പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കിണറുകളില്‍ തീ പടരുന്നു. കൂറ്റനാടും സമീപ പ്രദേശങ്ങളിലുമാണ് നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തി തീ പടരുന്നത്. ഈ പ്രദേശത്തെ ഭൂഗര്‍ഭ മേഖലയില്‍ വാതക സാന്നിധ്യമുണ്ടെന്നാണ് വിദഗ്ധര്‍ സംശയിക്കുന്നത്. കിണറിലേക്ക് കടലാസ് കത്തിച്ചിട്ടാല്‍ തീ പടരുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
ഏഴുമാസമായി ഈ പ്രശ്‌നം നേരിടുന്നതായി നാട്ടുകാര്‍ പറയുന്നു. ആദ്യം പ്രദേശത്തെ ഒരു വീട്ടിലാണ് ഇങ്ങനെ കണ്ടെത്തിയത്. രൂക്ഷ ഗന്ധവും രുചി വ്യത്യാസവുമുള്ള വെള്ളം അവര്‍ ഉപയോഗിക്കാതെയായി. വൈകാതെ പ്രദേശത്തെ മറ്റ് വീടുകളിലും ഈ പ്രശ്‌നം അനുഭവപ്പെട്ടു തുടങ്ങി. സമീപത്തെ പെട്രോള്‍ പമ്പിലെ മണ്ണിനടിയിലെ ടാങ്കില്‍ നിന്ന് ഇന്ധനം ചോര്‍ന്ന് കിണറിലെ വെള്ളവുമായി ചേരുന്നതാണെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്.
വിശദമായ പഠനം നടന്നുവരികയാണ്. വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കിണറില്‍ തീ കത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ ഇതു തന്നെയാണ് അവസ്ഥ. ഇതോടെ കിണറില്‍ തീ പടരുന്നതിന്റെ കാരണം അറിയാനായി വീട്ടുടമസ്ഥര്‍ വെള്ളം പരിശോധനയ്ക്ക് അയച്ചിരുന്നു.