ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അബുദാബി കിരീടാവകാശി യു.എ.ഇയുടെ പേരില്‍ സമ്മാനിച്ച പരവതാനിയുടെ ഡിജിറ്റല്‍ മാതൃകാ പതിപ്പിന് ലേലത്തില്‍ ലഭിച്ചത് മൂന്ന് ലക്ഷത്തിലേറെ ദിര്‍ഹം (82000 ഡോളര്‍). അഫ്ഗാന്‍ വനിതകള്‍ നെയ്‌തെടുത്ത ഈ അതിവിശിഷ്ട പരവതാനി 2016-ല്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോഴാണ് യു.എ.ഇ. സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപന്‍ കൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മാര്‍പ്പാപ്പയ്ക്കു സമ്മാനിച്ചത്.

വില്‍പനയില്‍ നിന്നുള്ള തുക അഫ്ഗാനിസ്ഥാനിലെ ദുര്‍ബല കുടുംബങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കും. അനശ്വരതയാര്‍ജിച്ച ഈ ചരിത്രപ്രധാന പൊന്തിഫിക് പരവതാനിയുടെ ഡിജിറ്റല്‍ പകര്‍പ്പിന് ലേലത്തില്‍ രേഖപ്പെടുത്തിയ അവസാന തുക 3,06,184 ദിര്‍ഹത്തിന് തുല്യമായ ക്രിപ്‌റ്റോ കറന്‍സിയാണ്. ഡിജിറ്റല്‍ കലാരൂപങ്ങളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാനുപയോഗിക്കുന്ന എന്‍.എഫ്.ടി. (നോണ്‍-ഫന്‍ജിബിള്‍ ടോക്കണ്‍) രീതിയിലായിരുന്നു ഇടപാട് നടത്തിയത്. 272 സെന്റി മീറ്റര്‍ നീളവും 183 സെന്റി മീറ്റര്‍ വീതിയുമുള്ള യഥാര്‍ത്ഥ പരവതാനി വത്തിക്കാനില്‍ തന്നെയുണ്ടാകും.

അഫ്ഗാനിസ്ഥാനിലെ നിര്‍ദ്ധന കുടുംബങ്ങളെ സഹായിച്ചുവരുന്ന ഫാത്തിമ ബിന്റ് മുഹമ്മദ് ബിന്‍ സായിദ് ഇനിഷ്യേറ്റീവ് തയ്യാറാക്കി നല്‍കിയ 187 സെന്റി മീറ്റര്‍ നീളവും 125 സെന്റി മീറ്റര്‍ വീതിയുമുള്ള സമാന പരവതാനി ലേലം ഉറപ്പിച്ചയാള്‍ക്കു ലഭിക്കും; കൂടാതെ ഡിജിറ്റല്‍ ക്യാന്‍വാസില്‍ മുദ്രിതമായ അലങ്കരിച്ച സ്വര്‍ണ്ണ ഫ്രെയിമും.സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുന്ന ഇത്തരം അഫ്ഗാന്‍ ഉത്പന്നങ്ങള്‍ക്ക് ഫാത്തിമ ബിന്റ് മുഹമ്മദ് ബിന്‍ സായിദ് ഇനിഷ്യേറ്റീവ് പ്രചാരമേകിവരുന്നു.

‘ഒരുപക്ഷേ മിഡില്‍ ഈസ്റ്റില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും മികച്ച എന്‍.എഫ്.ടിയാണിത്,’ എന്‍.എഫ്.ടി ലിസ്റ്റ് ചെയ്ത ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡിഐഎഫ്‌സി) പ്രത്യേക സാമ്പത്തിക മേഖലയിലെ പ്രാദേശിക വിപണിയായ എന്‍.എഫ്.ടി വണ്‍ സഹസ്ഥാപകനായ മുസ്ഫിര്‍ ഖവാജ പറഞ്ഞു. നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനും മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള ചര്‍ച്ചയ്ക്കാണ്് 2016-ല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.