മെത്രാന്‍മാര്‍ക്കുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ സ്ത്രീകളെ നിയമിക്കുമെന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം ഫലത്തില്‍. മൂന്ന്‍ വനിതകള്‍ ഉള്‍പ്പെടെ 14 പുതിയ അംഗങ്ങളെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചതായി വത്തിക്കാന്‍ പ്രസ്സ് ഓഫീസ് അറിയിച്ചു. ചരിത്രത്തില്‍ ഇതാദ്യമായാണ് മെത്രാന്‍മാര്‍ക്കുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയിലേക്ക് വനിതകളെ നിയമിക്കുന്നത്. ഇന്നലെ ജൂലൈ 13-നാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. ഡോട്ടേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്റ്റ്യന്‍സ് സമൂഹത്തിന്റെ മുന്‍ സുപ്പീരിയര്‍ ജനറലായ ഫ്രഞ്ച് കന്യാസ്ത്രീ യിവോണ്‍ റിയുന്‍ഗോട്ട്, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ സെക്രട്ടറി ജനറലായ ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ റാഫേല്ല പെട്രിനി, വേള്‍ഡ് യൂണിയന്‍ ഓഫ് കാത്തലിക് വിമന്‍സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റും അര്‍ജന്റീനിയന്‍ സ്വദേശിനിയുമായ മരിയ ലിയാ സെര്‍വിനോ എന്നിവരാണ് മെത്രാന്‍മാര്‍ക്കുള്ള ഡിക്കാസ്റ്ററിയിലേക്ക് നിയമിക്കപ്പെട്ട വനിതകള്‍.
ഡിക്കാസ്റ്ററിയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യത്തെ അത്മായ വനിതകൂടിയാണ് മരിയ ലിയാ സെര്‍വിനോ.
വത്തിക്കാന്റെ വിവിധ ഡിക്കാസ്റ്ററികളിൽ വനിതകള്‍ക്ക് കൂടുതൽ സാധ്യതകൾ ഒരുക്കുമെന്നും, ഇതിന്റെ ഭാഗമായി മെത്രാന്മാർക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ ആദ്യമായി രണ്ടു സ്ത്രീകൾ സേവനത്തിനായി പ്രവേശിക്കുമെന്നും ഫ്രാൻസിസ് പാപ്പ ജൂലൈ 2-ന് റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് പറഞ്ഞതിനോടൊപ്പം ഒരു അത്മായ വനിതയേക്കൂടി ഉള്‍പ്പെടുത്തി മൂന്ന്‍ വനിതകള്‍ക്കാണ് പാപ്പ നിയമനം നല്കിയിരിക്കുന്നത്. ഇതുവരെ ഈ ഡിക്കാസ്റ്ററിയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്നു നിയമനം. ഒഴിവായി കിടക്കുന്ന രൂപതകളിലേക്ക് നിയമിക്കുവാനായി വൈദികരുടെയോ മെത്രാന്‍മാരുടേയോ പ്രൊഫൈലുകള്‍ പരിശോധിക്കുക എന്നതാണ് 24 അംഗ മെത്രാന്‍മാര്‍ക്കുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രധാന ജോലി. യോഗ്യരായ മൂന്ന്‍ പേരുടെ പേരുകള്‍ അടങ്ങുന്ന ‘ടെര്‍ന’ എന്ന ചുരുക്കപ്പട്ടിക പാപ്പക്ക് സമര്‍പ്പിക്കുവാന്‍ ചുമതലപ്പെട്ടിരിക്കുന്ന അപ്പസ്തോലിക പ്രതിനിധികളെയാണ് ഇതിനായി ഇവര്‍ പ്രധാനമായും ആശ്രയിക്കുന്നത്.
ഫ്രാന്‍സിലെ മാര്‍സില്ലേയിലെ മെത്രാപ്പോലീത്ത ജീന്‍ മാര്‍ക്ക് അവെലിന്‍, ഇറ്റലിയിലെ കൊമോയിലെ മെത്രാന്‍ ഓസ്കാര്‍ കന്റോണി, വൈദികര്‍ക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവനായ ദക്ഷിണ കൊറിയന്‍ മെത്രാന്‍ യു ഹിയുങ്ങ് സിക്, ബ്രിട്ടീഷ് മെത്രാന്‍ ആര്‍തര്‍ റോച്ചെ എന്നിവര്‍ക്ക് പുറമേ, സ്റ്റോക്ക്ഹോം മെത്രാന്‍ ആന്‍ഡേഴ്സ് അര്‍ബോറെലിയൂസ്, മനില മെത്രാപ്പോലീത്ത ജോസ് അഡ്വിന്‍കുല, ഹോളി റോമന്‍ ചര്‍ച്ച് ലൈബ്രേറിയനും ആര്‍ക്കിവിസ്റ്റുമായ ജോസ് ടോലെന്റീനോ ഡെ മെന്‍ഡോന്‍കാ (പോര്‍ച്ചുഗല്‍), മെത്രാന്‍മാരുടെ സിനഡിന്റെ ജനറല്‍ സെക്രട്ടറിയായ മാറിയോ ഗ്രെച്ച് (മാള്‍ട്ട), സ്പ്ളിറ്റ് മെത്രാപ്പോലീത്ത ഡ്രാസന്‍ കുട്ലെസ്, പോള്‍ ഡെസ്മണ്ട് ടിഗെ, ഡൊണാറ്റോ ഒഗ്ലിയാരി എന്നിവരാണ് മെത്രാന്‍മാരുടെ ഡിക്കാസ്റ്ററിയിലേക്ക് നിയമിക്കപ്പെട്ട മറ്റംഗങ്ങള്‍.