റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ PDM
നോമ്പുകാലം ഉപവാസത്തിന്റെയും അനുതാപത്തിന്റെയും മാനസാന്തരത്തി ന്റെയും അവസരമാണ്. നോമ്പുകാലത്ത് ക്രൈസ്തവസമൂഹം ഉപവസിക്കാറുണ്ട്. പണ്ടുകാലത്ത് 50 നോമ്പിൽ ഞായറാഴ്ച ഒഴിച്ചുള്ള എല്ലാ ദിവസങ്ങളിലും ദൈവജനം ഉപവസിക്കുമായിരുന്നു. എന്നാൽ, പിന്നീട് വെള്ളിയാഴ്ചകളിൽ മാത്രമായി അത് ചുരുക്കി. നമ്മുടെ തലമുറയിലേക്ക് എത്തിയപ്പോൾ വലിയനോമ്പ് ആരംഭത്തിലും, ദുഃഖവെള്ളിയാഴ്ചയും മാത്രമെ ഉപവാസം നിർബന്ധമാക്കിയിട്ടുള്ളൂ. ഈ വെട്ടിച്ചുരുക്കൽ സഭയിൽ ഉപവാസത്തിന് പ്രാധാന്യമോ, ആവശ്യകതയോ ഇല്ലാത്തതിനാലല്ല; മറിച്ച് ആരുടെയും നിർബന്ധത്തിന്റെ പേരിലാകാതെ; ഓരോ വ്യക്തിയും
സ്വന്തമായി അനുഷ്ഠിക്കുന്നതിനുവേണ്ടിയാണ് ഈ നിർദ്ദേശം. ‘ഉപവസിക്കുക എന്നാൽ മാലാഖമാരുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. സാത്താനെതിരെ സമരത്തിനുള്ള ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഉപവാസം’ (അത്തനേഷ്യസ്).
‘ഈശോ നാല്പതു ദിനരാത്രങ്ങൾ ഉപവാസത്തിലും പ്രാർത്ഥനയിലും ചിലവഴിച്ച്
ആത്മാവിൽ ശക്തിപ്പെട്ടു’ (ലൂക്കാ 4:1-14). അവിടുത്തെ ജീവിതം നമ്മുക്ക് വലിയ മാതൃകയും
പ്രചോദനവുമാണ്. പാപം ചെയ്ത ഇസ്രായേൽ ജനത്തിനുവേണ്ടി മോശ 40 രാവും 40 പകലും ഉപവസിച്ചു പ്രാർത്ഥിക്കുന്നുണ്ട് (നിയ 9:18). യോനാ പ്രവാചകന്റെ ജീവിതത്തിലും ഇതുതന്നെ നമുക്ക് കാണാൻ സാധിക്കും. വിജാതീയരായ നിനവേക്കാർ യോനാ പ്രവാചകന്റെ പ്രസംഗം കേട്ടു. പ്രവാചകൻ വിളിച്ചു പറഞ്ഞു: ‘നിനവേയിലെ ജനങ്ങൾ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു. ഈ വാർത്ത നിനവേ രാജാവ് കേട്ടു. അവൻ സിംഹാസനത്തിൽ നിന്ന്
എഴുന്നേറ്റ് രാജകീയ വസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തിൽ ഇരുന്നു’ (യോനാ 3:5-7).
വിജാതീയരായ നിനവേക്കാർ യോനായുടെ വാക്കുകേട്ട് അനുതപിച്ചു – ഉപവസിച്ചു.
അവർ മനസ്സുതിരിഞ്ഞ് ദൈവത്തിലേക്ക് വന്നപ്പോൾ അവിടുന്ന് അവരോട് കരുണ കാണിച്ചു.
‘തങ്ങളുടെ ദുഷ്ടതയിൽ നിന്ന് അവർ പിൻതിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്സുമാറ്റി:
അവരുടെമേൽ അയയ്ക്കുമെന്നു പറഞ്ഞ തിന്മ അയച്ചില്ല’ (യോനാ.3:9-10).
മാനസാന്തരത്തിന്റെ ഫലങ്ങൾ
പുറപ്പെടുവിക്കണം.
ഉപവാസത്തിലൂടെ മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവരായി നാം
മാറണമെന്ന് ഏശയ്യാ പ്രവാചകൻ പറയുന്നു: ഉപവാസം എന്നത് ഭക്ഷണം കഴിക്കാതിരിക്കുക മാത്രമല്ല; മറിച്ച് കാരുണ്യപ്രവൃത്തികൾ ചെയ്യുന്നതും കൂടിയാകണം. കാരുണ്യ പ്രവൃത്തികൾ പതിനാല് – എന്ന് തിരുസഭ നമ്മെ പഠിപ്പിക്കുന്നു. അതിൽ ആദ്ധ്യാത്മികം ഏഴ്. ശാരീരികം ഏഴ്. ഈ നോമ്പുകാലത്ത് ശാരീരികം ഏഴ് നാം
പ്രത്യേകം ഓർക്കുന്നത് നന്നായിരിക്കും. വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത്, ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നത്, വസ്ത്രം ഇല്ലാത്തവർക്ക് വസ്ത്രം കൊടുക്കുന്നത്, പാർപ്പിടം ഇല്ലാത്തവർക്ക് പാർപ്പിടം കൊടുക്കുന്നത്, രോഗികളെയും തടവുകാരെയും സന്ദർശിക്കുന്നത്, അവശരെ സഹായിക്കുന്നത്, മരിച്ചവരെ അടക്കുന്നത്.
ദാനധർമ്മം
”ഉപവാസത്തിന്റെ കൂടെ ദാനധർമ്മം വേണം” (മഹാനായ ലിയോ). ”ദാനധർമ്മം
അനുധാവനം ചെയ്യുന്നില്ലെങ്കിൽ ഉപവാസം സ്വർഗ്ഗത്തിലേക്ക് ഉയരില്ല” (വി. ജോൺ ക്രിസോസ്‌തോം). ”സഹോദരരെ, നമ്മുടെ ഉപവാസം പാവപ്പെട്ടവർക്ക് സന്തോഷമായിരിക്കട്ടെ. അങ്ങനെ നമ്മുടെ ഉപവാസം നമുക്ക് നിത്യമായ സന്തോഷം പ്രദാനം ചെയ്യട്ടെ. യഥാർത്ഥമായ ഉപവാസം പൂർണ്ണതയിലെത്തുന്നത് ദാനധർമ്മം വിഭാവനം ചെയ്യുമ്പോഴാണ് (പത്രോസ് ക്രിസോലോഗസ് (450).
ഹൃദയത്തെ വിശുദ്ധീകരിക്കുക
ഉപവാസം അനുഷ്ഠിക്കുന്ന നാം നമ്മുടെ ഹൃദയത്തെ വഞ്ചനയിൽനിന്നും അനീതിയിൽനിന്നും ഏഷണിയിൽനിന്നും പിന്തിരിപ്പിക്കണം. സുഖപ്രദമായ വഴിയിൽക്കൂടി മാത്രം ജീവിക്കുന്നവർ തങ്ങളുടെ ആത്മാവിനെ അപകടപ്പെടുത്തുമെന്ന് ഈശോ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സ് ദുർബലമാകുകയും, ആ ദിവസം
ഒരു കെണിപോലെ പെട്ടെന്ന് നിങ്ങളുടെമേൽ വന്നുവീഴുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുവിൻ. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗവും ഈശോ പറഞ്ഞുതന്നിട്ടുണ്ട്. ”എപ്പോഴും പ്രാർത്ഥിച്ചുകൊണ്ട് ജാഗ
രൂകരായിരിക്കുവിൻ” (ലൂക്കാ 21:34-36). ഭക്ഷണം ഉപേക്ഷിക്കുന്നതുപോലെ മനസ്സിലും ഹൃദയത്തിലും നിന്ന് തിന്മയെ ഉപേക്ഷിക്കാൻ നാം തയ്യാറാകണം.
ക്ഷമിക്കുക, കരുണ കാണിക്കുക
”ദൈവകൃപ ആർക്കും നഷ്ടപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുവിൻ. വിദ്വേഷത്തിന്റെ
വേരുവളർന്ന് ഉപദ്രവം ചെയ്യാതിരിക്കുവാൻ സൂക്ഷിക്കുവിൻ. വിദ്വേഷം മൂലം പലരും
അശുദ്ധരായി തീരുന്നു” (ഹെബ്രാ 12:15). ”നാം ക്ഷമിക്കേണ്ടവർ നമ്മുടെ ഭവനത്തിൽത്തന്നെ
ഉണ്ടായിരിക്കാം. ഒരാൾക്ക് മറ്റൊരാളോട് പരിഭവം ഉണ്ടായാൽ പരസ്പരം ക്ഷമിച്ച് സഹിഷ്ണുതയോടെ വർത്തിക്കുവിൻ. കർത്താവ് നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കണം” (കൊളോ 3:13). ”അയൽക്കാരനോട് പകവെച്ചുപുലർത്തുന്നവന് കർത്താവിൽനിന്ന് കരുണ പ്രതീക്ഷിക്കാമോ? തന്നെ
പ്പോലെയുള്ളവനോട് കരുണകാണിക്കാത്തവൻ പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതെങ്ങനെ?” (പ്രഭാ 28:3-4). സഹോദരങ്ങളോട് ക്ഷമിക്കുവാനും, അവരോട് രമ്യതയിലാകുവാനും നമുക്ക് കഴിയണം. ദൈവത്തിലുള്ള വിശ്വാസത്തോടൊപ്പം സഹോദരസ്‌നേഹം പ്രായോഗിക ജീവിതത്തിലാക്കണം.
പരിഹാരം അനുഷ്ഠിക്കണം
സഭാപിതാവായ വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം ഉപദേശിക്കുന്നു: ”ഒരുവൻ മാനസാന്തരപ്പെട്ട് തിന്മ ഉപേക്ഷിച്ചാൽ മാത്രം പോര വേദനയുളവാക്കുന്ന തപശ്ചര്യകളും എളിമപ്പെടലും അനുതപിക്കുന്ന ഹൃദയ
ത്തിന്റെ ബലിയർപ്പണവും ദാനധർമ്മവും കൊണ്ട് അവൻ ദൈവത്തിലേക്ക് തിരിയണം”.
കുമ്പസാരമെന്ന കൂദാശയിലൂടെ നമുക്ക് പാപമോചനം ലഭിക്കുന്നുണ്ട്. എന്നാൽ കൂടുതലായ
സ്വയം വിശുദ്ധീകരണത്തിനും, ഉത്തിരിപ്പു കടത്തിൽനിന്നുള്ള മോചനത്തിനും വേണ്ടി നാം പരിഹാരകൃത്യങ്ങൾ ചെയ്യണം.
”ഒരു മനുഷ്യൻ എത്രകണ്ട് വിശുദ്ധനായാലും ശരി, കുറച്ചുപോരായ്മകൾ എപ്പോഴും
ബാക്കി ഉണ്ടാകും. ദൈവത്തിന്റെ നന്മ എത്രയോ വലുതാണെന്നു മനസ്സിലാക്കുവാൻ
അതു സഹായിക്കുന്നു. പുണ്യാത്മാക്കളെപ്പോലെ അവയെക്കുറിച്ച് അനുതപിക്കാനും;
പരിഹാരം അനുഷ്ഠിക്കാനും കഴിഞ്ഞാൽ നാമും അനുഗ്രഹീതരാകും” (വി.ഫ്രാൻസിസ് സാലസ്).
നോമ്പുകാലത്ത് പരിഹാരവും പരിത്യാഗവും സഭ നിർദ്ദേശിക്കുന്നു. കുരിശിന്റെ വഴി, ജാഗരണപ്രാർത്ഥന, ത്യാഗത്തോടെയുള്ള പ്രാർത്ഥന, ലളിതജീവിതം ഇവയെല്ലാം ജീവിതത്തോട് ചേർത്തുവച്ച് വിശുദ്ധിയിൽ വളരാൻ നാം പരിശ്രമിക്കണം.
നാം ത്യാഗാരൂപിയിൽ ജീവിക്കുകയും, നമ്മുടെ കുട്ടികളെക്കൂടി അത് ശീലിപ്പിക്കുകയും ചെയ്യണം. അവർക്കു ചെയ്യാൻപറ്റുന്ന പരിത്യാഗങ്ങൾ പറഞ്ഞുകൊടുക്കണം.
വെറുതേ ചെയ്താൽപോരാ, അവയെല്ലാം നല്ല നിയോഗത്തോടെ ചെയ്യണം. ഉദാ. സ്വയം
വിശുദ്ധീകരണത്തിനായുള്ള പ്രാർത്ഥന,
സുകൃതജപം – കുർബാനയും കുമ്പസാരവും ഇല്ലാത്തവരുടെ മാനസാന്തരം – രോഗികളുടെ സൗഖ്യം – ശുദ്ധീകരണാത്മാക്കളുടെ
മോചനം, എന്നിങ്ങനെയുള്ള നിയോഗങ്ങൾ വച്ച് അവ ചെയ്യാൻ പഠിപ്പിക്കണം.
വിശുദ്ധ കുർബാന അനുദിന ജീവിതത്തിന്റെ ശക്തികേന്ദ്രമാകണം. ”നമ്മുടെ ദർശനം വിശുദ്ധ കുർബാനയിൽ നിന്ന് ഉരുത്തിരിയണം. വിശുദ്ധ കുർബാന നമ്മുടെ ജീവിത ദർശനത്തെ ശക്തിപ്പെടുത്തും (ഇരണേവൂസ്).
സാധിക്കുന്ന എല്ലാദിവസവും വിശുദ്ധ കുർബാനയിൽ പങ്കുചേരണം.
അങ്ങനെ യഥാർത്ഥമായ പ്രാർത്ഥനാ ചൈതന്യവും സഹോദര സ്‌നേഹവും, ആത്മ
പരിത്യാഗവും പുലർത്തിക്കൊണ്ട് ഈ നോമ്പുകാലം ഫലദായകമാക്കാൻ നമുക്കു പരിശ്രമിക്കാം. വിശുദ്ധ കുരിശിനാൽ ലോകത്തെ വീണ്ടെടുത്ത ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.