മാമ്മോദീസ നൽകുന്ന കൂദാശ പ്രാർത്ഥനയ്ക്കിടയിൽ ഒരു വാക്ക് മാറി ചൊല്ലിയതിന് അമേരിക്കയിലെ ഫീനിക്സ് രൂപതയിലെ വൈദികൻ ഫാ. ആന്ദ്രെ വൈദിക ശുശ്രൂഷയിൽ നിന്ന് രാജിവച്ചു. ആയിരക്കണക്കിന് മാമ്മോദീസകള്‍ ഇക്കാരണത്താല്‍ അസാധുവായെന്ന് രൂപത അറിയിച്ചു. പ്രാഥമിക കൂദാശയായ മാമ്മോദീസ അസാധുവായതിനാല്‍ സ്ഥൈര്യലേപനം, വിവാഹം തുടങ്ങിയ തുടര്‍ന്നുള്ള കൂദാശകളും അസാധുവാകും.
ഒരു കത്തോലിക്കാ പുരോഹിതന്‍ തന്റെ രണ്ടു ദശാബ്ദക്കാലത്തെ ശുശ്രൂഷയ്ക്കിടെ ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലായി നടത്തിയ മാമ്മോദീസാ ചടങ്ങുകളില്‍ ‘ഞാന്‍’ എന്നതിന് പകരം ഉപയോഗിച്ചത് ‘ഞങ്ങള്‍’ എന്ന വാക്ക്. രണ്ട് രാജ്യങ്ങളിലെ ഒട്ടേറെ ഇടവകകളില്‍ നടന്ന ആയിരക്കണക്കിന് മാമ്മോദീസകള്‍ ആണ് ഇതു മൂലം അസാധുവായിരിക്കുന്നത്. തെറ്റ് ബോധ്യം വന്നതോടെ ഈ മാസമാദ്യം ഫീനിക്സ് രൂപതയിലെ വൈദിക ശുശ്രൂഷാ സ്ഥാനത്തുനിന്ന് നിന്ന് ഫാ. ആന്ദ്രെ അരാംഗോ രാജിവച്ചു.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ‘ഞാന്‍ നിന്നെ മാമ്മോദീസ മുക്കുന്നു’ എന്നതിനു പകരം ഫാ. അരാംഗോ ഉച്ചരിച്ചു പോന്നത് ‘ഞങ്ങള്‍ നിങ്ങളെ മാമ്മോദീസ മുക്കുന്നു’ എന്നായിരുന്നു. ഫാ. ആന്ദ്രെ അരാംഗോ മുമ്പ് ബ്രസീലിലും സാന്‍ ഡീഗോയിലും അരിസോണയിലും വൈദിക ശുശ്രൂഷ നിര്‍വഹിച്ചിരുന്നു. ഒരു പുരോഹിതനെന്ന നിലയില്‍ എന്റെ ശുശ്രൂഷയിലുടനീളം തെറ്റായ വാക്ക് ഉപയോഗിച്ച് അസാധുവായ മാമ്മോദീസകള്‍ നടത്തിയെന്ന് അറിഞ്ഞതില്‍ അതിയായ സങ്കടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അസാധുവായ മാമ്മോദീസയെ തുടര്‍ന്നുള്ള സ്ഥൈര്യലേപനം, വിവാഹം തുടങ്ങിയ കൂദാശകളെയും അസാധുവാക്കുമെന്ന് ഫീനിക്‌സ് രൂപത അറിയിച്ചു. ഇക്കാരണത്താല്‍, വൈദികന്റെ രാജി കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. ഇതിന് ആവശ്യമായ പരിഹാരങ്ങൾ ചെയ്യാൻ രൂപത നിർബന്ധിതമായിരിക്കുന്നു. തുടർനടപടികളെക്കുറിച്ച് രൂപത വ്യക്തമാക്കിയിട്ടില്ല.
സഭയുടെ ഔദ്യോഗിക പ്രാർത്ഥനകളിൽ ‘വാക്കുകള്‍’ മാറ്റാന്‍ ഒരു വൈദികനും അധികാരമില്ല എന്ന് വത്തിക്കാൻ പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. വി. കുർബാന ഉൾപ്പെടയുള്ള എല്ലാ കൂദാശകളുടെയും കൂദാശാനുകരണങ്ങളുടെയും പ്രാർത്ഥനകൾക്കും രീതികൾക്കും c ബന്ധപ്പെട്ട സഭാധികാരികളുടെയും അംഗീകാരം ഉണ്ടായിരിക്കണം എന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്.
വൈദികനു സംഭവിച്ച അബദ്ധത്തെക്കുറിച്ച് അറിഞ്ഞ ശേഷം, ബന്ധപ്പെട്ട രൂപതാ അധികാരികളുമായും വത്തിക്കാനിലെ വിശ്വാസ പ്രമാണ തിരുസംഘവുമായും ഫീനിക്‌സ് ബിഷപ്പ് തോമസ് ജെ ഓംസ്റ്റെഡ് കൂടിയാലോചന നടത്തിയെങ്കിലും ആ മാമ്മോദീസകള്‍ അസാധുവാണെന്ന അഭിപ്രായമാണു ലഭിച്ചത്. ‘ഒരു വ്യക്തിയെ മാമ്മോദീസ മുക്കുന്നത് സമൂഹമല്ല. മറിച്ച്, എല്ലാ കൂദാശകള്‍ക്കും നേതൃത്വം നല്‍കുന്നത് ക്രിസ്തുവാണ്; ക്രിസ്തു മാത്രമാണ്. അതിനാല്‍ മാമ്മോദീസ നല്‍കുന്നത് ക്രിസ്തുവാണ്’ – ബിഷപ്പ് ഓംസ്റ്റെഡ് പ്രസ്താവനയില്‍ പറഞ്ഞു. കാര്‍മ്മികന്‍ ‘ഞങ്ങള്‍’ എന്നുപയോഗിക്കുന്നതിലെ അപാകത അദ്ദേഹം വ്യക്തമാക്കി.
‘വിശ്വാസികളെ ദ്രോഹിക്കുന്നതിനോ മാമ്മോദീസയുടെയും ഇതര കൂദാശകളുടെയും കൃപ നഷ്ടപ്പെടുത്തുന്നതിനോ ഫാ. ആന്ദ്രെ അരാംഗോയ്ക്ക് എന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ പിശക് ഒരു കൂട്ടം വിശ്വാസികളുടെ കൂദാശ ജീവിതത്തിന് വിഘാതം സൃഷ്ടിച്ചതില്‍, ഞങ്ങളുടെ പ്രാദേശിക സഭയെ പ്രതിനിധീകരിച്ച് ആത്മാര്‍ത്ഥമായി ഖേദിക്കുന്നു’ – ബിഷപ്പ് അറിയിച്ചു.
മാമ്മോദീസയുടെ സാമൂഹികമായ പ്രാധാന്യം ഊന്നിപ്പറയാന്‍ 2020- ല്‍ വത്തിക്കാനില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ വാക്കുകള്‍ മാറ്റിയ ചില സംഭവങ്ങള്‍ ആര്‍ച്ച്ബിഷപ്പ് ജിയാകോമോ മൊറാണ്ടി സൂചിപ്പിച്ചു. പുരോഹിതന്റെ അധികാര കേന്ദ്രീകരണം ഒഴിവാക്കുന്നതിനെന്ന പേരില്‍ സന്നിഹിതരാകുന്നവര്‍ക്കും ശുശ്രൂഷാ പങ്കാളിത്തം അനുവദിക്കപ്പെടുന്നപക്ഷം അത് കുടുംബത്തിനാകും ദോഷകരമാകുക. പൗരോഹിത്യ ശുശ്രൂഷയുടെ സ്വഭാവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു വൈദികനാണെങ്കില്‍ പോലും, സ്വന്തം അധികാര പ്രകാരം ആരാധനക്രമത്തില്‍ എന്തെങ്കിലും ചേര്‍ക്കാനോ നീക്കം ചെയ്യാനോ മാറ്റാനോ കഴിയില്ല’ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഉദ്‌ബോധനം ആര്‍ച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടി. ‘ഒരു കൂദാശാ ആഘോഷത്തിന്റെ രൂപത്തിനു സ്വന്തം രീതിയിൽ മാറ്റം വരുത്തുന്നത് ആരാധനാക്രമപരമായ ദുരുപയോഗമാണ്. രചനാത്മക സ്വഭാവമുള്ള ഏതെങ്കിലും മാനദണ്ഡത്തിന്റെ മയപ്പെടുത്തലായി അതിനെ കാണാനാവില്ല, മറിച്ച് സഭാ കൂട്ടായ്മയ്ക്കും ക്രിസ്തീയ അനുഭവത്തിനും മേല്‍ ഉണ്ടാക്കുന്ന മുറിവാണത്. കൂദാശയെ തന്നെ അസാധുവാക്കുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. കാരണം ദൈവദത്തമായ ശുശ്രൂഷാധികാരം അതേ സ്വഭാവത്തിലും വിശ്വസ്തതയോടെയും വിനിയോഗിക്കപ്പെടേണ്ടതുണ്ട്.’
ഇപ്പോഴത്തെ തിരിച്ചറിയലിന്റെ വെളിച്ചത്തില്‍ അയോഗ്യത വന്നുപെട്ടവരുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിവരുന്നതായി ഫീനിക്‌സ് രൂപത അറിയിച്ചു. സാധുതയുള്ള മാമ്മോദീസ സ്വീകരിച്ചവര്‍ക്ക് മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ കഴിയൂ എന്ന ഓര്‍മ്മപ്പെടുത്തല്‍ ഉള്‍പ്പെടെ ചില തുടര്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നും രൂപത സൂചിപ്പിച്ചു.
മറ്റ് കൂദാശകളിലേക്കുള്ള പ്രവേശന കവാടമാണ് മാമ്മോദീസ. അതിനാല്‍ തന്നെ അസാധുവായ മാമ്മോദീസ തുടര്‍ന്നുള്ള സ്ഥൈര്യലേപനം, വിവാഹം, ഡീക്കന്‍-പൗരോഹിത്യ പട്ടങ്ങള്‍ തുടങ്ങിയ കൂദാശകളെ അസാധുവാക്കുമെന്ന് ഫീനിക്‌സ് രൂപത വെബ്സൈറ്റില്‍ രേഖപ്പെടുത്തി.
ഫാ. ആന്ദ്രെ തന്റെ അജപാലക ശുശ്രൂഷാ ദൗത്യത്തില്‍ നിന്നുമാണ് രാജിവച്ചത്. അതേസമയം അദ്ദേഹത്തെ പൗരോഹിത്യത്തില്‍ നിന്ന് അയോഗ്യനാക്കിയിട്ടില്ലെന്നും നല്ല ഒരു വൈദികനായി അദ്ദേഹം തുടരുന്നുവെന്നും ഫീനിക്‌സ് രൂപത അറിയിച്ചു.
‘പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ ഫീനിക്‌സ് രൂപതയുമായുള്ള കൂട്ടായ്മയോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എന്റെ തെറ്റിന് ഇരയായവരെ സഹായിക്കുന്നതിനും ഞാന്‍ എന്റെ ഊര്‍ജ്ജവും മുഴുവന്‍ സമയ ശുശ്രൂഷയും സമര്‍പ്പിക്കുന്നു. എന്റെ പ്രവൃത്തി മൂലമുണ്ടായ അസൗകര്യങ്ങളില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളും ക്ഷമയും പിന്തുണയും ആത്മാര്‍ത്ഥമായി അപേക്ഷിക്കുന്നു’- ഫാ. ആന്ദ്രെ പറഞ്ഞു.