കാബൂളിലെ മലയാളം

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരതയില്‍ നിന്നുയര്‍ന്ന മലയാളഭാഷ കേരളത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഇതു തെളിയിക്കുന്നത് താലിബാന്‍ കേരള ഭീകരപ്രസ്ഥാന ബന്ധമാണ്. കേരളത്തില്‍ നിന്നും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഐഎസ് താലിബാന്‍ ഭീകരപ്രസ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നവര്‍ ഒരു ദിവസത്തെ സൃഷ്ടിയല്ല. ഇവിടെയാണ് മുന്‍ ഡിജിപിമാര്‍ ഔദ്യോഗിക വിരമിക്കലിനുശേഷം കേരളം ഭീകരപ്രസ്ഥാനങ്ങളുടെ സ്ലീപ്പര്‍ സെല്‍ എന്ന് വിലപിച്ചതിന്റെ പൊരുള്‍ മനസ്സിലാക്കേണ്ടത്. ഔദ്യോഗിക കാലയളവില്‍ ഇവരുടെ കൈകള്‍ കൂച്ചുവിലങ്ങിട്ടിരുന്നുവോ എന്ന സംശയം ബാക്കി നില്‍ക്കുമ്പോഴും ഇവരുടെ വെളിപ്പെടുത്തലുകളുടെ ആധികാരികത തള്ളിക്കളയാനാവില്ല.

അഭയാര്‍ത്ഥികളും ഭീകരരും

കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം എയര്‍പോര്‍ട്ടുകളും പരിസരപ്രദേശങ്ങളും മാത്രമല്ല, വിഴിഞ്ഞവും കോഴിക്കോടും ഉള്‍പ്പെടെ കേരളത്തിന്റെ തീരദേശപ്രദേശങ്ങളും ഭീകരപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കള്ളക്കടത്തും, ലഹരിക്കടത്തും ആയുധക്കടത്തിന്റെയും കേന്ദ്രങ്ങളായി മാറിയോയെന്ന ആശങ്ക പടരുന്നു.

താലിബാനോടൊപ്പം കാബൂളില്‍ ചാവേറാക്രമണം അഴിച്ചുവിട്ട ഐസിഎസ് ഖെരാബന്‍ ഭീകരരുടെ അധിനിവേശത്തിന്റെ ലക്ഷ്യം അഫ്ഗാനിസ്ഥാന്‍ മാത്രമാണെന്ന് പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുന്നവര്‍ക്ക് തെറ്റുപറ്റി. ആദ്യം മധ്യേഷ്യയിലേയ്ക്കും പിന്നീട് ഭാരതത്തിലേയ്ക്കും അഭയാര്‍ത്ഥികളുടെ രൂപത്തില്‍ കടന്നുവരുന്നത് അഭയാര്‍ത്ഥികള്‍ മാത്രമല്ല ഭീകരരുമാണ്. ഇതിന്റെ മറ്റൊരു പതിപ്പാണ് മ്യാന്‍മറില്‍ നിന്ന് അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശില്‍ അഭയംപ്രാപിച്ച റോഹിംഗ്യന്‍ വിഭാഗങ്ങള്‍ ബംഗാളിലൂടെ കേരളമുള്‍പ്പെടെയുള്ള തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടിയേറ്റത്തൊഴിലാളികളായി എത്തിച്ചേര്‍ന്നത്. കുടിയേറ്റ തൊഴിലാളികളെ അതിഥിത്തൊഴിലാളികളായി മഹത്‌വല്‍ക്കരിക്കുമ്പോള്‍ അവരിലൂടെ ഭീകരവാദപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുറപ്പിക്കുന്ന അണിയറ അജണ്ടകളെ വെള്ളപൂശി ഒളിച്ചോടാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്.

ശ്രീലങ്കയില്‍ നിന്നും വിഴിഞ്ഞത്ത് എത്തിയ ബോട്ടില്‍ നിന്നും ആയുധങ്ങളും ലഹരിമരുന്നുകളും എല്‍റ്റിറ്റി ഭീകരന്മാരെന്ന് സംശയിക്കുന്നവരില്‍ നിന്ന് പിടിച്ചെടുത്തിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. പാക്കിസ്ഥാനില്‍ നിന്നാണ് ശ്രീലങ്കവഴി കേരളത്തിലേയ്ക്ക് ഈ പാത തുറന്നിരിക്കുന്നത് എന്നതും ഗൗരവ വിഷയം തന്നെ.

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍