രണ്ടു വര്‍ഷം മുന്‍പ് ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് ഒരു പുതിയ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന പ്രാദേശീക ബുദ്ധ സന്യാസി ഗലഗോഡാ അത്തേയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ആരംഭിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ശ്രീലങ്കയിലെ കത്തോലിക്കാ സഭ. ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് സംപ്രേക്ഷണം ചെയ്ത ഒരു ടെലിവിഷൻ ടോക്ക് ഷോയിലാണ് ബുദ്ധസന്യാസി മറൊരു ആക്രമണത്തെ കുറിച്ച് വിവരങ്ങൾ ഉണ്ടെന്നും ആക്രമണം നടത്താൻ ആഗ്രഹിക്കുന്ന സമൂഹങ്ങൾ രാജ്യത്തുണ്ടെന്നും പ്രസ്താവാന നടത്തിയത്. ദേശീയ ബുദ്ധ സംഘടനയായ ബോഡു ബാല സേനയുടെ (ബി എസ് എസ്സി) പ്രമുഖ വക്താവായ ഇദ്ദേഹം ഇക്കാര്യം ശ്രീലങ്കയുടെ പ്രസിഡണ്ട് ഗോട്ട ബയാ രാജപക്സയെയും ഇൻസ്പെക്ടർ ജനറലിനെയും അറിയിച്ചതായും പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് ശ്രീലങ്കന്‍ സഭ രംഗത്തുവന്നിരിക്കുന്നത്. മുന്നറിയിപ്പിനെ പരിഗണിച്ചു പുതിയ ആക്രമണം തടയുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗഹനമായ അന്വേഷണം ഉടൻ ആരംഭിക്കണമെന്ന് ഈസ്റ്റര്‍ ആക്രമണം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്ന സമിതിയുടെ വക്താവ് ഫാ. സിറിൽ ഗാമിനി ഫെർണാണ്ടോ പ്രസ്താവിച്ചു. 2019 ഈസ്റ്റർ ഞായറാഴ്ച ആക്രമണത്തെക്കുറിച്ച് ശ്രീലങ്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് തടയാൻ വേണ്ട മുൻകരുതലുകളൊന്നും എടുത്തില്ലായെന്നും അത്തരം ഒരു ആക്രമണം ആവർത്തിക്കുമോ എന്ന് അറിയില്ലെങ്കിലും എപ്പോൾ വേണമെങ്കിലും ഇത് സംഭവിക്കും എന്ന തങ്ങളുടെ ഭയവും, സംശയവും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ 269 നിരപരാധികളും എട്ടു ചാവേറുകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള ലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്നു സ്ഥിരീകരിച്ചു. പക്ഷേ കേസിന്റെ മുന്നോട്ടുള്ള നാള്‍ വഴികളില്‍ യഥാര്‍ത്ഥ പ്രതികളില്‍ നിന്ന് വിഷയം തിരിച്ചു വിടുകയാണെന്നും അന്വേഷണത്തില്‍ മെല്ലപ്പോക്ക് നയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കന്‍ സഭ ശക്തമായി രംഗത്ത് വന്നിരിന്നു.