കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം ജൂണ്‍ 7,8,9 തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സിയില്‍ നടക്കും. 7-ന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും.

”കേരള കത്തോലിക്കാ സഭയുടെ നവീകരണവും സമര്‍പ്പിതജീവിതവും” എന്ന വിഷയത്തെക്കുറിച്ച് ഡോക്ട്രൈനല്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി ക്ലാസ് നയിക്കും. ഉച്ചയ്ക്കുശേഷം പൊന്തിഫിക്കല്‍ ദിവ്യബലിയും തുടര്‍ന്ന് കേരള സഭാനവീകരണ ഉദ്ഘാടനവും നടക്കും. വൈകിട്ട് 6-ന് കെസിബിസി സമ്മേളനം ആരംഭിക്കും.8,9 തീയതികളില്‍ കേരളസഭയിലെ നവീകരണത്തെക്കുറിച്ചും സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും.