വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിൽ പ്രതിഷേധക്കാരുമായി സർക്കാർ നടത്തുന്ന നിർണ്ണായക ചർച്ച ഇന്ന്. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ അദ്ധ്യക്ഷതയിലാണ് ചർച്ച. തുറമുഖ നിർമ്മാണം നിർത്തിവെയ്ക്കണമെന്നത് അടക്കമുള്ള ഏഴിന ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത.
തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം ഇന്ന് നാലാം ദിനമാണ്. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നൽകുന്നത്. നൂറുകണക്കിന് സമരക്കാരാണ് ദിവസവും പന്തലിലെത്തുന്നത്. ആഗസ്റ്റ് 31 വരെ സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
ഓരോ ദിവസവും വിവിധ ഇടവകകളിലെ വിശ്വാസികളും മത്സ്യത്തൊഴിലാളികളും സമരമുഖത്തേയ്ക്ക് എത്തും. സർക്കാർ അവഗണന തുടരുന്ന സാഹചര്യത്തിൽ ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നാണ് സഭയുടെ തീരുമാനം. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ ലാഘവത്തോടെ കാണുന്നുവെന്ന് അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞിരുന്നു.
ഗൂഢാലോചനക്കേസുകൾ റദ്ദാക്കണം: സ്വപ്നയുടെ ഹർജിയിൽ വിധി ഇന്ന്
ഗൂഢാലോചനക്കേസുകൾ റദ്ദാക്കണമെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. പാലക്കാടും തിരുവനന്തപുരത്തുമുള്ള കേസുകൾ റദ്ദാക്കണമെന്നാണ് ആവശ്യം. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറയുക.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീൽ എംഎൽഎ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ രണ്ട് ഹർജികൾ ഫയൽ ചെയ്തിരുന്നത്. റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമോയെന്ന് വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.
കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാൻ സ്വപ്നയോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കേസുകൾ റദ്ധാക്കാനാകില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. അതേസമയം, കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലം സ്വപ്ന സുരേഷ് സമർപ്പിച്ചിരുന്നു. ജലീൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ സത്യവാങ്മൂലത്തിലുണ്ട്.