🗞🏵 *2008ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരായി വിചാരണക്കോടതി കണ്ടെത്തിയ 49 പേരുടെയും വിധി പ്രഖ്യാപിച്ച് കോടതി.* കേസിലെ കുറ്റക്കാരായ 38 പ്രതികൾക്ക് വധശിക്ഷയും ബാക്കി 11 പേർക്ക് ജീവപര്യന്തവും കോടതി വിധിച്ചു. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടത്തിയവരുടെ പട്ടികയില്‍ 4 പേര്‍ മലയാളികളാണ്. കേസില്‍ പ്രതി ചേര്‍ത്ത 78 പേരില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
🗞🏵 *ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസിലെ 38 പ്രതികൾക്ക് പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചവരുടെ കൂട്ടത്തിൽ മൂന്ന് മലയാളികൾ.* കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കല്‍ ഷിബിലി എ.കരീം, ശാദുലി എ.കരീം, അൻസ്വാർ നദ് വി എന്നിവരാണ് വധശിക്ഷയ്ക്ക് വിധിച്ച 38 പേരില്‍ ഉള്‍പ്പെട്ട മലയാളികൾ. ആലുവ സ്വദേശി മുഹമ്മദ് അൻസാറിനു ജീവപര്യന്തം ശിക്ഷ വിധിച്ചു.അഹമ്മദാബാദിൽ സ്‌ഫോടനം നടത്താൻ കേരളത്തിൽനിന്ന് നാല് ബൈക്കുകൾ കടത്തികൊണ്ടുപോയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.ഇതിൽ ഒരു ബൈക്ക് കൊച്ചി സ്വദേശിയുടെതാണെന്നും എൻഐഎ പിന്നീട് സ്ഥിരീകരിച്ചു.
🗞🏵 *കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു* എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324, കണ്ണൂര്‍ 282, കാസര്‍ഗോഡ് 97 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *സിപിഎം സംസ്ഥാന സമ്മേളനത്തിനായി എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉയരുന്നത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഹൈടെക്ക് പന്തലുകളാണെന്ന് റിപ്പോര്‍ട്ട്.* എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെ സര്‍വ സജ്ജീകരണങ്ങളും ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന പന്തലുകളില്‍ ഉണ്ട്
. 500 പേര്‍ക്കു വീതം ഇരിക്കാവുന്ന മൂന്നു പന്തലുകളുടെ നിര്‍മാണമാണ് സമ്മേളന നഗരിയില്‍ പുരോഗമിക്കുന്നത്. പണി പൂര്‍ത്തിയായാല്‍ ഒറ്റനോട്ടത്തില്‍ കെട്ടിടമാണെന്നേ തോന്നുകയുള്ളൂ.
🗞🏵 *പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചവരിൽ നിന്ന് പൊതു മുതൽ നശിപ്പിച്ചതിന്റെ പേരിൽ ഈടാക്കിയ പിഴ തുക തിരിച്ചു നൽകണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി.* 2019ൽ നടന്ന പ്രതിഷേധ സമരത്തിൽ 274 പേർക്കെതിരേ നൽകിയ നോട്ടീസ് പിൻവലിച്ചതായി യുപി സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
🗞🏵 *കിഴക്കൻ യുക്രെയ്നിൽ വൻ സ്‌ഫോടനം.* സൈനിക വാഹനം പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ആളപായമില്ലെന്നാണു റിപ്പോർട്ടുകൾ. റഷ്യ പിന്തുണയ്ക്കുന്ന വിമതവിഭാഗം സ്ഫോടനമുണ്ടായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഡോനെട്സ്ക് നഗരത്തിൽ പീപ്പിൾസ് റിപ്പബ്ലിക് (ഡിഎൻആർ) ആസ്ഥാനത്തിനു സമീപമാണു സ്ഫോടനമുണ്ടായത്. വലിയ സ്ഫോടനമാണു സംഭവിച്ചിരിക്കുന്നതെന്ന് റഷ്യയുടെ ആർഐഎ വാർത്താ ഏജൻസിയും സ്ഥിരീകരിച്ചു.
🗞🏵 *യുക്രെയ്നിലേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ.* വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് വിമാനസർവീസുകൾ.ഫെബ്രുവരി 22, 24, 26 തീയതികളിലാണ് സർവീസുകൾ. യുക്രെയ്നിലെ ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഇന്ത്യയിലേക്കുമാണ് സർവീസ്.
🗞🏵 *എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിനായി സർക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.* ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ തടഞ്ഞു കൊണ്ടുള്ള ഫെബ്രുവരി ഏഴിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
🗞🏵 *അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ആഗ്നിമിയയുടെ മുത്തച്ഛൻ ദു:ഖം താങ്ങാനാവാതെ കുഴഞ്ഞുവീണ് മരിച്ചു.* മാള പുത്തൻചിറ സ്വദേശിനി അഞ്ച് വയസ്സുള്ള ആഗ്നിമിയയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ആഗ്നിമിയ. കുട്ടിയുടെ അച്ഛൻ നിഖിലും, മുത്തച്ഛൻ ജയനും ഒപ്പം സഞ്ചരിക്കുമ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ബൈക്കിൽ വരികയായിരുന്ന മൂവരും കാട്ടാനയെ കണ്ടതോടെ ബൈക്ക് നിർത്തി. ആന ഇവർക്ക് നേരെ തിരിഞ്ഞതും ഇവർ ഇറങ്ങിയോടി. ഓടുന്നതിനിടയിൽ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു.കാട്ടാനയുടെ ആക്രമണത്തിൽ ആഗ്നിമിയയുടെ തലയ്‌ക്ക് ചവിട്ടേറ്റു മരണം സംഭവിക്കുകയായിരുന്നു.
🗞🏵 *ഹിജാബിനെ മുന്‍ നിര്‍ത്തി ഇന്ത്യയില്‍ വിള്ളലുണ്ടാക്കാന്‍ പാകിസ്ഥാന്റെ ശ്രമം.* ഇതിനായി സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സമൂഹ മാദ്ധ്യമങ്ങള്‍ വഴി ഹിജാബിനെ പിന്തുണച്ചും യൂണിഫോം സമ്പ്രദായത്തെ എതിര്‍ത്തുമാണ് സന്ദേശങ്ങള്‍ വ്യാപിച്ചത്.
🗞🏵 *ചരക്ക് കപ്പലിന് തീപിടിച്ചു.* ലോകത്തെ ആഢംബര കാറുകളായ പോർഷെ, ലംബോഗിനി, ഔഡി എന്നിവയടക്കം അയ്യായിരത്തോളം വാഹനങ്ങളുമായി പോകവെയാണ് ചരക്കുകപ്പലിന് തീപിടിച്ചത്. ഫെലിസിറ്റി എയ്‌സ് എന്ന വലിയ പനാമ ചരക്ക് കപ്പലിനാണ് തീപിടിച്ചത്. കപ്പലിലെ 22 ജീവനക്കാരെ പോർച്ചുഗീസ് നാവികസേനയും വ്യോമസേനയും വിജയകരമായി ഒഴിപ്പിച്ച് പ്രാദേശിക ഹോട്ടലിലേക്ക് മാറ്റി. അറ്റ്ലാന്റിക് സമുദ്രത്തിലെ അസോർസ് ദ്വീപുകൾക്ക് സമീപത്തുവച്ചാണ് തീപിടുത്തമുണ്ടായത്.
🗞🏵 *ഖാലിസ്ഥാനികളുമായി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു.* അരവിന്ദ് കെജ്രിവാളിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും, പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്നും ഛന്നി കത്തിൽ ആവശ്യപ്പെട്ടു. കെജ്രിവാളിനെതിരെ ആം ആദ്മി പാർട്ടി മുൻ നേതാവ് കുമാർ ബിശ്വാസ് ആണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
🗞🏵 *കർണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നാലെ ഉത്തർപ്രദേശിലെ ഒരു കോളേജിലും മതപരമായ വസ്ത്രങ്ങൾക്ക് വിലക്ക്.* അലീഗഡിലെ ധർമ്മ സമാജ് (ഡിഎസ്) കോളേജ് ആണ് വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് നിർബന്ധമാക്കിയത്. വ്യാഴാഴ്ചയാണ് കോളേജ് യൂണിഫോം ധരിക്കാതെ വിദ്യാർത്ഥികൾക്ക് ക്യാമ്പസിനകത്തേക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസ് അധികൃതർ നൽകിയത്.
🗞🏵 *രാജ്യത്തെ മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയാണ് ബിജെപി സർക്കാർ നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.* മുസ്ലിം സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടിയാണ് മുത്തലാഖ് നിരോധന നിയമം നടപ്പാക്കിയതെന്നും എന്നാൽ, അതിനെ പ്രതിപക്ഷ പാർട്ടികൾ എതിർക്കുകയാണുണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *കേരളത്തിന് ആശ്വാസമേകുന്ന വാഗ്ദാനവുമായി ഗവർണരുടെ നയപ്രഖ്യാപനം.* മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്നും, തമിഴ്നാടുമായി ചർച്ച നടത്തുമെന്നും ഗവർണർ പറഞ്ഞു.
🗞🏵 *ഗോ ബാക്ക് വിളികളോടെ ഗവർണറെ സ്വീകരിച്ച് പ്രതിപക്ഷം.* പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി പ്രതിപക്ഷം സഭ വിട്ടു. നയപ്രഖ്യാപന പ്രസംഗം തുടങ്ങും മുമ്പ് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ. ഗവർണർ പ്രസംഗ പീഠത്തിൽ എത്തിയപ്പോൾ പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരേ വിരൽചൂണ്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷോഭിച്ചത്.നിങ്ങൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണെന്നും ഗവർണർ പ്രതിപക്ഷ നേതാവിനെ ഓർമ്മിപ്പിച്ചു.
🗞🏵 *ആദ്യവിവാഹം നിയമപരമായി വേർപെടുത്താതെയുള്ള രണ്ടാംവിവാഹത്തിലെ ഭാര്യയ്ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ലെന്ന് ബോംബെ ഹൈക്കോടതി.* പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സോലാപുർ സ്വദേശിനി ഷമാൽ ടേറ്റ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എസ്.ജെ. കതവല്ല, മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി
🗞🏵 *പ്രമാദമായ കേസുകൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി വിവിധ സംസ്ഥാന സർക്കാരുകൾ.* രാജ്യത്ത് ആകെ മൊത്തം 25 ഗൗരവമുള്ള ലഹരി സംബന്ധമായ കേസുകളാണ് നാർക്കോട്ടിക്സ് വിഭാഗത്തിന് കൈമാറപ്പെട്ടത്.പ്രാദേശിക ഇടപെടലുകളോ രാഷ്ട്രീയ സ്വാധീനങ്ങളോ ഇല്ലാതെ ഫലപ്രദമായി കേസന്വേഷണം നടത്താനും, ലഹരി മാഫിയയെ രാജ്യത്തുനിന്നും വേരോടെ പിഴുതെറിയാനുമാണ് ഇങ്ങനെയൊരു നീക്കം. അന്തർസംസ്ഥാന, അന്തരാഷ്ട്ര ബന്ധങ്ങളുള്ള കേസുകളാണ് കൈമാറപ്പെട്ടവയെല്ലാം. കേസുകൾ ശരിയായ രീതിയിൽ അന്വേഷിച്ചാൽ പല വമ്പൻമാരും കുടുങ്ങുമെന്നാണ് സ്രോതസ്സുകൾ വ്യക്തമാക്കുന്നത്.
🗞🏵 *മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ രൂക്ഷമായ ആക്രമണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.* മോദി സർക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെയുള്ള മൻമോഹന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. മൻമോഹൻസിങ്ങിനെ ആൾക്കാർ ഓർക്കുന്നത്, ഭരിച്ച 22 മാസം പണപ്പെരുപ്പത്തിന് എതിരെ ഒന്നും ചെയ്യാൻ സാധിക്കാത്ത വ്യക്തിയായിട്ടാണ്. എന്നിട്ടിപ്പോൾ അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുകയാണ്.അദ്ദേഹത്തിന്റെ ഇത്തരം വാക്കുകൾ തന്നെ വേദനിപ്പിച്ചെന്നും നിർമല സീതാരാമൻ പറഞ്ഞു.
🗞🏵 *കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി.* പ്രമുഖ വ്യവസായിയെ ഭീഷണിപ്പെടുത്തി കോടികളുടെ ഫ്‌ളാറ്റ് തട്ടിയെടുത്ത കേസില്‍ താനെ ജയിലില്‍ കഴിയുന്ന ഇഖ്ബാല്‍ കസ്‌കറിനെയാണ് ഇ.ഡി കസ്റ്റഡിയില്‍ എടുത്തത്.
🗞🏵 *ഹിജാബ് ധരിക്കുക എന്നത് ഇസ്ലാമില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മതാചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍.* ഹിജാബ് ഇസ്ലാമില്‍ നിർബന്ധമായ ഒന്നല്ലെന്നും അതിനാൽ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗിയാണ് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായത്.
🗞🏵 *തനിക്കെതിരായ ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.* ആരോപണങ്ങൾക്ക് പിന്നിൽ നടൻ ദിലീപ് ആണെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചു.നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരായ വെളിപ്പെടുത്തലുകൾ നടത്തിയതിന് പ്രതികാരമായാണ് തനിക്കെതിരായ പീഡന ആരോപണമെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. പരാതിക്കാരിയുടെ ആരോപണങ്ങളിൽ വസ്തുതയില്ലെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.
🗞🏵 *മരംമുറി വിവാദത്തെ തുടർന്ന് നടപടി നേരിട്ട അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്ത് ഉള്ളതായി വിജിലൻസ് കണ്ടെത്തി.* സംഭവത്തിൽ വിജിലൻസ് സംഘം ജോജി ജോണിന്റെ തേക്കടിയിലെ വീട്ടിലും റിസോർട്ടിലും പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. അടിമാലി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റേഞ്ച് ഓഫീസർ ആയിരിക്കെ ജോജി ജോൺ കോടികണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു.
🗞🏵 *മലയാളി വ്യോമസേനാ പൈലറ്റ് വാഹനാപകടത്തില്‍ മരിച്ചു.* വ്യോമസേനയില്‍, സുഖോയ് യുദ്ധവിമാനത്തിന്റെ പൈലറ്റായിരുന്ന ജോര്‍ജ് കുര്യാക്കോസാണ് (25)മരിച്ചത്. ടെസ്പുരില്‍ നിന്നും ജോര്‍ഹട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ അസമില്‍ വെച്ചായിരുന്നു വാഹനാപകടം.കിഴക്കമ്പലം വെള്ളൂര്‍ പക്കാമറ്റത്തില്‍ പി.പി കുര്യാക്കോസിന്റെയും ഗ്രേസി കുര്യാക്കോസിന്റെയും മകനാണ് ജോര്‍ജ്.
🗞🏵 *ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ സ്ഥലം എംഎഎൽഎയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി വാർഡ് മെമ്പർ നിഷ ആലിയാർ.* ദീപുവിന് മർദനം ഏൽക്കുമ്പോൾ ശ്രീനിജിൻ എംഎൽഎ തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകൻ സുകുവിന്റെ വീട്ടിൽ ഉണ്ടായിരുന്നതായി നിഷ ആരോപിച്ചു. ദീപുവിന്റെ മരണകാരണം മർദനം അല്ലെങ്കിൽ പിന്നെ എന്താണെന്ന് വ്യക്തമാക്കണമെന്നും തലയ്ക്ക് അടിയേറ്റതിനാലാണ് ദീപുവിന് ശസ്ത്രക്രിയ വേണ്ടി വന്നതെന്നും നിഷ ചൂണ്ടിക്കാണിച്ചു.
🗞🏵 *മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പൊലീസ് പിടിയിൽ.* കയ്പമംഗലം ചളിങ്ങാട് പോക്കാക്കില്ലത്ത് നഹാസും (21) പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്.മയക്കുമരുന്ന് വിൽപനക്കായി ബൈക്കിൽ എത്തിയ ഇരുവരേയും പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
🗞🏵 *വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് പേരെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.*.നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അവശനിലയിൽ കഴിയുകയാണ് നാല് പേരും.വിഴിഞ്ഞത്തെ സ്വകാര്യ ഹോട്ടലിൽ നിന്ന് 7 പേര് അടങ്ങുന്ന യുവാക്കളുടെ സംഘം ഇന്നലെ രാത്രി 9 .30 നാണ് ഭക്ഷണം കഴിച്ചത്. ശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങി. രാത്രി മുതൽ ഛർദി ,വയറിളക്കം,വയറുവേദന, നടുവേദന തുടങ്ങിയ അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രികളിലും ,പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
🗞🏵 *സംസ്ഥാനത്ത് വ്യാപകമായി കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചു.* കമ്മീഷൻ വ്യവസ്ഥയിൽ നോട്ടുകൾ വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് സൂചനകൾ ലഭിച്ചതായി ചാത്തന്നൂർ പൊലീസ് പറഞ്ഞു. ചാത്തന്നൂരിൽ കള്ളനോട്ട് മാറുന്നതിനിടെ ഒരു യുവാവ് അറസ്റ്റിലായിരുന്നു
🗞🏵 *ഇടുക്കി ശാന്തൻപാറ ബിഎൽ റാമിൽ എയർഗണിൽ നിന്ന് യുവാവിന് വെടിയേറ്റു.* സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണു വെടിയേറ്റത്. കരിപ്പക്കാട്ട് ബിജു വർഗീസാണ് വെടി വച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണു വെടിയുതിർക്കാൻ കാരണം. മൈക്കിളിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജു വർഗീസിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തോക്കിന്റെ ലൈസൻസിനെ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ശാന്തൻപാറ പൊലീസ് വ്യക്തമാക്കി
🗞🏵 *വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളില്‍ സേവനം ചെയ്ത ഇറ്റാലിയന്‍ കർദ്ദിനാൾ ലുയീജി മജിസ്ട്രിസ് ദിവംഗതനായി.* 95 വയസ്സായിരിന്നു. ജന്മസ്ഥലമായ കാല്യരിയിൽ ഇന്നലെ ബുധനാഴ്ചയാണ് (16/02/22) വിടവാങ്ങിയത്. കർദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. കാല്യരി അതിരൂപതയുടെ അധ്യക്ഷൻ ആർച്ചുബിഷപ്പ് ജുസേപ്പെ ബത്തൂരിക്കയച്ച ടെലെഗ്രാം സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ അനുശോചനം അറിയിച്ചത്. അനുരഞ്ജന കൂദാശ ശുശ്രൂഷയ്ക്ക് അദ്ദേഹം നല്കിയിരുന്ന പ്രാധാന്യത്തെ പാപ്പ പ്രത്യേകം അനുസ്മരിച്ചു.
🗞🏵 *ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കൊല്ലപ്പെട്ട ഓർഡർ ഓഫ് ക്ലറിക്സ് റെഗുലർ മൈനര്‍ സമൂഹാംഗമായ ഫാ. റിച്ചാർഡ് മസിവിയെ അനുസ്മരിച്ച് പാപ്പ.* കഴിഞ്ഞ ദിവസം നടന്ന പൊതുകൂടിക്കാഴ്ച വേളയില്‍ പാപ്പ വൈദികനെ അനുസ്മരിക്കുകയായിരിന്നു. ഫെബ്രുവരി 2, സമർപ്പിത ദിനത്തിൽ 36 വയസ്സുള്ള ഫാ. റിച്ചാർഡ് മസിവി കസെറെക്ക, കന്യാബയോംഗയിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്, മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള തന്റെ ഇടവകയിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ വടക്കുകിഴക്കൻ പ്രദേശമായ ലുബെറോയിൽവെച്ചാണ് ആയുധധാരികളാൽ കൊല്ലപ്പെട്ടത്.
🗞🏵 *അഫ്ഗാനിസ്ഥാനിൽ നിന്ന് ജീവനു ഭീഷണി നേരിട്ട ഒരു മുസ്ലിം ഡോക്ടർക്കും, കുടുംബത്തിനും രക്ഷപ്പെടാൻ വഴിയൊരുക്കിയത് കത്തോലിക്ക സന്യാസിനിയായ സിസ്റ്റർ ഡിയർഡ്രെ ബിർനി.* ‘വൾനറബിൾ പീപ്പിൾ പ്രൊജക്ട്’ എന്ന സംഘടന വഴിയാണ് അവർ താലിബാന്‍റെ ക്രൂര ഇസ്ലാമിക ഭരണമുള്ള രാജ്യത്തുനിന്ന് മറ്റൊരു സുരക്ഷിത രാജ്യത്തേക്ക് ഈ മാസം രക്ഷപ്പെട്ടത്.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
*ഇന്നത്തെ വചനം*
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്.
എന്നാല്‍, വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ആടുകളുടെ ഇടയനാണ്.
കാവല്‍ക്കാരന്‍ അവനു വാതില്‍ തുറന്നുകൊടുക്കുന്നു. ആടുകള്‍ അവന്റെ സ്വരം കേള്‍ക്കുന്നു. അവന്‍ തന്റെ ആടുകളെ പേരു ചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നു.
തനിക്കുള്ളതിനെയെല്ലാം പുറത്തിറക്കിയിട്ട് അവന്‍ അവയ്‌ക്കുമുമ്പേനടക്കുന്നു. അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട് ആടുകള്‍ അവനെ അനുഗമിക്കുന്നു.
അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാല്‍ അവ അവരില്‍നിന്ന് ഓടിയകലും-
യേശു അവരോട് ഈ ഉപമ പറഞ്ഞു. എന്നാല്‍, അവന്‍ തങ്ങളോടു പറഞ്ഞത് എന്തെന്ന് അവര്‍ മനസ്‌സിലാക്കിയില്ല.
യോഹന്നാന്‍ 10 : 1-6
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
*വചന വിചിന്തനം*
ഇടയൻ്റെ സ്വരം കേൾക്കുമ്പോഴാണ് ആടുകൾ അവനെ അനുഗമിക്കുന്നത്. ഇടയൻ്റെ സ്വരം വചനമാണ്. വചനം ശ്രവിക്കുന്നതു വഴിയാണ് നമ്മൾ വിശ്വസിക്കുകയും കർത്താവിനെ അനുഗമിക്കുകയും ചെയ്യുന്നത്. “ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്.
(റോമാ10 :17 )” എന്ന് വചനം തന്നെ നമ്മെ പഠിപ്പിക്കുന്നു. നമുക്കു വചനം ആഴത്തിൽ ശ്രവിക്കുന്നവരാകാം വിശ്വാസത്തിൽ ആഴപ്പെടുന്നവരാകാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*