ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ ഉയര്‍ന്ന തസ്തികകളില്‍ നേരിട്ട് ഓഫീസറാകാൻ ബിരുദക്കാര്‍ക്ക് അവസരം. യുപിഎസ്‌സിയുടെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് പരീക്ഷ വഴിയാണ് സെലക്ഷന്‍.

പ്രിലിമിനറി, മെയിന്‍ പരീക്ഷ, എഴുത്തുപരീക്ഷ, ഇന്റര്‍വ്യു എന്നിവ അഭിമുഖീകരിക്കണം. പ്രിലിമിനറി പരീക്ഷ ജൂണ്‍ അഞ്ചിന് ദേശീയതലത്തില്‍ നടത്തും. സിവില്‍ സര്‍വ്വീസസ് പ്രിലിമിനറി തന്നെയാണ് ഫോറസ്റ്റ് സര്‍വ്വീസിനുമുള്ളത്. ഇന്ത്യന്‍ ഫോറസറ്റ് സര്‍വ്വീസ് വിജ്ഞാപനം ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം പ്രിലിമിനറി പരീക്ഷക്ക് ഇപ്പോള്‍ (http://ifs.nic.in/) അപേക്ഷിക്കാം.

ഫീസ് 100 രൂപയാണ്. വനിതകള്‍ക്കും എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്കും ഫീസില്ല. എസ്ബിഐയുടെ വിസ/മാസ്റ്റര്‍/റുപേ/ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് വഴി ഫീസ് ഒടുക്കാം.
അര്‍ഹത: അനിമല്‍ ഹസ്ബന്‍ഡറി ആന്റ് വെറ്ററിനറി സയന്‍സ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, എന്‍ജിനീയറിങ്/ടെക്‌നോളജി വിഷയങ്ങളിലൊന്നില്‍ അംഗീകൃത ബാച്ചിലേഴ്‌സ് ബിരുദമുണ്ടാകണം.

ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷക്ക് മുമ്പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. പ്രായപരിധി 2022 ഓഗസ്റ്റ് ഒന്നിന് 21-32 വയസ്.
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ മുതലായ സംവരണവിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കും. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. പരീക്ഷ: പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയെഴുതാം. മെയിന്‍ എഴുത്തുപരീക്ഷയില്‍ ആറ് പേപ്പറുകളുണ്ടാവും.

പേപ്പര്‍-1 ജനറല്‍ ഇംഗ്ലീഷ്, 300 മാര്‍ക്ക്, പേപ്പര്‍-2 പൊതുവിജ്ഞാനം- 300 മാര്‍ക്ക്, പേപ്പര്‍ 3-4 തെരഞ്ഞെടുത്ത ഓപ്ഷണല്‍ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങള്‍, ഓരോ പേപ്പറിനും 200 മാര്‍ക്ക് വീതം. ലഭ്യമായ 16 ഓപ്ഷണല്‍ വിഷയങ്ങളില്‍നിന്നും രണ്ടെണ്ണം തെരഞ്ഞെടുക്കാം. ഇന്റര്‍വ്യു/പേഴ്‌സണാലിറ്റി ടെസ്റ്റ്-300 മാര്‍ക്ക്. പരീക്ഷയുടെ വിശദാംശങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസില്‍ നിലവില്‍ 151 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.