പരമ്പരാഗത ജനവിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ കാനഡയിലേക്കുള്ള അപ്പസ്തോലിക പര്യടനം ജൂലൈ 24നു ആരംഭിക്കും. റോമിലെ ഫ്യുമിച്ചീനോ അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന് ജൂലൈ 24 ഞായറാഴ്ച പുറപ്പെടുന്ന പാപ്പയെ എഡ്മണ്ടൻ അന്തർദേശീയ വിമാനത്താവളത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധികളും സഭാനേതൃത്വവും ഔദ്യോഗികമായി സ്വീകരിക്കും. ജൂലൈ 25 തിങ്കളാഴ്ച തദ്ദേശീയ ജനതയുമായുള്ള കൂടികാഴ്ചയോടെയാണ് പാപ്പയുടെ ആദ്യ പൊതു പരിപാടി നടക്കുക. മെസ്ക്വാചീസിൽ വച്ചായിരിക്കും കൂടിക്കാഴ്ച. അവിടെ നിന്ന് എഡ്മണ്ടനിൽ തിരിച്ചെത്തുന്ന പാപ്പ ഉച്ചകഴിഞ്ഞു തദ്ദേശീയ സമൂഹത്തെയും തിരുഹൃദയ ഇടവകയിലെ ഇടവകാംഗങ്ങളെയും സന്ദർശിക്കും.
26 ചൊവ്വാഴ്ച എഡ്മണ്ടനിലെ കോമൺവെൽത്ത് സ്റ്റേഡിയത്തിൽ മാര്‍പാപ്പ ദിവ്യബലിയർപ്പിക്കും. അതിനു ശേഷം നഗരത്തിനു വെളിയിലുള്ള ലാക്എസ്റ്റിഎന്നിൽ ഒരു തീർത്ഥാടനത്തിലും വചന ശുശ്രൂഷയിലും പങ്കെടുക്കും. പടിഞ്ഞാറൻ കാനഡയിലെ സന്ദർശനം തീർത്ത ശേഷം ബുധനാഴ്ച ജൂലൈ 27 ന് ക്യുബെക് പട്ടണത്തിലേക്ക് തിരിക്കും. കാനഡയിലെ ഗവർണ്ണർ ജനറൽ ഫ്രാൻസിസ് പാപ്പയെ ഒദ്യോഗികമായി സ്വീകരിക്കും. തുടര്‍ന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായും സിവിൽ അധികാരികളും, തദ്ദേശിയ ജനതയുടെ പ്രതിനിധികളും നയതന്ത്ര വിഭാഗത്തിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. ജൂലൈ 28 വ്യാഴാഴ്ച ദേശീയ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ ആൻ ഡി ബ്യൂപ്രേയുടെ ദേവാലയത്തിൽ ദിവ്യബലിയർപ്പണം നടത്തും. വൈകിട്ട് മെത്രാന്മാർ, വൈദീകർ, ഡീക്കന്മാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലക പ്രവർത്തകർ എന്നിവരോടൊപ്പം നോട്രഡാം കത്തീഡ്രലിൽ സായാഹ്ന പ്രാർത്ഥനയിൽ പങ്കുചേരും.
ജൂലൈ 27 വെള്ളിയാഴ്ച ജെസ്യൂട്ട് സമൂഹാംഗങ്ങളുമായി ക്യുബെക്കിലെ അതിരൂപതാ മന്ദിരത്തിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന പാപ്പ, അതിനു ശേഷം അവിടെ വച്ച് തന്നെ തദ്ദേശീയ ജനതകളുടെ പ്രതിനിധി സംഘത്തെയും കാണും. തുടര്‍ന്നു ഇഖാളുവിറ്റിലേക്ക് യാത്രയാകും. ഇവിടെ വച്ച് മുൻ റെസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളുമായി ഇഖാളുവിറ്റ് പ്രൈമറി സ്കൂളിൽ വച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തും. ഇവിടെ തന്നെ വച്ച് യുവാക്കളും മുതിർന്നവരുമായി ഒരുമിച്ച് നടത്തുന്ന കൂടിക്കാഴ്ചയായിരിക്കും ഫ്രാൻസിസ് പാപ്പയുടെ കാനഡയിലെ അവസാന പൊതുപരിപാടി.
സാധാരണരീതിയിൽ ഏതെങ്കിലും ഒരു രാജ്യത്തേക്ക് നടത്തുന്ന യാത്രയോ, കത്തോലിക്ക സമൂഹത്തെ പൊതുവിൽ സന്ദർശിക്കുക എന്നതിൽനിന്ന് വ്യത്യസ്തമായി, തന്റെ കാനഡ സന്ദർശനത്തിൽ, തദ്ദേശീയരായ ആളുകളെ കാണാൻ ക്രിസ്തുവിന്റെ നാമത്തിലാണ് താൻ പോകുന്നതെന്ന് പാപ്പ വ്യക്തമാക്കി. അവിടെയുള്ള തദ്ദേശീയർ അനുഭവിക്കേണ്ടിവന്ന തിന്മകൾക്കും വേദനകൾക്കും പരിഹാരമായും, ആ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള മാർഗ്ഗവുമായുമാണ് ഫ്രാൻസിസ് പാപ്പ തന്റെ അപ്പസ്തോലിക യാത്രയെ കാണുന്നത്.