറ്റർ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ.* പിടിയിലായി. പെരുമാതുറ ഒറ്റപ്പന സ്വദേശികളായ നിയാസ് (23), ഷിബു (54) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഠിനംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്.
*പൗരസ്ത്യരത്നം അവാർഡ് മാർ പൗവത്തിലിന്* സീറോമലബാർ സഭയുടെ ആരാധനാക്രമരംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകുന്നവരെ ആദരിക്കാനായി സിനഡ് പുതിയതായി ‘പൗരസ്ത്യരത്നം’ അവാർഡ് ഏർപ്പെടുത്തി. സഭയുടെ ആരാധനാക്രമപൈതൃകങ്ങളെ സംരക്ഷിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവാണ് പൗരസ്ത്യരത്നം അവാർഡിന് ആദ്യമായി അർഹനായിരിക്കുന്നത്.
*യാമപ്രാർത്ഥനകൾ നവീകരിച്ചു*
സീറോമലബാർസഭയുടെ യാമപ്രാർത്ഥനകൾ മൂലരൂപത്തോടു വിശ്വസ്തത പുലർത്തിക്കൊണ്ടു നവീകരിക്കാനുള്ള പരിശ്രമങ്ങൾ ഒരു വ്യാഴവട്ടക്കാലമായി തുടരുകയായിരുന്നു. ശ്രമകരമായ ഈ ദൗത്യം പൂർത്തിയാക്കി നവീകരിച്ച യാമപ്രാർത്ഥനാഗ്രന്ഥത്തിന് സിനഡ് അംഗീകാരം നൽകി. യാത്രകളിലും മറ്റ് അവശ്യസന്ദർഭങ്ങളിലും ഉപയോഗിക്കാനുതകുന്ന ഹ്രസ്വരൂപത്തിലുള്ള യാമപ്രാർത്ഥനാഗ്രന്ഥവും ലഭ്യമാകും.
*ഞായറാഴ്ചകൾ പ്രവൃത്തിദിനങ്ങളാക്കുന്നതിൽ സിനഡ് പ്രതിഷേധിച്ചു* ഫയലുകൾ തീർപ്പാക്കുന്നതിന്റെ മറവിൽ ഞായറാഴ്ചകളെ പ്രവൃത്തിദിവസങ്ങളാക്കുന്ന ഉത്തരവുകൾ സർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്ന് ആവർത്തിച്ചുണ്ടാകുന്നത് പുനഃപരിശോധിക്കണമെന്നു സിനഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ ഞായറാഴ്ച ആചരണത്തെ പരിഗണിച്ചുകൊണ്ടുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രത്യാശിക്കുന്നു. വിവിധ മത്സര, പ്രവേശന പരീക്ഷകൾ ഞായറാഴ്ചകളിൽ ക്രമീകരിക്കുന്നത് ക്രൈസ്തവരായ അപേക്ഷകർക്ക് അവസരം നിഷേധിക്കുന്നതിനു സമാനമാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പതിവുകളെ മതേതരത്വത്തിന് വിരുദ്ധമായ ചിന്തകളോടെ മാറ്റിമറിക്കാനുള്ള ചില നിക്ഷിപ്ത താത്പര്യക്കാരുടെ നീക്കങ്ങളെ തിരിച്ചറിയാനും തിരുത്താനുമുള്ള ആർജ്ജവത്വം സർക്കാർ പ്രകടമാക്കണം, സിനഡ് പ്രസ്താവിച്ചു.
*തീവ്ര ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ശുചീകരണ തൊഴിലാളികളില്‍ 90%വും ക്രൈസ്തവര്‍.* ഉന്നത തൊഴിൽ മേഖലകളിൽ പൂർണ്ണമായി തഴയപ്പെടുന്ന ക്രൈസ്തവരുടെ ദയനീയാവസ്ഥയും നാമ മാത്ര ശമ്പളത്തിന് ജോലി ചെയ്യുന്ന ആഴ്ചകളോളം തങ്ങളുടെ ശമ്പളത്തിനായി കാത്തിരിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ടെന്ന് ജര്‍മ്മന്‍ സര്‍ക്കാരിന്റെ സഹായമുള്ള വാര്‍ത്ത ഏജന്‍സിയായ ‘ഡച്ചേ വില്ല’ കഴിഞ്ഞ ദിവസം പുറത്തുവിട്ട ലേഖനത്തില്‍ പറയുന്നു. “എന്തുകൊണ്ടാണ് ഇസ്ലാമാബാദിലെ ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍?” എന്ന തലക്കെട്ടോടെ പുറത്തുവന്ന ലേഖനത്തിലാണ് ഇക്കാര്യമുള്ളത്.
*ലോകം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും, യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശത്തേത്തുടര്‍ന്ന്‍ ഉടലെടുത്ത പ്രത്യേക സാഹചര്യവും മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ പലായനത്തിന് ആക്കം കൂട്ടിയെന്ന മുന്നറിയിപ്പുമായി കല്‍ദായ സഭാതലവന്‍.* നിലവില്‍ ലോകം നേരിടുന്ന പ്രതിസന്ധികള്‍ സഭയുടെ ചാരിറ്റി, സാമൂഹ്യ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചതാണ് മധ്യ പൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ പലായനത്തിന് ആക്കം കൂട്ടിയതെന്നു ഓഗസ്റ്റ് 21 മുതല്‍ ബാഗ്ദാദില്‍ നടക്കുന്ന കല്‍ദായ മെത്രാന്മാരുടെ വാര്‍ഷിക സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേ കര്‍ദ്ദിനാള്‍ റാഫേല്‍ സാകോ പറഞ്ഞു. ലോകം നേരിടുന്ന പ്രതിസന്ധികളും, യൂറോപ്പില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധവും മധ്യപൂര്‍വ്വേഷ്യയില്‍ സജീവമായിരുന്ന വിവിധ സഭാസംഘടനകളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സുസ്ഥിരതയ കാര്യമായി ബാധിച്ചുവെന്ന് പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി.
*ഇന്നത്തെ വചനം*
ഉപമകള്‍ വഴിയാണ് ഇതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഉപമകള്‍ വഴിയല്ലാതെ ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന സമയം വരുന്നു. അപ്പോള്‍ പിതാവിനെപ്പറ്റി സ്‌പഷ്‌ടമായി ഞാന്‍ നിങ്ങളെ അറിയിക്കും.
അന്ന് നിങ്ങള്‍ എന്റെ നാമത്തില്‍ ചോദിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു പ്രാര്‍ഥിക്കാം എന്നു പറയുന്നില്ല.
കാരണം, പിതാവുതന്നെ നിങ്ങളെ സ്‌നേഹിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുകയും ഞാന്‍ ദൈവത്തില്‍നിന്നു വന്നുവെന്നു വിശ്വസിക്കുകയുംചെയ്‌തിരിക്കുന്നു.
ഞാന്‍ പിതാവില്‍നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോള്‍ വീണ്ടും ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു പോകുന്നു.
അവന്റെ ശിഷ്യന്‍മാര്‍ പറഞ്ഞു: ഇപ്പോള്‍ ഇതാ, നീ സ്‌പഷ്‌ടമായി സംസാരിക്കുന്നു; ഉപമയൊന്നും പറയുന്നുമില്ല.
നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്‌സിലാക്കുന്നു. നീ ദൈവത്തില്‍നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.
യേശു ചോദിച്ചു: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?
എന്നാല്‍, നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന സമയം വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു. എങ്കിലും ഞാന്‍ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്.
നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.
യോഹന്നാന്‍ 16 : 25-33
*വചന വിചിന്തനം*
സഭയിൽ ഇന്ന് മർത്ത ശ്മോനിയുടെയും ഏഴുമക്കളുടെയും തിരുന്നാൾ ആചരിക്കുന്നു. മക്കബായരുടെ രണ്ടാം പുസ്തകം ഏഴാം അധ്യായത്തിൽ വിശ്വാസത്തിനുവേണ്ടി കഠിനത്യാഗം ചെയ്ത ഇവരുടെ സംഭവം വിവരിക്കുന്നുണ്ട്. പ്രലോഭനങ്ങളെ അതിജീവിച്ച് സഹനങ്ങളെയും മരണത്തെയും ഭയപ്പെടാതെ വിശ്വാസത്തിനുവേണ്ടി നിലകൊണ്ട ഈ ധീര രക്തസാക്ഷികൾ വിശ്വാസ സംരക്ഷണത്തിൽ നമുക്ക് മാതൃകയാകട്ടെ. പീഡനങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ വിശ്വാസത്തിൻ്റെ കരുത്ത് നമ്മൾ ആർജിക്കേണ്ടതുണ്ട് എന്ന പാഠം ഇവർ നമ്മെ പഠിപ്പിക്കുന്നു.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*