മുഖ്യമന്ത്രി യാഥാർഥ്യം തിരിച്ചറിയുന്നില്ലെന്ന് ലത്തീൻ അതിരൂപത. കടക്കൂ പുറത്തെന്ന് മത്സ്യത്തൊഴിലാളികളോട് പറയേണ്ട. മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നു എന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. തുറമുഖ മന്ത്രി വിഡ്ഢിയാണ്. അദ്ദേഹത്തിന്റെ പ്രസംഗം കള്ളങ്ങൾ കുത്തിനിറച്ചതാണ്. കൈക്കൂലി പറ്റിയവരുണ്ടെങ്കിൽ അദാനിക്ക് തിരിച്ചുകൊടുക്കണമെന്നും ഫാദർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ മത്സ്യത്തൊഴിലാളിസമരം മുന്‍കൂട്ടി തയാറാക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തുറമുഖനിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലും വ്യക്തമാക്കി. പദ്ധതി മൂലം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല. നിര്‍മാണം നിര്‍ത്തിയാല്‍ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തില്‍ ‘പുനര്‍ഗേഹം’ പദ്ധതി പ്രകാരം ഫ്ലാറ്റുകള്‍ നിര്‍മിച്ചുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനും പറഞ്ഞു. മുട്ടത്തറയില്‍ പത്തേക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മന്ത്രി മറുപടി നല്‍കി. എന്നാല്‍ വിഴിഞ്ഞത്ത് 250 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് സിമന്റ് ഗോഡൗണിലാണെന്ന് കോണ്‍ഗ്രസ് അംഗം എം.വിന്‍സന്റ് ആരോപിച്ചു. മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണ് ഈ ഗോഡൗണെന്നും അദ്ദേഹം പറഞ്ഞു.