അഡ്വ. വി.സി. സെബാസ്റ്റ്യന്‍
(കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)

അതിഥിത്തൊഴിലാളികളിലൂടെ രൂപപ്പെടുന്ന സാമൂഹ്യ മാറ്റങ്ങളോടൊപ്പം ജനസംഖ്യാ വര്‍ധനവും മത-രാഷ്ട്രീയ സമവാക്യങ്ങളില്‍ കാലക്രമേണ രൂപപ്പെടുവാന്‍ സാധ്യതയുള്ള വെല്ലുവിളികളും തള്ളിക്കളയരുത്. സംഘടിതശക്തിയായി കേരളത്തില്‍ ഇക്കൂട്ടരെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങളുടെ അണിയറപ്രവര്‍ത്തനങ്ങള്‍ അന്വേഷണവിധേയമാക്കിയില്ലെങ്കില്‍ പോലീസ് സംവിധാനങ്ങള്‍പോലും ഭാവിയില്‍ ചോദ്യംചെയ്യപ്പെടുമെന്ന് ആനുകാലിക സംഭവങ്ങള്‍ സൂചന നല്‍കുന്നു.

സര്‍ക്കാര്‍ കണക്കുകള്‍
സംസ്ഥാന ആസൂത്രണബോര്‍ഡ് കേരളത്തിലെ കുടിയേറ്റത്തൊഴിലാളികളുടെ കണക്കുകള്‍ 2021 ല്‍ പുറത്തുവിട്ടിരുന്നു. നിലവിലുള്ള ജനസംഖ്യാവര്‍ധന നിരക്കനുസരിച്ച് 2030ല്‍ കേരള ജനസംഖ്യ 3.60 കോടിയിലെത്താം. 2017-18ല്‍ 31.4 ലക്ഷം അതിഥി ത്തൊഴിലാളികളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ 2030 നോടെ അത് 59.7 ലക്ഷമായി കുതിക്കുമെന്നാണ് ആസൂത്രണ ബോര്‍ഡ് നല്‍കുന്ന മുന്നറിയിപ്പ്.

കേരളത്തില്‍ കുടുംബമായി തുടരുന്ന അതിഥിത്തൊഴിലാളികള്‍ 10.3 ലക്ഷമാണ്. വരുന്ന മൂന്നുവര്‍ഷം കൊണ്ടിത് 13.2 ലക്ഷമായും അടുത്ത എട്ടുവര്‍ഷംകൊണ്ട് 15.2 ലക്ഷമായും ഉയരും. മൂന്നു രീതികളിലുള്ള കുടിയേറ്റമാണ് നടക്കുന്നത്. കമ്പനികള്‍ നേരിട്ട് കൊണ്ടുവരുന്നവര്‍, കോണ്‍ട്രാക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്താല്‍ എത്തുന്നവര്‍, ആരുടെയും സഹായമില്ലാതെ കൂട്ടമായി വണ്ടികയറി എത്തി സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവര്‍. പ്രായമാകട്ടെ 16-35. സ്‌കൂളില്‍ പോകാത്തവരും പ്രാഥമിക വിദ്യാഭ്യാസം നേടിയവരും ഉള്‍പ്പെടുന്നു. ഹ്രസ്വകാല കുടിയേറ്റക്കാരുടെ എണ്ണം 2017-18ല്‍ 21.1 ലക്ഷമെങ്കില്‍ 2025-ടെ 34.4 ലക്ഷവും 2030 നോടുകൂടി 44 ലക്ഷമായും ഉയരുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

ഉറവിടവും വേതനവും
ബംഗാള്‍, ബീഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, ആസാം തുടങ്ങിയവ കൂടാതെ ഇന്ത്യയിലെ ഇതര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുംവരെ തൊഴില്‍ത്തേടി കേരളത്തിലെത്തുന്നുണ്ട്. മേല്പറഞ്ഞ സംസ്ഥാനങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറവെന്നു മാത്രമല്ല, വേതനവും കുറവ്. മികച്ച ശമ്പളവും സാമൂഹികാന്തരീക്ഷവും ഇക്കൂട്ടരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നു.

2018 ഡിസംബറിലെ കണക്കുപ്രകാരം ഇന്ത്യയിലെ കാര്‍ഷിക ഗ്രാമീണമേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കു ലഭിക്കുന്ന ശരാശരി ദിവസക്കൂലി 321 രൂപയാണ്. ഗുജറാത്തില്‍ 265 രൂപ. ത്രിപുര 270 രൂപ, ബംഗാള്‍ 329 രൂപ, ഉത്തര്‍പ്രദേശ് 247 രൂപ, ഒഡീഷ 239 രൂപ. എന്നാല്‍ കേരളത്തിലാകട്ടെ 767 രൂപയും. അതിഥികളുടെ സ്വന്തം നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി. നിര്‍മ്മാണമേഖലയിലും സമാനമായ വേതന വ്യത്യാസമുണ്ട്. മേല്‍പറഞ്ഞ സംസ്ഥാനങ്ങളില്‍ 300 രൂപ മാത്രം ദിവസക്കൂലിയായി നിര്‍മ്മാണമേഖലയില്‍ ലഭിക്കുമ്പോള്‍ കേരളത്തിലത് 800-1000 രൂപവരെയും അതിനുമുകളിലുമാണ്.

17.5 ലക്ഷത്തോളം കുടിയേറ്റക്കാര്‍ ആശ്രയിച്ചിരിക്കുന്നത് നിര്‍മ്മാണരംഗത്താണ്. 6.3 ലക്ഷത്തോളംപേര്‍ ഫാക്ടറികളിലും വ്യവസായ ഉത്പാദനമേഖലയിലും 3 ലക്ഷത്തോളംപേര്‍ കാര്‍ഷികവും അനുബന്ധ ജോലികളിലും, വന്‍കിട ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ചെറുകിട വ്യാപാരങ്ങള്‍ എന്നുവേണ്ട സമൂഹത്തിന്റെ താഴേത്തട്ടുമുതല്‍ വിവിധങ്ങളായ മേഖലകളിലൊക്കെ അതിഥികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. 16,000-20,000 രൂപ ശരാശരി മാസ വരുമാനവുമുണ്ട്.

അയല്‍രാജ്യങ്ങളിലെ അനധികൃതര്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മാത്രമല്ല ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരും ബംഗാള്‍, ആസാം കൂടാതെ മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയും കേരളത്തിലെത്തിയിട്ടുണ്ടെന്ന് ആരോപണ മുയര്‍ന്നിരിക്കുന്നത് പലരും കേട്ടില്ലെന്ന് നടിക്കുന്നു. ഇവരുടെ പൗരത്വരേഖയുടെ നിജസ്ഥിതിയും സംശയത്തോടെ കാണേണ്ടിയിരിക്കുന്നു. മ്യാന്‍മറില്‍നിന്ന് അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലെത്തിയ രോഹിങ്ക്യന്‍ വിഭാഗങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് പറയപ്പെടുന്നതില്‍ വ്യക്ത തവരുത്തേണ്ടത് സര്‍ക്കാരാണ്.

മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക്; ബംഗ്ലാദേശില്‍ നിന്ന് പുഴകടന്ന് ബംഗാളിലേക്ക്; നിങ്ങളെവിടെ നിന്ന് എന്നു ചോദിച്ചാല്‍ കൊല്‍ക്കത്തയില്‍ നിന്ന് എന്നാണ് മറുപടി. ചിരലാകട്ടെ ബംഗളൂരുവില്‍ നിന്നുള്ള വോട്ടര്‍ ഐഡിയും കാണിക്കും. ഇതെങ്ങനെ കുടിയേറ്റത്തൊഴിലാളികള്‍ സംഘടിപ്പിക്കും? ആരാണിവരുടെ പിന്നില്‍? ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

മധ്യകേരളത്തിലെ മാറുന്ന സമവാക്യങ്ങള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥിത്തൊഴിലാളികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് മധ്യകേരളത്തിലാണ്. 2017-18 ലെ കണക്കുകള്‍ പ്രകാരമുള്ള 31 ലക്ഷം കുടിയേറ്റത്തൊഴിലാളികളില്‍ 21 ലക്ഷം താല്‍ക്കാലികമായിട്ട് എത്തിച്ചേര്‍ന്നവരാണെന്നാണ് പറയപ്പെടുന്നത്. 10 ലക്ഷം ദീര്‍ഘകാല ലക്ഷ്യത്തോടെ ഭാവിയില്‍ സ്ഥിര താമസമാക്കുകയെന്ന ഉദ്ദേശത്തോടെ നിലവിലുണ്ട്. ഈ പത്തുലക്ഷത്തില്‍ ഏതാണ്ട് 10 ശതമാനത്തോളം കുടുംബമായി കേരളത്തില്‍ കഴിയുന്നു. ശരാശരി രണ്ടു കുട്ടികളും ഇവര്‍ക്കുണ്ട്.

ജില്ലാതല കണക്കുകള്‍ പരിശോധിച്ചാല്‍ അതിഥിത്തൊഴിലാളികളില്‍ 28 ശതമാനവും എറണാകുളം ജില്ലയിലാണ്. 13.6 ശതമാനം തൃശൂര്‍, 9.7 ശതമാനം ആലപ്പുഴ, 9 ശതമാനം കോട്ടയം എന്നിങ്ങനെ പോകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അതിഥിത്തൊഴിലാളികളില്‍ 68 ശതമാനവും മധ്യകേരളത്തില്‍. ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് മധ്യകേരളത്തിലെ രാഷ്ട്രീയ, മത-സാമൂഹ്യ മേഖലകളില്‍ വരുംനാളുകളില്‍ വരാനിടയുള്ള മാറ്റങ്ങളിലേക്കാണ്. കേരളത്തില്‍ സ്ഥിരതാമസക്കാരായി എത്തുന്ന അതിഥിതൊഴിലാളികള്‍ക്ക് കാലാന്തരത്തില്‍ ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ വോട്ടവകാശം ലഭിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

സംഘടിതരൂപം കൈവരിക്കുന്ന അതിഥികളുടെ രാഷ്ട്രീയ സ്വാധീനവും മധ്യകേരളത്തില്‍ വരുംനാളുകളില്‍ ശക്തമാകും. നിലവിലുള്ള മുന്നണികളെ വെല്ലുവിളിക്കുന്ന ബാഹ്യശക്തികള്‍ രൂപപ്പെട്ടെന്നും വരാം. സംഘടിതശക്തികളായി മറ്റൊരു സംസ്ഥാനത്തും കുടിയേറ്റത്തൊഴിലാളികള്‍ മാറിയിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളും ചില തീവ്രവാദഗ്രൂപ്പുകളും നടത്തുന്ന അണിയറ അജണ്ടകള്‍ മധ്യകേരളത്തില്‍ വിവിധ തലങ്ങളില്‍ ഇവരിലൂടെ മാറ്റങ്ങള്‍ സൃഷ്ടിക്കാം. മതവും ജാതിയും തിരിച്ചുള്ള സര്‍വ്വേ കണക്കുകള്‍ ഔദ്യോഗികമായി ലഭ്യമല്ലെങ്കിലും മുസ്ലീംവിഭാഗങ്ങളാണ് അതിഥിത്തൊഴിലാളികളിലേറെയുമെന്നാണ് വ്യക്തമാകുന്നത്. ഇതെല്ലാം മധ്യകേരളത്തിലെ മത രാഷ്ട്രീയ സമവാക്യങ്ങളെ ഭാവിയില്‍ സ്വാധീനിക്കാം.

തീവ്രവാദഗ്രൂപ്പുകള്‍ നുഴഞ്ഞുകയറിയോ?
കിഴക്കമ്പലത്ത് പോലീസ്ജീപ്പ് കത്തിച്ച കുടിയേറ്റത്തൊഴിലാളികളുടെ അഴിഞ്ഞാട്ടത്തിന്റെ മറവില്‍ കിറ്റെക്‌സ് കമ്പനിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചവരുടെയും ശ്രമിക്കുന്നവരുടെയും രാഷ്ട്രീയ അജണ്ടകളും യാഥാര്‍ത്ഥ്യവും അന്വേഷിച്ചറിയേണ്ടതുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം അവഹേളിതരാകുവാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കാതെ അതിഥിത്തൊഴിലാളികളുടെയിടയിലേക്ക് നുഴഞ്ഞുകയറി അവരെ അക്രമത്തിലേക്ക് നയിക്കുന്ന തീവ്രവാദഗ്രൂപ്പുകളിലേക്ക് അന്വേഷണമാരംഭിക്കുവാന്‍ ഭരണ സംവിധാനങ്ങള്‍ക്കാവുമോ?

കോവിഡ് ആരംഭകാലത്ത് ചങ്ങനാശേരിക്കടുത്ത് പായിപ്പാട് കേന്ദ്രമായി ഏതാനും മണിക്കൂറുകള്‍കൊണ്ട് പതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തികളുമാക്കി തെരുവില്‍ സംഘടിച്ചിറങ്ങിയതിന്റെ പിന്നിലാരെന്ന് വെളിപ്പെടുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ മടിക്കുന്നതെന്താണ്?

കുടിയേറ്റ തൊഴിലാളികള്‍ അതിഥിത്തൊഴിലാളികളായി അറിയപ്പെടുന്നത് കേരളത്തില്‍ മാത്രമാണ്. ഇത് കേരളത്തിന്റെ സാംസ്‌കാരിക തനിമായണെന്ന് നമുക്ക് അഭിമാനിക്കാമായിരിക്കാം. സംസ്ഥാനത്തേക്ക് വരുന്നവരെ മാന്യതയോടെ സ്വീകരിക്കുക മലയാളിയുടെ കുടുംബമഹിമയും അന്തസുമാണെന്നു പറഞ്ഞാലും തര്‍ക്കിക്കേണ്ടതില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും കുടിയേറുന്ന കേരളസമൂഹം ഇന്നും കുടിയേറ്റക്കാരായി മാത്രമാണ് അവിടങ്ങളില്‍ കണക്കാക്കപ്പെടുന്നതെന്നും ഓര്‍മിക്കുക.

ക്രിമിനലുകള്‍ കസറുമ്പോള്‍
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 3,650 ലേറെ ക്രിമിനല്‍ കേസുകളാണ് അതിഥിത്തൊഴിലാളികളുടേതായി കേരളത്തിലുള്ളത്. 2021ല്‍ മാത്രം 1059 പേര്‍ പ്രതികള്‍. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ പ്രതികളായവര്‍ വേറെ. കേരളത്തിലെ വിവിധ ജയിലുകളില്‍ കൊലക്കയര്‍ കാത്തുകഴിയുന്ന 16 പേരില്‍ 3 പേര്‍ അതിഥികളുടെ കൂട്ടത്തില്‍പ്പെടുന്നു. 2021ല്‍ അതിഥിത്തൊഴിലാളികളുടേതായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 17 എണ്ണം കൊലപാതകമാണ്. പത്തെണ്ണം കൊലപാതകശ്രമവും. 116 സ്വത്തുകേസും 29 ബലാത്സംഗക്കേസും 31 പോക്‌സോ കേസുകളുമുണ്ട്.

കുടിയേറ്റത്തൊഴിലാളികളുടെ കേരളത്തിലെ ജീവിത സാഹചര്യങ്ങള്‍ ഏറെ ദയനീയമാണെന്നത് വാസ്തവം തന്നെ. ഇവര്‍ക്ക് മനുഷ്യര്‍ക്കുതകുന്ന ജീവിതചുറ്റുപാടുകള്‍ നല്‍കേണ്ടത് നമ്മുടെ കടമയാണ്. 55.6 ശതമാനം കുടിയേറ്റത്തൊഴിലാളികളും രോഗങ്ങള്‍ക്ക് അടിമകളാണ്. കാന്‍സര്‍, എയ്ഡ്‌സ്, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ഡയബറ്റിസ് ആദിയായവയ്ക്കുപുറമെ അപകടങ്ങളില്‍പ്പെട്ട് കൈകാലുകള്‍ക്ക് ക്ഷതമേറ്റവരും മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നവരുമുണ്ട്.

അതിഥികള്‍ ആതിഥേയര്‍
കേരളത്തിന്റെ വിവിധങ്ങളായ മണ്ഡലങ്ങളില്‍ അതിഥിത്തൊഴിലാളികള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നവരായിട്ടുണ്ടെന്നു മാത്രമല്ല ഒഴിവാക്കാന്‍ പറ്റാത്ത കണ്ണികളുമാണ്. സൗഹാര്‍ദ്ദതയോടെ സ്വദേശികളെ സ്വീകരിക്കുന്നവരും സമീപിക്കുന്നവരും നല്ലസേവനം നല്‍കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിതമായി തുടരുന്ന അതിഥികളുടെ അക്രമങ്ങളെ ഭരണനേതൃത്വങ്ങള്‍ നിസാരവല്‍ക്കരിക്കരുത്.

കുടിയേറ്റത്തൊഴിലാളികള്‍ സംഘടിതരൂപം കൈവരിച്ചിരിക്കുന്നതുകൂടാതെ തീവ്രവാദഗ്രൂപ്പുകളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഇവരുടെയിടയില്‍ രൂപപ്പെട്ടിട്ടുണ്ടോയെന്നതും പരിശോധിക്കപ്പെടേണ്ട വിഷയമാണ്. കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്ന വോട്ടുബാങ്കായി നാളെ ഇവര്‍ മാറാം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ നേരിടേണ്ടിതും രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങള്‍ക്ക് വിധേയമാകുന്നതും പ്രധാനമായും മധ്യകേരളമായിരിക്കും.