തൃശൂർ ടൗണിൽ പൊലീസിന്റെ മിന്നൽ പരിശോധന. മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടർമാരും മദ്യപിച്ചതായി പൊലീസ് പരിശോധനയിൽ കണ്ടെത്തി. എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ശക്തൻ, വടക്കേ സ്റ്റാൻഡുകളിലായിരുന്നു തൃശൂർ ഈസ്റ്റ് പോലീസും സിറ്റി പോലീസും ചേർന്ന് പരിശോധന നടത്തിയത്. രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു.

നേരത്തെ തന്നെ സ്വകാര്യ ബസുകളുടെ സാഹസിക ഡ്രൈവിങ്ങിനെക്കുറിച്ചും ബസ് ജീവനക്കാരുടെ തെറ്റായ പ്രവർത്തികൾക്കെതിരേയും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിൽ യാതൊരു ഫലവും ഇല്ലാത്തതിന് പിന്നാലെയാണ് ഇപ്പോൾ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസ് പിടിച്ചിട്ടു. ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യ ബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.