*വോട്ടേഴ്‌സ് ഐ.ഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം.* ശബ്ദവോട്ടോടെയാണ് ബില്‍ സഭയില്‍ പാസായത്.കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഒരുപാട് കാലമായി ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്നവരോട് ആധാര്‍ നമ്പര്‍ ആവശ്യപ്പെടാന്‍ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അനുവാദം
നല്‍കുന്നതാണ് ബില്‍.
*കേരളത്തില്‍ 2230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.* തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസര്‍ഗോഡ് 44 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
*ലക്ഷദ്വീപില്‍ പുതിയ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍.* വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസങ്ങളില്‍ നല്‍കി വന്നിരുന്ന അവധി ഇനി മുതല്‍ ഉണ്ടാകില്ല. മറ്റെല്ലാ പ്രദേശങ്ങളിലെയും പോലെ വാരാന്ത്യ അവധി ഞായറാഴ്ചയാക്കി . ഇത് സംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയത്.
*ഡല്‍ഹിയിലെ ചെങ്കോട്ടയുടെ നിയമപരമായ അവകാശി താനാണെന്ന് അവകാശപ്പെട്ട് വീട്ടമ്മ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.* അവസാനത്തെ മുഗൾ രാജാവായിരുന്ന ബഹാദൂര്‍ ഷാ സഫര്‍ രണ്ടാമന്റെ കൊച്ചുമകന് മിര്‍സ മുഹമ്മദ് ബേദാര്‍ ഭക്തിന്റെ വിധവയാണ് താനെന്ന് അവകാശപ്പെട്ടു സുൽത്താന ബീഗമാണു ഹർജി നൽകിയത്.
*പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.* കാര്യങ്ങൾ അറിയാൻ സ്ഥാപനങ്ങളിലേക്ക് വിളിക്കാൻ പല ഓഫീസുകൾക്കും ഫോൺ നമ്പർ ഇല്ല എന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം പരിശോധന നടത്തിയിരുന്നു
*തമിഴ്നാട് തെങ്കാശിയിലെ കർഷകരിൽ നിന്ന് പച്ചക്കറി സമാഹരിച്ച് വിതരണം നടത്തുന്നതിന് രൂപീകരിച്ച കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി കേരള സർക്കാരിന് വേണ്ടി ഹോർട്ടികോർപ്പ് ധാരണാ പത്രം ഒപ്പു വച്ചു.* തമിഴ്നാട് അഗ്രി മാർക്കറ്റിംഗ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികൾ ഹോർട്ടി കോർപ്പ് സംഭരിക്കുക. പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ നിന്ന് ഗ്രേഡ് ചെയ്ത പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ്പിന് ഇനി കഴിയും.
*എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം ടീച്ചേഴ്സ് / പാർട്ട് ടൈം ടീച്ചേഴ്സ് വിത്ത് ഫുൾ ബെനിഫിറ്റ് വിഭാഗം അധ്യാപകർക്ക് കെ.എ.എസ്.ഇ.പി.എഫിൽ അംഗത്വം നൽകുന്നതിനുള്ള അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.* ഈ വിഭാഗം ജീവനക്കാരിൽ നേരത്തെ കെ.എ.എസ്.ഇ.പി.എഫ് അംഗത്വം ലഭിച്ചവരുണ്ടെങ്കിൽ അവർക്ക് ഉത്തരവ് ദോഷകരമായി ബാധിക്കില്ലെന്നും വ്യവസ്ഥയുണ്ട്.
*വെല്ലൂര്‍ ജോസ് ആലുക്കാസില്‍ നിന്ന് മോഷണം പോയ 16 കിലോ സ്വര്‍ണം കണ്ടെടുത്തു.* സമീപപ്രദേശത്തെ ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.ഡിസംബര്‍ പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പതിനാറ് കിലോ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു
*ബാലരാമപുരത്ത് ഗുണ്ടാ ആക്രമണം.* ലഹരിക്കടിമകളായ യുവാക്കള്‍ വാഹനങ്ങള്‍ അടിച്ച് തകര്‍ത്തു. ആക്രമണത്തിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ബാലരാമപുരം എരുത്താവൂർ, റസ്സൽപുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് യുവാക്കളാണ് പത്തിലധികം വാഹനങ്ങൾ തല്ലിത്തകർത്തത്. ഒന്‍പത് ലോറിയും മൂന്നു കാറും നാല് ബൈക്കുമാണ് തകര്‍ത്തത്.
*ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഐഎ ഇടപെടുന്നു.* കൊലപാതകങ്ങള്‍ സംബന്ധിച്ച് പൊലീസില്‍ നിന്നും എന്‍ഐഎ വിവരങ്ങള്‍ തേടി. രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതെന്നാണ് വിവരം. കേസിന്റെ വിശദാംശങ്ങളും ലഭ്യമായ രേഖകളും പോലീസില്‍ നിന്നും ശേഖരിച്ചു. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോണ്‍ നമ്പറുകള്‍, യാത്രാ വിവരങ്ങള്‍, പശ്ചാത്തലം എന്നിവയിലാണ് വിവരശേഖരണം നടത്തിയത്.
*കോഴിക്കോട് പയ്യോളിയിൽ ക്ഷേത്രത്തിൽ തീപിടിത്തം.* ഇരിങ്ങൽ മേക്കന്നോളി പരദേവതാ ക്ഷേത്രത്തിനാണ് തീപിടിച്ചത്. ക്ഷേത്ര മേൽക്കൂര പൂർണമായും കത്തി നശിച്ചു. വടകരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടർന്നെങ്കിലും തീ പടർന്നു പിടിക്കുകയായിരുന്നു. കാരണം വ്യക്തമല്ലെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
*അടിവസ്ത്രങ്ങളുടെ ലൈനിങിനുള്ളിലും മസാലക്കുപ്പികളിലുമായി 3.8 കിലോ സ്വര്‍ണം കടത്തിയ യുവതി പിടിയിൽ.* ഷാര്‍ജയില്‍ നിന്നെത്തിയ കെനിയന്‍ സ്ത്രീകളുടെ കൈയില്‍ നിന്നാണ് ഇത്രയും കിലോ സ്വർണ്ണം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്.
*രാജ്യത്ത് കൊറോണ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നു.* കുട്ടികള്‍ക്ക് കൊറോണ വാക്സിന്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രണ്ട് പുതിയ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി. കൊറോണയുടെ മൂന്നാം തരംഗം മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. രണ്ട് വാക്സിനുകള്‍ക്ക് കൂടി ഉടന്‍ അനുമതി നല്‍കും. നിലവില്‍ 137 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു.
*ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് സുരക്ഷാ സേന.* സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന പിടികൂടി. പുല്‍വാമ ജില്ലയില്‍ പോലീസും സുരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.
*രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സർക്കാർ നിഷ്ക്രിയമാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.* ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലാണ് അരും കൊലകള്‍ സംഭവിക്കുന്നത്. 32 രാഷ്ട്രീയ കൊലപാതകങ്ങൾക്കാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കേരളം സാക്ഷ്യം വഹിച്ചത്.
*യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കുഞ്ഞു മരിച്ചു.* യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ആര്‍ക്കോണത്തിനടുത്തുള്ള നെടുമ്പുളി എന്ന ഗ്രാമത്തിലാണ് സംഭവം. നെടുമ്പുളി സ്വദേശിയായ ലോകനാഥന്റെ ഭാര്യ ഗോമതി(28)യാണ് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യൂട്യൂബ് വീഡിയോ അനുകരിച്ച് തനിയെ പ്രസവമെടുക്കാന്‍ ശ്രമിച്ചത്.
നിലവില്‍ അതീവ ഗുരുതരാവസ്ഥയിലായ ഗോമതി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
*പെൺകുട്ടികളുടെ വിവാഹ പ്രായം 21-ആക്കി ഉയർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി.* വ്യക്തി നിയമങ്ങൾ മൗലികാവകാശമാണ്. സർക്കാറിന് അതിലേക്ക് കടന്നുകയറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
*ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.* താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ്. ഇന്ന് തന്നെ ഹാജരാകാൻ ഐശ്വര്യ റായിക്ക് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. പനാമ ആസ്ഥാനമായുള്ള സ്ഥാപനം വഴി അനധികൃത നിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലാണ് പനാമ പേപ്പർ.
*രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു.* കഴിഞ്ഞദിവസം കര്‍ണാടകത്തില്‍ അഞ്ചുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 160 കടന്നു. ധാര്‍വാഡ്, ഭദ്രാവതി, ഉഡുപ്പി , മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കര്‍ണാടകയില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.
*ഒമിക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ.* യുകെയില്‍ വളരെ വേഗമാണ് ഒമിക്രോൺ കേസുകള്‍ ഉയരുന്നത്. ലോകമെമ്പാടുമുള്ള ഒമിക്രോൺ പടർന്ന് പിടിക്കല്‍ ഇന്ത്യ നിരീക്ഷിക്കണമെന്നും, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറടുക്കണമെന്നും ഗുലേറിയ പറഞ്ഞു.
*അയോദ്ധ്യയ്ക്കും കാശിക്കും ശേഷം ഉടനെ തന്നെ മധുരയിലും ക്ഷേത്രനിർമ്മാണം ആരംഭിക്കുമെന്ന് ബിജെപി.* മഥുര ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് ബിജെപി പാർലമെന്റ് അംഗമായ ഹേമമാലിനിയാണ് ഇക്കാര്യം പ്രസ്താവിച്ചത്.
*രാജ്യത്തെ മുസ്‌ലിങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ മതേതര പാര്‍ട്ടികളാണെന്ന് എ.ഐ.എം.ഐ.എം മഹാരാഷ്ട്ര പ്രസിഡന്റും ഔറംഗാബാദിലെ എം.പിയുമായ ഇംതിയാസ് ജലീല്‍.* ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയേക്കാള്‍ മുസ്‌ലിങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നത് മതേതര പാര്‍ട്ടികളാണെന്നാണ് ഇംതിയാസ് പറയുന്നത്.
*പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന ബോട്ട് പിടിച്ചെടുത്തു.* ഇന്ത്യൻ തീരസംരക്ഷണസേനയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ബോട്ട് പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന ആറു പേരെ ഗുജറാത്ത് എ.ടി.എസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്നും 77 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. വിപണിയിൽ ഇതിന് 400 കോടി വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
*ഡൽഹയിലെ രോഹിണി ജില്ലാ കോടതിയില്‍ ടിഫിന്‍ ബോക്‌സ് ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ അറസ്റ്റിലായ മുതിര്‍ന്ന ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞന്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു.* ശുചിമുറിയില്‍ കയറി ഹാന്‍ഡ് വാഷ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കടാരിയ (47)യെ എയിംസില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചത്.
*കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാന സുരക്ഷാ ജീവനക്കാരനില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണം പിടികൂടി .* സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ നൗഷാദിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.
*ക്രൈസ്തവർ ഉള്‍പ്പെടെയുള്ള ഇസ്ലാം ഇതര മതവിശ്വാസങ്ങൾ പിന്തുടരുന്നവർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മുസ്ലിം മതവിശ്വാസികൾ ആരാധന നടത്തുന്ന മോസ്ക്ക് അടച്ചുപൂട്ടാൻ ഫ്രഞ്ച് സർക്കാർ ഒരുങ്ങുന്നു.* പാരീസിനു സമീപത്തുള്ള ബ്യൂവേഴ്സിൽ സ്ഥിതിചെയ്യുന്ന മോസ്ക് ആറുമാസത്തേക്ക് അടച്ചിടാനാണ് ഫ്രഞ്ച് സർക്കാർ നടപടി ആരംഭിച്ചത്. സി ന്യൂസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമാനിനാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തി.
*നൈജീരിയയിലെ അബിയ സ്വദേശിയും ആന്‍റിലെസിലെ അപ്പസ്തോലിക പ്രതിനിധിയുമായ ആർച്ച് ബിഷപ്പ് ഫോർചുനാറ്റസ് നവാചുകുവിനെ ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.* ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) സ്ഥിരം നിരീക്ഷകനായും അന്താരാഷ്‌ട്ര കുടിയേറ്റത്തിനുള്ള വിഭാഗത്തിന്റെ വത്തിക്കാൻ പ്രതിനിധിയായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. നിയമനമനുസരിച്ച്, 2022 മാർച്ചിന്റെ തുടക്കത്തിൽ ഐക്യരാഷ്ട്രസഭയിലെ പുതിയ ദൗത്യം അദ്ദേഹം ഏറ്റെടുക്കും.
*വത്തിക്കാനിലെ ചാരിറ്റബിള്‍ പീഡിയാട്രിക് ക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളായ കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ ജന്മദിനാഘോഷം.* ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിവരുന്ന വത്തിക്കാനിലെ സാന്താ മാര്‍ത്ത പീഡിയാട്രിക് ഡിസ്പെന്‍സറിയില്‍ ചികിത്സ തേടിയിട്ടുള്ള കുട്ടികളും അവരുടെ കുടുംബങ്ങളും ഇന്നലെ ഞായറാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 17 വെള്ളിയാഴ്ചയായിരിന്നു പാപ്പയുടെ എണ്‍പത്തിയഞ്ചാമത് ജന്‍മദിനം.
*ഇന്നത്തെ വചനം*
അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്‌റ്റസ് സീസറില്‍നിന്ന് കല്‍പന പുറപ്പെട്ടു.
ക്വിരിനിയോസ് സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു.
പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗ രത്തിലേക്കുപോയി.
ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍ ,
പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്നുയൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി.
ലൂക്കാ 2 : 1-5
*വചന വിചിന്തനം*
മറിയത്തോടുകൂടി പോയ ജോസഫിനെയാണ് വചനം അവതരിപ്പിക്കുന്നത്. മറിയത്തിൻ്റെ വേദനകളിലും സഹനങ്ങളിലും കൂടെ നിൽക്കാൻ തയ്യാറാകുന്ന ജോസഫ്, സഹനങ്ങളിലൂടെ കടന്നുപോകുന്നവരോട് പങ്കുചേരാനും അവരെ സഹായിക്കാനും നമുക്ക് സാധിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നു. സഹനങ്ങൾ അനുഭവിക്കുന്നവർ ഒറ്റയ്ക്കല്ല എന്ന തോന്നൽ ഉളവാക്കാൻ നമുക്കു സാധിച്ചാൽ അതുതന്നെ അവർക്ക് ആശ്വാസമാണ്. സഹനങ്ങൾ അനുഭവിക്കുന്നവരോട് പങ്കുചേരുനുള്ള പരിശ്രമമായിരിക്കട്ടെ ഈ ക്രിസ്മസ് കാലത്ത് നമ്മൾ പരിശീലിക്കുന്ന ഒരു പുണ്യം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*