നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്പില്‍വേ ഷട്ടര്‍ അടച്ച മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ വര്‍ധന. നിലവില്‍ 138.95 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

വൈഗാ ഡാം നിറഞ്ഞതിനാല്‍ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തി്‌ന്റെ അളവ് കുറച്ചേക്കും. ഇതോടെ മഴ കുറഞ്ഞാലും ഉടന്‍ തന്നെ ജലനിരപ്പ് കാര്യമായി കുറയാനുള്ള സാധ്യത കുറവാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് 138.50 അടിയിലേക്ക് ജലനിരപ്പ് താഴ്ന്നതോടെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകളും തമിഴ്‌നാട് അടച്ചിരുന്നു. നീരൊഴുക്ക് കുറഞ്ഞപ്പോഴാണ് ഷട്ടര്‍ അടയ്ക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്.