വാർത്തകൾ
🗞🏵 *സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ നൽകുന്നതിൽ നിർദ്ദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരളാ ഘടകം.* എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യയനം ആരംഭിക്കണമെന്നുമാണ് ഐഎംഎയുടെ നിർദ്ദേശം. 18 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണമെന്നും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്‌സിൻ നൽകിയ ശേഷം വേണം അദ്ധ്യയനം ആരംഭിക്കാനെന്നും ഐഎംഎ വ്യക്തമാക്കി.
🗞🏵 *കേരള തീരത്ത് ശക്തമായ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.* വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സമുദ്രതീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
🗞🏵 *കേരളത്തിൽ 13,984 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.* തൃശൂർ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂർ 802, കാസർഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *സംസ്ഥാനത്ത് വിദേശനിര്‍മിത മദ്യത്തിന് വില വര്‍ധിപ്പിച്ചു.* വെയര്‍ഹൗസ് നികുതി കൂട്ടിയതോടെയാണ് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വില വര്‍ധിപ്പിക്കാൻ തീരുമാനിച്ചത്. വെയര്‍ഹൗസ് ലാഭവിഹിതം 2.5 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ്.
🗞🏵 *പാരിപ്പള്ളിയില്‍ പോലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടിയുമായി അതിക്രമത്തിനിരയായ മത്സ്യത്തൊഴിലാളി മേരി വര്‍ഗീസ് രംഗത്ത്.* പോലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും നിരപരാധിയായ തന്റെ വാക്ക് അംഗീകരിക്കുന്നില്ലെന്നും മേരി വര്‍ഗീസ് പറഞ്ഞു. പോലീസ് പറഞ്ഞ കള്ളം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണെന്നും മേരി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
🗞🏵 *പെഗാസസ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇരകളായ അഞ്ചു മാദ്ധ്യമപ്രവർത്തകർ സുപ്രീം കോടതിയിൽ.* ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ സുപ്രീം കോടതി ഹർജി നൽകി. പെഗാസസ് വാങ്ങിയോ എന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്നാണ് ഇവർ ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നത്.
🗞🏵 *കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇ-റുപ്പി’ സംവിധാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ അവതരിപ്പിച്ചത്.* സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
🗞🏵 *ഭര്‍ത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലിയതായി പരാതി. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിലെ മന്ത്രിയായിരുന്ന ചൗധരി ബഷീറാണ് ഭാര്യയെ മുത്തലാഖ് ചൊല്ലിയത്.* സംഭവത്തില്‍ ചൗധരി ബഷീറിന്റെ മൂന്നാം ഭാര്യയായ നഗ്മ പോലീസില്‍ പരാതി നല്‍കി. ചൗധരി ബഷീര്‍ ആറാം വിവാഹത്തിന് ഒരുങ്ങുന്നതായി അറിഞ്ഞതോടെ നഗ്മ മുന്‍ മന്ത്രിയുടെ വീട്ടിലെത്തി.
വിവാഹത്തെ കുറിച്ച് ചോദിച്ചതോടെ ചൗധരി ബഷീര്‍ രോഷാകുലനായി തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നും മുത്തലാഖ് ചൊല്ലിയെന്നും നഗ്മയുടെ പരാതിയില്‍ പറയുന്നു.
🗞🏵 *പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ അമര്‍ജീത് സിന്‍ഹ രാജിവെച്ചു.* കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ബിഹാര്‍ കേഡറിലെ 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അമര്‍ജീത് സിന്‍ഹ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിതാനാകുന്നത്.ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിന്‍ഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിതനാകുന്നത്. സിന്‍ഹയുടെ രാജിയുടെ പിന്നിലുളള കാര്യം വ്യക്തമല്ല.
🗞🏵 *ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ പണം കെട്ടിക്കിടക്കുന്നു.* വിവിധ ബാങ്കുകളിലായി അവകാശികളില്ലാത്ത അക്കൗണ്ടുകളില്‍ 24,356 കോടി രൂപയാണ് ഉള്ളതെന്ന് ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം പണം ബാങ്കുകള്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആളില്ലാ അക്കൗണ്ടുകളുടെ വിശദ വിവരങ്ങള്‍ നല്‍കി ഒരു ഏകീകൃത പോര്‍ട്ടല്‍ തയ്യാറാക്കാനാണ് പദ്ധതി.
🗞🏵 *ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ രാജ്യം വിട്ട മകൾ ആയിഷയെയും ചെറുമകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സെബാസ്റ്റ്യൻ സേവ്യർ സുപ്രീം കോടതിയെ സമീപിച്ചു.* ഐഎസിൽ ചേർന്ന ഭർത്താവിനൊപ്പം രാജ്യം വിട്ട് അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്നാണ് പിതാവ് നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിൽ യുദ്ധത്തിന് സാധ്യതയുണ്ടെന്നും വിദേശത്ത് നിന്നെത്തി ഭീകര പ്രവർത്തനം നടത്തിയ ആയിഷ അടക്കമുള്ളവർ തൂക്കിലേറ്റപ്പെടുമെന്നും സെബാസ്റ്റ്യൻ ഹർജിയിൽ പറയുന്നു. ആയിഷ ദേശീയ അന്വേഷണ ഏജൻസിയുടെ യുഎപിഎ കേസിൽ പ്രതിയാണ്.
🗞🏵 *ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയതിന് പിന്നാലെ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് പി വി സിന്ധുവിന്റെ ജാതി.* കഴിഞ്ഞ ഒരാഴ്ച്ചയിൽ ഗൂഗിളിൽ പി വി സിന്ധുവിന്റെ ജാതിയെ കുറിച്ച് തിരഞ്ഞവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് ഒന്നിനാണ് ഏറ്റവും അധികം ആളുകൾ പി വി സിന്ധുവിന്റെ ജാതിയെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തത്. ഇതിൽ അധികവും ഉത്തർപ്രദേശ്, തെലങ്കാന, ഹരിയാന, ബിഹാർ, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്.
🗞🏵 *ലക്ഷദ്വീപില്‍ ജനങ്ങളും അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി.* ലക്ഷദ്വീപില്‍ കവരത്തി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ഭരണകൂടം പൊളിച്ചുനീക്കിയതോടെ ജനങ്ങളുടെ എതിര്‍പ്പ് ശക്തമായി. പഞ്ചായത്ത് പദ്ധതിപ്രകാരം ആരംഭിക്കാനിരുന്ന മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ്, മത്സ്യബന്ധന ബോട്ടുകളുടെ എന്‍ജിന്‍ സര്‍വീസ് കേന്ദ്രം, കരകൗശല നിര്‍മ്മാണ പരിശീലന കേന്ദ്രം എന്നിവയുടെ കെട്ടിടങ്ങളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പൊളിച്ചുനീക്കിയത്.
🗞🏵 *രാജ്യത്ത് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ.* കൂടുതൽ വിശദീകരണങ്ങളൊന്നും നൽകാതെയാണ് ജോൺസൺ ആൻഡ് ജോൺസൺ അപേക്ഷ പിൻവലിച്ചിരിക്കുന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
🗞🏵 *രാജ്യത്ത് ഒക്ടോബറോടെ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്.* രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകുമെന്ന് കൃത്യമായി പ്രവചിച്ച ഗവേഷകരാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹൈദരാബാദിലേയും കാണ്‍പൂരിലേയും ഐഐടികളിലെ മതുകുമല്ലി വിദ്യാസാഗര്‍, മണീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് റിപ്പോര്‍ട്ട്.
🗞🏵 *മിസ്സോറാം-ആസ്സാം അതിര്‍ത്തി തര്‍ക്കത്തിനിടെ മിസ്സോറം ഗവര്‍ണര്‍ ഹരിബാബു കമ്പംപാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു.* സംഘര്‍ഷ സാഹചര്യത്തെ കുറിച്ച് ഗവര്‍ണര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സംഘര്‍ഷത്തെ കുറിച്ചും നിലവിലെ സാഹചര്യം സംബന്ധിച്ചും
ഗവര്‍ണര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
🗞🏵 *വോഡഫോൺ ഐഡിയയിലെ തന്റെ മുഴുവൻ ഓഹരിയും രാജ്യത്തെ ഏതെങ്കിലുമൊരു പൊതുമേഖലാ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് നൽകാൻ തയ്യാറാണെന്ന് ബിർലാ ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർല.* കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് ഗൗബയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ ഏഴിനാണ് അദ്ദേഹം ഇതുസംബന്ധിച്ച കത്ത് നൽകിയത്.
🗞🏵 *ജലവാഹന ബിൽ പാസാക്കി രാജ്യസഭ.* കടത്തു തോണികൾക്കുൾപ്പെടെ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ഉൾനാടൻ ജലവാഹനങ്ങൾ സംബന്ധിച്ച ബിൽ ആണ് രാജ്യസഭാ പാസാക്കിയത്. ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ തീരുമാനമായത്.പുതിയബിൽ നിയമമാകുന്നതോടെ 1917 ലെ ഉൾനാടൻ ജലവാഹന നിയമം ഇല്ലാതാകും. രാജ്യത്തെ ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ നയങ്ങളുടെ ഭാഗമായാണ് പുതിയ ബില്ലും കൊണ്ടുവരുന്നത്
🗞🏵 *കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച് തരണമെന്നും ആവശ്യപ്പെട്ട് പ്രതിയായ റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി.* ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള അനുമതി തരാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. പ്രതിയെ വിവാഹം കഴിക്കണമെന്ന പെൺകുട്ടിയുടെ ഹർജിയും കോടതി തള്ളി.
🗞🏵 *കൊരട്ടിയിൽ ഇലക്ട്രിക്ക് കടയുടെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിവന്ന മൂന്ന് പേര് പിടിയിൽ.* കൊരട്ടി സ്വദേശി ഹക്കിം, അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി സ്വദേശി റിഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കുന്ന ഫീനിക്‌സ് ഇലക്ട്രിക്കൽസിന്റെ മറവിലായിരുന്നു ഇവർ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിപ്പിച്ചത്. ഇതിന്റെ നടത്തിപ്പുകാരനും മുഖ്യപ്രതിയുമായ മലപ്പുറം സ്വദേശി സലിം ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്.
🗞🏵 *പുലിറ്റ്‌സര്‍ അവാര്‍ഡ് ജേതാവായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാൻ തന്നെയെന്ന് സ്ഥിരീകരിച്ച് അഫ്ഗാൻ.* ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാൻ ആണെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും അഫ്ഗാൻ ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സ് വക്താവ് അജ്മല്‍ ഒമര്‍ ഷിന്‍വാരി ഇന്ത്യാ ടുഡേയുമായി പ്രതികരിക്കവെയാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
🗞🏵 *പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.* പഞ്ചാബിലെ എ.എ.പി. എം.എൽ.എമാരും നേതാക്കളും പങ്കെടുത്ത യോഗത്തിന് ശേഷമാണ് കെജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 *പാക് അധീന കശ്മീരില്‍ ഭീകരര്‍ക്ക് കണ്‍ട്രോള്‍ റൂം തുറന്നതായി റിപ്പോര്‍ട്ട്.* പാകിസ്താന്‍ ചാര ഏജന്‍സിയായ ഐ.എസ്.ഐയാണ് ഭീകരര്‍ക്ക് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയത്. ഇന്ത്യയില്‍ ആക്രമണത്തിനായി ഭീകരര്‍ വലിയ പദ്ധതികളാണ് തയ്യാറാക്കുന്നതെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി
🗞🏵 *കോവിഡ് പ്രതിരോധത്തില്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ തേടി ഇന്ത്യയും ബ്രിട്ടനും.* കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ‘അശ്വഗന്ധ’ (അമുക്കുരം) ഫലപ്രദമാണോയെന്ന് കണ്ടെത്താനുള്ള പഠനത്തില്‍ ഇരുരാജ്യങ്ങളും കൈകോര്‍ത്തിരിക്കുകയാണ്. ആയുഷ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
🗞🏵 *കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം.* ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിലധികം രേഖപ്പെടുത്തുന്ന ജില്ലകളിലാണ് നിയന്ത്രണം. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ, അസം, മിസോറം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
🗞🏵 *പാർലമെന്റ് ആക്രമണം, പുൽവാമ ആക്രമണം തുടങ്ങിയ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുന്ന ഭീകരൻ മസൂദ് അസ്ഹറിനു പാക്കിസ്ഥാൻ സുരക്ഷിത വാസസ്ഥലം ഒരുക്കിയിരിക്കുന്നതായി റിപ്പോർട്ട്.* രാജ്യത്തിന്റെ ഔദ്യോഗിക അതിഥിയെന്ന രീതിയിൽ ഇയാളെ പാക്ക് സർക്കാർ സംരക്ഷിക്കുന്നതയാണ് ലഭ്യമായ വിവരം.
🗞🏵 *നമ്മുടെ സ്വന്തം ഉപയോഗത്തിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മാത്രമായി ദൈവത്തെ തേടുന്നത് അപക്വമായ വിശ്വാസമാണെന്നു ഫ്രാന്‍സിസ് പാപ്പ.* നാം വിശപ്പടക്കാൻ ദൈവത്തെ തേടുകയാണെന്നും എന്നാൽ നാം തൃപ്തരാകുമ്പോൾ അവിടുത്തെ വിസ്മരിക്കുന്നുവെന്നും ഈ അപക്വമായ വിശ്വാസത്തിന്റെ കേന്ദ്രത്തിൽ ദൈവമില്ലായെന്നും ഇന്നലെ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു മുന്നോടിയായി നല്കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. നമ്മുടെ ആവശ്യങ്ങൾ ദൈവത്തിൻറെ ഹൃദയത്തിനു മുന്നിൽ അവതരിപ്പിക്കുന്നത് യുക്തമാണെങ്കിലും നമ്മുടെ പ്രതീക്ഷകൾക്കതീതമായ രീതിയിൽ പ്രവർത്തിക്കുന്ന കർത്താവ്, സർവ്വോപരി, നമ്മോടൊപ്പം സ്നേഹബന്ധത്തിൽ ജീവിക്കാൻ ആഗ്രഹിക്കുകയാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.
🗞🏵 *ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ പുതുതായി ചേര്‍ത്ത മത്സരഇനമായ സര്‍ഫിംഗില്‍ ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കിയ കത്തോലിക്ക വിശ്വാസിയായ ബ്രസീലിയന്‍ സര്‍ഫര്‍ ഇറ്റാലോ ഫെറേരയുടെ ക്രിസ്തു സാക്ഷ്യം ചര്‍ച്ചയാകുന്നു.* തന്റെ പ്രാര്‍ത്ഥന ഒന്നുകൊണ്ട് മാത്രമാണ് തനിക്ക് ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും എല്ലാ ദിവസവും പുലർച്ചെ 3 മണിക്ക് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നും മറ്റുള്ളവര്‍ ഉറങ്ങുന്ന സമയമായതിനാലും കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയുന്നതിനാലും ദൈവവുമായി സംസാരിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇതാണെന്നും നേട്ടത്തിന് പിന്നാലെ ‘ബാന്‍ഡ്സ്പോര്‍ട്ട്സ്’ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ഫെരേര വെളിപ്പെടുത്തി.
🗞🏵 *അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികന്‍ ഫാ. ജാക്വസ് ഹാമലിനെ അനുസ്മരിച്ച് ഫ്രഞ്ച് പ്രസിഡന്‍റും പ്രധാനമന്ത്രിയും.* ‘ലാളിത്യവും, ഇടവക ജനങ്ങളില്‍ ശ്രദ്ധാലുവുമായ ഒരു നല്ല മനുഷ്യന്റെ സ്മരണയില്‍’ എന്ന വാക്കുകളോടെയാണ് ഫാ. ഹാമലിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുസ്മരിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങള്‍ മറന്നിട്ടില്ലായെന്നും ഇസ്ലാമിക ഭീകരതയെ അഭിമുഖീകരിക്കുക തന്നെ ചെയ്യുമെന്നും ഫ്രഞ്ച് പ്രസിഡന്റിന്റെ ട്വീറ്റില്‍ പറയുന്നു.
🗞🏵 *2023 ഒക്ടോബറില്‍ റോമില്‍വെച്ച് നടക്കുന്ന മെത്രാന്‍മാരുടെ സിനഡിന്റെ മെത്തഡോളജി കമ്മീഷന്‍ അംഗമായി ദക്ഷിണാഫ്രിക്കന്‍ കന്യാസ്ത്രീ.* മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി പ്രെഷ്യസ് ബ്ലഡ് (സി.പി.എസ്) സഭാംഗമായ സിസ്റ്റര്‍ ഹെര്‍മെനെഗില്‍ഡ് മകോറോയ്ക്കാണ് അപ്രതീക്ഷിത നിയമനം ലഭിച്ചിരിക്കുന്നത്. അപ്രതീക്ഷിതവും അതോടൊപ്പം വെല്ലുവിളി നിറഞ്ഞതുമാണ് ദൌത്യമെന്ന് എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ഹെര്‍മെനെഗില്‍ഡ് പറഞ്ഞു
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
*ഇന്നത്തെ വചനം*
ആ പീഡനങ്ങള്‍ക്കുശേഷമുള്ള ദിവസങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്‌ദ്രന്‍ പ്രകാശം തരുകയില്ല.
നക്‌ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആകാശശക്‌തികള്‍ ഇളകുകയും ചെയ്യും.
അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്‌തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും.
അപ്പോള്‍, അവന്‍ ദൂതന്‍മാരെ അയയ്‌ക്കും. അവര്‍ ഭൂമിയുടെ അതിര്‍ത്തികള്‍ മുതല്‍ ആകാശത്തിന്റെ അതിര്‍ത്തികള്‍ വരെ നാലു ദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം.
അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക.
ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
മര്‍ക്കോസ് 13 : 24-31
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
*വചനവിചിന്തനം*
സഹനദാസനായി കടന്നുപോയ ഈശോ വിധികർത്താവായി മഹത്വത്തിൽ എഴുന്നെള്ളും. അന്ന് പ്രകാശം നല്കാൻ സൂര്യന്റെയോ, ചന്ദ്രന്റെയോ ആവശ്യമില്ല. അസ്‌തമിക്കാത്ത പ്രകാശമായ മിശിഹായുടെ വെളിച്ചത്തിൽ എല്ലാം വ്യക്തമാകും. യുഗാന്ത്യത്തിൽ മിശിഹായിൽ ഒരു പുതുയുഗം ആരംഭിക്കും. ആകാശവും ഭൂമിയും കടന്നുപോകുമ്പോൾ മിശിഹാ തന്നെയായ ദൈവവചനം അനശ്വരത വെളിവാക്കും. ഇവയെല്ലാം തിരിച്ചറിഞ്ഞു ഈശോയുമായി ഐക്യപ്പെടാൻ നമ്മൾ ഇനി വൈകരുത്. ആനുകാലിക പ്രതിഭാസങ്ങളിലൂടെ അവിടന്ന് നമ്മോട് സംസാരിക്കുന്നുണ്ട്. ആ സ്വരം തിരിച്ചറിയാനും അവന്റെ സ്വന്തമായി നിത്യത പുൽകാനും നമുക്ക് സാധിക്കട്ടെ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*