*സംസ്ഥാനത്ത് സ്‌കൂളുകൾക്കുള്ള ഓണം അവധി തിയതികൾ പ്രഖ്യാപിച്ചു.* സെപ്റ്റംബർ 2 മുതൽ 11 വരെയാണ് ഓണം അവധി. ശനി, സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
മഴയുടെ സാഹചര്യത്തിൽ അവധികളുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പാഠഭാഗങ്ങൾ തീർക്കാൻ ഇനിയും ബാക്കിയാണെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്ച സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 24 മുതൽ ഓണം പരീക്ഷകൾ ആരംഭിക്കും.
*സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 23 മുതൽ ആരംഭിക്കും.* 22 നാണ് ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടക്കുക. മഞ്ഞ കാർഡ് ഉടമകൾക്ക് 23, 24 തീയതികളിൽ കിറ്റ് നൽകും. 29 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ നീല കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യും. സെപ്റ്റംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് വെള്ള കാർഡ് ഉള്ളവർക്ക് കിറ്റ് വിതരണം ചെയ്യുക. അതാത് തീയതികൾക്കുള്ളിൽ കിറ്റ് വാങ്ങാൻ സാധിക്കാതെ വരുന്ന ഏത് കാർഡ് ഉടമകൾക്കും സെപ്തംബർ നാല് മുതൽ ഏഴ് വരെയുള്ള ദിവസങ്ങൾ കിറ്റ് ലഭിക്കും. ഓണത്തിന് ശേഷം കിറ്റ് ലഭിക്കില്ല.
*സുപ്രീംകോടതി നിര്‍ദേശ പ്രകാരം അനധികൃതമെന്ന് കണ്ടെത്തിയ നോയ്ഡ ടവര്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്നത് 3500 കിലോഗ്രാം സ്‌ഫോടക വസ്തു.* ഓഗസ്റ്റ് 28 ന് ഉച്ചയ്ക്ക് രണ്ടര മണിക്കാണ് വിദഗ്ധര്‍ കെട്ടിടം സ്‌ഫോടക വസ്തു നിറച്ച് തകര്‍ക്കുക.
*സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രിയ വർഗീസ്.* യു.ജി.സി ചട്ടങ്ങളെ കുറിച്ച് ലവലേശം അറിവില്ലാത്തവരാണ് വിമർശനം ഉന്നയിക്കുന്നതെന്നും എഫ്‍.ഡി.പി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാം എന്ന് ചട്ടമുണ്ടെന്നും പ്രിയ വർഗീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
*അട്ടപ്പാടി മധു കൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് സർക്കാർ ഫീസ് നൽകുന്നില്ലെന്ന പരാതിയുമായി മധുവിന്‍റെ അമ്മ മല്ലി.* ഇത് ചൂണ്ടിക്കാട്ടി അമ്മ മല്ലി മന്ത്രി കൃഷ്ണൻകുട്ടിയെ നേരിട്ട് കണ്ട് പരാതി അറിയിച്ചു. പണം നൽകുന്നത് വൈകിയാൽ നേരത്തെ അഭിഭാഷകൻ പിൻവാങ്ങിയത് പോലെ ആവർത്തിക്കുമോ എന്ന് ഭയമുണ്ട്. പ്രോസിക്യൂട്ടർ ആയിരുന്ന പി ഗോപിനാഥ് നേരത്തെ ഫീസ് പ്രശ്നം മൂലം പിൻവാങ്ങിയിരുന്നു. സമാന അനുഭവം വീണ്ടും നേരിടേണ്ടിവരുമോ എന്നാണ് കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്.
*മതേതരത്വത്തിന്റെ പേര് പറഞ്ഞവർ തന്നെ അവരവരുടെ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.* ‘എല്ലാം മതേതരത്വമാണ്. ആരും മതം പറയരുതെന്ന് ഇവർ പറയും. എന്നാൽ, മതേതരത്വത്തിന്റെ പേര് പറഞ്ഞവർ എല്ലായിടത്തും അവരവരുടെ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണ് വെള്ളാപ്പള്ളി പറഞ്ഞു.
*ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ്.* നന്ദുവിന്റെ മരണത്തെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നന്ദുവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയപ്പോൾ ട്രെയിൻ തട്ടി മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. നന്ദുവിന് മർദ്ദനമേറ്റിരുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു
*മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ് റിപ്പോർട്ട്.* ശുപാർശ ഡി ഐ.ജി രാഹുൽ ആർ നായർ ജില്ല കളക്ടർക്ക് കൈമാറി.എന്നാൽ, സർക്കാർ നീക്കം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് ഫർസീൻ മജീദ് മാധ്യമങ്ങളോട് പറഞ്ഞു. ഫർസീൻ മജീദിനെതിരെ കാപ്പ ചുമഴ്ത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ഐ.ജി തലത്തിൽ നിന്നാണ് കളക്ടറുടെ അനുമതിയ്ക്കായുള്ള അപേക്ഷ പോയിട്ടുള്ളത്.
*ശബരിമല അയ്യപ്പന് 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്‍.* വിദേശത്ത് ബിസിനസ് ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ്, ശബരിമലയിൽ വഴിപാടായി സ്വര്‍ണമാല സമര്‍പ്പിച്ചത്.
*ധന സമാഹരണത്തിന് പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.* ഇത്തവണ യാത്രക്കാരുടെ വിവരങ്ങൾ സ്വകാര്യ- സർക്കാർ കമ്പനികൾക്ക് പണം ഈടാക്കി നൽകാനുള്ള പദ്ധതികൾക്കാണ് രൂപം നൽകുന്നത്. ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് വിഭാഗമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷനാണ് യാത്രക്കാരുടെ വിവരങ്ങൾ കൈമാറുക. ഇന്ത്യയിലെ ഏക റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനം എന്ന പ്രത്യേകതയും ഐആർസിടിസിക്ക് ഉണ്ട്.
*പുരുഷന്മാരേക്കാൾ കൂടുതല്‍ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കുള്ള സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുള്ളതായി സർവ്വേ ഫലം.* കേരളം ഉൾപ്പെടെയുള്ള പതിനൊന്നു സംസ്ഥാനങ്ങളിൽ, സ്ത്രീകൾക്കു കൂടുതൽ ലൈംഗിക പങ്കാളികളുള്ളതായി ദേശീയ കുടുംബ ആരോഗ്യ സർവ്വേയിലാണ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായുള്ള 707 ജില്ലകളിലാണ്, അഞ്ചാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേ നടത്തിയിരിക്കുന്നത്.
*രാജ്യത്തെ 10 കോടി ഗ്രാമീണ കുടുംബങ്ങളെ ശുദ്ധജല സൗകര്യമൊരുക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.* ഇന്ന് താൻ രാജ്യത്തിന്റെ മൂന്ന് വലിയ നേട്ടങ്ങൾ എല്ലാവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയുടെ ഈ നേട്ടങ്ങളെക്കുറിച്ച് അറിയുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. (‘അമൃത് കാൽ’) സുവർണ്ണ കാലത്തേക്കുള്ള ഇന്ത്യയുടെ ഉന്നതമായ ലക്ഷ്യങ്ങളിൽ മൂന്ന് സുപ്രധാന നാഴികക്കല്ലുകളാണ് ഇന്ന് നാം പിന്നിട്ടിരിക്കുന്നതെന്നും ഗോവയിൽ നടന്ന ‘ഹർ ഘർ ജൽ ഉത്സവ്’ പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.
*സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിച്ച് ഹൈക്കോടതി.* റോഡിലെ കുഴിയിൽ വീണ് ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്ക പ്രകടമാക്കി ഹൈക്കോടതി. അപകടം പെരുകുന്നുവെന്നും റോഡിലെ അപകടങ്ങളിൽ ആശങ്ക തോന്നുന്നുവെന്നും ഹൈക്കോടതി അറിയിച്ചു. ആരാണ് ഇതിന് ഉത്തരവാദിയെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. ആളുകൾ കുഴിയിൽ വീണ് മരിക്കുമ്പോൾ എന്തിന് ടോൾ എന്ന് കോടതി ചോദിച്ചു.
*തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനിതാ നീതി പസാരൈ എന്ന സംഘടന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നിരീക്ഷണത്തിൽ.* ഫെബ്രുവരിയിൽ ഐ.എസ്.ഐ.എസ് പ്രവർത്തകരായ നാല് പേരെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് എൻ.ഐ.എയുടെ നടപടി. കേരളം, തമിഴ്‌നാട്, കർണാടക എന്നിവടങ്ങൾ കേന്ദ്രീകരിച്ച് കൊണ്ട് സാദിഖ് ബാച്ച എന്ന് വിളിക്കുന്ന സാദിഖ് ബാഷയും കൂട്ടാളികളും നടത്തിവന്ന ഗൂഡാലോചനയുടെ വേരുകൾ തിരുവനന്തപുരത്തുമുണ്ടെന്ന് റിപ്പോർട്ട്.
*ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.* ഈ രാജ്യത്തെ പ്രധാനമന്ത്രിയായ തനിക്കുള്ള അവകാശങ്ങളെല്ലാം തന്നെ ഹിന്ദുക്കൾക്കും ഉണ്ടെന്നാണ് ഹസീന പ്രഖ്യാപിച്ചത്.‘രാജ്യത്തെ ഹിന്ദു സമൂഹത്തോട് എനിക്കൊരു അപേക്ഷയുണ്ട്. നിങ്ങളൊരിക്കലും ന്യൂനപക്ഷമാണ് എന്ന് ചിന്തിക്കരുത്. ബംഗ്ലാദേശിൽ അവകാശങ്ങൾ എല്ലാ പൗരന്മാർക്കും തുല്യമാണ്. ഒരിക്കലും സ്വയം വിലകുറച്ച് ചിന്തിക്കേണ്ടതില്ല. മതമല്ല ഘടകം, എല്ലാവർക്കും ഈ രാജ്യത്ത് ഒരേ അവകാശങ്ങളാണുള്ളത്. ബംഗ്ലാദേശിൽ എനിക്കുള്ള എല്ലാ അവകാശങ്ങളും നിങ്ങൾക്കുമുണ്ട്.’ ഷെയ്ഖ് ഹസീന പറഞ്ഞു.
*എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലേറിയ നിതീഷ് കുമാറിന് തലവേദനയായി സ്വന്തം പാര്‍ട്ടിയില്‍ നിന്നുയരുന്ന പരാതികള്‍.* തന്നെ മന്ത്രിയാക്കാത്തതില്‍ ജെഡിയു മുതിര്‍ന്ന നേതാവ് ബീമാ ഭാരതി ഉൾപ്പെടെ പല നേതാക്കളും ഇടഞ്ഞുനില്‍ക്കുന്നതാണ് നിതീഷ് കുമാറിന് മുന്നിലെ പുതിയ തലവേദന. എല്ലാ തവണയും തനിക്ക് എല്ലാവരേയും മന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും നേതാക്കള്‍ കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യണമെന്നുമാണ് ബീമയുടെ പരാതിയോട് നിതീഷ് കുമാര്‍ പ്രതികരിച്ചത്.
*മുൻ നാർക്കോട്ടിക്സ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡേയ്‌ക്ക് വധഭീഷണി.* സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്.‘അമൻ’ എന്ന് പേരുള്ള ഒരു ട്വിറ്റർ പ്രൊഫൈലിൽ എന്നാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലാം തീയതി സമീർ വാങ്കഡേയ്‌ക്ക് നേരെ വധഭീഷണിയുയർന്നത്.’നിങ്ങൾ ചെയ്തത് എന്താണെന്ന് നിങ്ങൾക്ക് നന്നായി അറിയാം.കൊണ്ടുതന്നെ ആ ചെയ്തതിനു നിങ്ങൾ കണക്ക് പറയേണ്ടി വരും’, എന്നായിരുന്നു സമീറിന് ലഭിച്ച ഭീഷണി സന്ദേശം. ‘ നിന്നെ തീർത്തു കളയും’ എന്നായിരുന്നു മറ്റൊരു സന്ദേശം.
*ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ലിബറലിസം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം.* ലിംഗ സമത്വ യൂണിഫോമിനോട് എതിര്‍പ്പില്ലെന്നും, പക്ഷെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ചിരുത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ക്ലാസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് സമൂഹത്തിന് വലിയ ദോഷം ചെയ്യുമെന്നും സലാം പറഞ്ഞു.
*കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയതിന്റെ വിഷമത്തിൽ മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ബാംഗളൂരുവിൽ യുവാവ് ആത്മഹത്യ ചെയ്തു.* സമീയുള്ള എന്നയാളാണ് മരിച്ചത്. കാമുകനൊപ്പം പോയ ഭാര്യ ഗൾഫിൽ നിന്ന് ഫോൺ വഴി സമീയുള്ളയെ കളിയാക്കാറുണ്ടായിരുന്നു. ഇതിൽ മനം നൊന്താണ് യുവാവ് കുഞ്ഞുങ്ങൾക്ക് വിഷം നൽകി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.
*ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കേസ് എടുക്കാത്തതിൽ വീണ്ടും പരാതിയുമായി അഭിഭാഷകൻ രംഗത്ത്.* സുപ്രീംകോടതി അഭിഭാഷകൻ ജി.എസ് മണിയാണ് ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഡി.സി.പിക്ക് പരാതി നൽകിയത്.
*കണ്ണൂരില്‍ വ്യാജസ്വര്‍ണം പണയം വെച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ.* കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (29), പാറാലിലെ പഠിഞ്ഞാറെന്റവിടെ വീട്ടിൽ ശോഭന (57) എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. അഫ്‌സലിന്റെ കൈയ്യില്‍ നിന്നും 10 പവനോളം വ്യാജ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
15 ഓളം ബാങ്കുകളിൽ ഇവർ സമാന തട്ടിപ്പ് നടത്തിയതായി മനസിലായിട്ടുണ്ട്. സ്വർണം പൂശിയ മുക്കുപണ്ടം യാതൊരു സംശയവുമില്ലാതെ സഹകരണബാങ്കുകളിൽ പണയം വെച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്
*സംസ്ഥാനസർക്കാർ തീവ്രവാദ-ലഹരി കൂട്ടുകെട്ടിനോട് കണ്ണടയ്ക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.* രാജ്യത്തെ ലഹരി ഇടപാടിന്‍റെ മുഖ്യ ഹബ്ബായി കേരളം മാറിയത് ഭരിക്കുന്നവരുടെ ഒത്താശയോടെയെന്നും ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് തീവ്രവാദ സംഘടനകളാണെന്നും കേന്ദ്രമന്ത്രി ഒബിസി മോർച്ച പഠനശിബിരത്തിൽ പറഞ്ഞു. ഈ സംഘമാണ് ഒബിസി മോർച്ച നേതാവ് രഞ്ജിത് ശ്രീനിവാസൻ്റെ ജീവനെടുത്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
*നിരവധി കേസുകളിൽ പ്രതിയായ മൂന്നുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു.* തൃശൂർ നാട്ടിക പന്ത്രണ്ട് കല്ല് ഭാഗത്ത് അമ്പലത്ത് സിനാർ (26), പറവൂർ കരുമാല്ലൂർ മാക്കനായി കൂവപ്പറമ്പ് ജബ്ബാർ ( ജബ്ബാർ-42), എടവനക്കാട് ചാത്തങ്ങാട് സെയ്തുമുഹമ്മദ് ബീച്ച് റോഡിൽ ഒളിപ്പറമ്പിൽ സരുണ്‍ (25) എന്നിവരെയാണ് കാപ്പ ചുമത്തി തടവിലാക്കിയത്.
*മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ പ്രവർത്തനങ്ങളുടെ ദിശ നിർണ്ണയിക്കുക എന്ന ലക്ഷ്യത്തോടെ, ഏഷ്യയിലെ മെത്രാന്മാരുടെ സംഘടനയുടെ അന്‍പതാം സമ്മേളനം ആഗസ്റ്റ് 22ന് ആരംഭിക്കും.* തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള വാഴ്ത്തപ്പെട്ട നിക്കോളാസ് ബങ്കർഡ് കിറ്റ്ബാംരുങ്ങിന്റെ ദേവാലയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ ഏഷ്യൻ മെത്രാന്മാരുടെ സംയുക്ത സമിതിയുടെ പൊതുസമ്മേളനത്തിന് തുടക്കമാകും. സമ്മേളനം കത്തോലിക്ക വാർത്ത ഏജൻസികളുടെയും സാമൂഹ്യ മാധ്യമങ്ങളുടെ പേജുകളിലും തത്സമയം ലഭ്യമാക്കും. 1970-ൽ പോൾ ആറാമൻ പാപ്പയുടെ മനില സന്ദർശന സമയത്താണ് ഏഷ്യയിലെ മെത്രാന്മാർ ആദ്യമായി ഒരുമിച്ച്കൂടിയത്. ഈ അവസരത്തിലാണ് ഏഷ്യയിലെ മെത്രാ൯ സമിതികളുടെ സംഘടന സ്ഥാപിതമായത്.
*ഇന്നത്തെ വചനം*
അവന്‍ ജനങ്ങളെ തന്റെ അടുത്തു വിളിച്ചു പറഞ്ഞു: നിങ്ങള്‍ കേട്ടു മനസ്‌സിലാക്കുവിന്‍;
വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്‌ധനാക്കുന്നത്.
അപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തുവന്നു പറഞ്ഞു: ഈ വചനം ഫരിസേയര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കിയെന്ന് നീ അറിയുന്നുവോ?
അവന്‍ മറുപടി പറഞ്ഞു: എന്റെ സ്വര്‍ഗീയ പിതാവ് നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാറ്റപ്പെടും.
അവരെ വിട്ടേക്കൂ; അവര്‍ അന്‌ധരെ നയിക്കുന്ന അന്‌ധരാണ്. അന്‌ധന്‍ അന്‌ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും.
ഈ ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തരണമേ എന്നു പത്രോസ് അപേക്‌ഷിച്ചു.
അവന്‍ ചോദിച്ചു: നിങ്ങള്‍ ഇപ്പോഴും ഗ്രഹണശക്‌തിയില്ലാത്തവരാണോ?
വായില്‍ പ്രവേശിക്കുന്നവ ഉദരത്തിലേക്കുപോകുന്നെന്നും അവിടെനിന്ന് അതു വിസര്‍ജിക്കപ്പെടുന്നെന്നും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?
എന്നാല്‍, വായില്‍നിന്നു വരുന്നത് ഹൃദയത്തില്‍ നിന്നാണു പുറപ്പെടുന്നത്. അതു മനുഷ്യനെ അശുദ്‌ധനാക്കുന്നു.
ദുശ്‌ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍ നിന്നാണ് പുറപ്പെടുന്നത്.
ഇവയാണ് ഒരുവനെ അശുദ്‌ധനാക്കുന്നത്. കൈകഴുകാതെ ഭക്‌ഷണം കഴിക്കുന്നത് ആരെയും അശുദ്‌ധനാക്കുന്നില്ല.
മത്തായി 15 : 10-20
*വചന വിചിന്തനം*
ക്രിസ്തീയ ആത്മീയതയും മറ്റ് മതങ്ങളിലെ ആത്മീയതയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മറ്റ് പലതും ബാഹ്യമായ ആചാരാനുഷ്ഠാനങ്ങൾക്കും മാമൂലുകൾക്കും പ്രാധാന്യം നൽകുമ്പോൾ ക്രിസ്തീയത അന്തരീകഭാവങ്ങൾക്ക് പ്രാധാന്യം നൽകുന്നു. നന്മയും തിന്മയും അടങ്ങിയിരിക്കുന്നത് ആചാരാനുഷ്ഠാനങ്ങളിലല്ല പ്രവർത്തികളിലാണ് എന്ന് ഈശോ നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തീയതയെ ഒരു ജീവിതരീതിയായി മനസിലാക്കാൻ നമുക്ക് പരിശ്രമിക്കാം. ആ ജീവിത രീതിയിൽ നമുക്ക് മുന്നേറാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*