പീഡന കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ പുതിയ പരാതി വന്നാല്‍ കേസെടുക്കുമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു. സമൂഹ മാധ്യമങ്ങളില്‍ പുതിയ ആരോപണം വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കി. പ്രതിയുടെ നീക്കം നിരീക്ഷിച്ച ശേഷം പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളില്‍ തീരുമാനമെടുക്കും.

വിജയ് ബാബു കീഴടങ്ങുകയാണ് വേണ്ടത്. പ്രതി സാക്ഷികളെ സ്വാധീനിക്കാതിരിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്നും കമ്മിഷണര്‍ അറിയിച്ചു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം നീളുന്നതു കേസിനെ ബാധിക്കില്ലെന്നും നാഗരാജു വ്യക്തമാക്കി.

ആദ്യമായി കണ്ടുമുട്ടിയ ദിവസം തന്നെ വിജയ് ബാബു കടന്നു പിടിച്ചു ചുംബിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘വിമന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്’ എന്ന സമൂഹമാധ്യമ പേജിലായിരുന്നു ആരോപണം. ദുര്‍ബലരായ സ്ത്രീകളെ സഹായം വാഗ്ദാനം ചെയ്തു പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നയാളാണു വിജയ് ബാബു എന്നതാണു തന്റെ അനുഭവമെന്നും യുവതി കുറിച്ചിരുന്നു.