യുക്രൈൻ അഭയാർത്ഥികളെ സ്വീകരിക്കുന്ന പോളണ്ടുകാർക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. യുദ്ധം തുടങ്ങിയതിനുശേഷം ഇതുവരെ അഞ്ചുലക്ഷത്തോളം അഭയാർത്ഥികൾ പോളണ്ടിലെത്തിയിട്ടുണ്ട്. സഹനങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈന്‍ ജനതയോട് മാർപാപ്പ ഐക്യദാർഢ്യം പ്രകടിപ്പിച്ചുതു. അഭയാർത്ഥികൾക്ക് ആശ്വാസഹസ്തവുമായി നിരവധി കത്തോലിക്കാ ഏജൻസികൾ രംഗത്തുണ്ട്. 3.80 കോടി ജനസംഖ്യയുള്ള പോളണ്ടുമായി യുക്രെയ്ൻ 332 മൈൽ അതിർത്തി പങ്കിടുന്നുണ്ട്. അഭയാർത്ഥികൾക്കുവേണ്ടി ഇന്നലെ പോളണ്ടിലെ ദേവാലയങ്ങളിൽ പിരിവു നടത്തിയിരിന്നു. കത്തോലിക്കാസഭയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആഗോള വ്യാപകമായി ഏകോപിപ്പിക്കുന്ന കാരിത്താസാണു പോളണ്ടിലും യുക്രെയ്നിലും പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നത്.

ഇന്നലെ വലിയ നോമ്പിന് റോമന്‍ സഭ ആരംഭം കുറിച്ച ദിവസം യുക്രൈന്‍റെ സമാധാനത്തിനു വേണ്ടി പാപ്പ പ്രാര്‍ത്ഥനാഹ്വാനം നടത്തിയിരിന്നു. ലോകത്തിൽ സമാധാനം ആരംഭിക്കുന്നത് യേശുവിനെ പിന്തുടർന്നുകൊണ്ടുള്ള നമ്മുടെ വ്യക്തിപരമായ മാനസാന്തരത്തിൽ നിന്നയാണെന്നും നമ്മുടെ പ്രാർത്ഥനയും ഉപവാസവും യുക്രെയ്നിലെ സമാധാനത്തിന് വേണ്ടിയുള്ള ഒരപേക്ഷയായിരിക്കുമെന്നും പാപ്പ ട്വീറ്റ് ചെയ്തു.മാർച്ച് രണ്ടാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ് എന്നീ ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.