🗞🏵 *കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി പിണറായി സർക്കാർ ഏര്‍പ്പെടുത്തിയ പ്രളയ സെസ്​ ഇന്ന്​ അവസാനിക്കും.* 2019 ആഗസ്റ്റ്​ ഒന്ന്​ മുതലാണ്​ കേരളത്തില്‍ പ്രളയ സെസ്​ ഏര്‍പ്പെടുത്തിയത്​. അഞ്ച്​ ശതമാനത്തിന്​ മുകളില്‍ ജി.എസ്​.ടിയുള്ള സാധനങ്ങള്‍ക്ക്​ ഒരു ശതമാനമാണ്​ പ്രളയ സെസ്​ ചുമത്തിയത്​. സ്വര്‍ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു സെസ്​.നാളെ മുതല്‍ പ്രളയ സെസ്​ ഉണ്ടാവില്ലെന്ന്​ ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് അറിയിച്ചത്.
ഏകദേശം 1600 കോടി രൂപ ​പ്രളയ സെസായി പിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്ന്​ ധനമന്ത്രി പറഞ്ഞു. 

🗞🏵 *സംസ്ഥാനത്ത്  20,624 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.* മലപ്പുറം 3474, തൃശൂർ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂർ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസർഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
🗞🏵 *അടുക്കളയില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അലൂമിനിയം പാത്രത്തിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.* അലൂമിനിയം പാത്രത്തിനുള്ളില്‍ നെഞ്ച് വരെ കുടുങ്ങിയ കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.ചട്ടിപ്പറമ്പ് സ്വദേശി പാട്ടുപാറയില്‍ അബ്ദുല്‍ വഹാബിന്റെ മകന്‍ യുവാന്‍ ജൂത് എന്ന രണ്ട് വയസുകാരനെയാണ് മലപ്പുറം ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്.

🗞🏵 *സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു.* ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കരമന സ്വദേശിനി (14), പുത്തൻതോപ്പ് സ്വദേശി (24) എന്നിവർക്കാണ് ഇന്ന് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
 
🗞🏵 *സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2 കോടി കടന്നു.* ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,01,39,113 ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.

🗞🏵 *റെയിൽവേയുടെ ഭൂമി കയ്യേറി ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനെരെ നടപടി.* മസ്ജിദുകളും ദർഗകളും അടക്കം 179 ആരാധനാലയങ്ങളാണ് റെയിൽവേയുടെ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയതായി കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു.

🗞🏵 *ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ അതിര്‍ത്തിയില്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.* നിയന്ത്രണരേഖയ്ക്ക് സമീപം 250ഓളം ഭീകരരാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള നിരവധി ലോഞ്ച് പാഡുകള്‍ അതിര്‍ത്തിയ്ക്ക് സമീപം സജ്ജമാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

🗞🏵 *ഹിമാചൽ സംസ്ഥാനത്ത് ത്രിവർണ്ണപതാക ഉയർത്താൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഖാലിസ്താൻ ഭീകരർ.* ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിനെതിരെയാണ് ഭീഷണി. ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

🗞🏵 *അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായ ജവ്‌സ്ജാനില്‍ അഫ്ഗാന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 21 താലിബാന്‍ ഭീകരർ കൊല്ലപ്പെട്ടു.* ആക്രമണത്തില്‍ 10 ഭീകരർക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. വടക്കന്‍ പ്രദേശങ്ങള്‍ക്കുള്ള സൈനിക വക്താവ് ഹനിഫ് റിസായിയാണ് ഈ വിവരം അറിയിച്ചത്. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഭീകരരുടെ വാഹനങ്ങൾ ആയുധങ്ങൾ എന്നിവയും നശിപ്പിക്കപ്പെട്ടു.
 
🗞🏵 *കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ​ഗോപിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു.* രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് നാളികേര വികസന ബോർഡിലേക്ക് സുരേഷ് ​​ഗോപിയെ തെരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭം​ഗിയായി നിർവഹിക്കാൻ യോ​ഗ്യമായ പരിശ്രമം നടത്തുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പാസാക്കിയത്.

🗞🏵 *ഒളിമ്പിക്സിൽ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ സ്വർണ്ണ മെഡൽ പ്രതീക്ഷയായിരുന്ന പി.വി സിന്ധുവിന് സെമി ഫൈനലിൽ പരാജയം.* ചൈനീസ് തായ്‌പേയി താരം തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകളിലാണ് (21-18, 21-12 ) ഇന്ത്യൻ താരത്തിന്റെ പരാജയം.
ആക്രമണത്തിന് മുതിരാതെ പ്രതിരോധത്തിൽ ഊന്നി കളിച്ചതാണ് പരാജയ കാരണം എന്നാണ് വിലയിരുത്തൽ

🗞🏵 *റിപ്പബ്ലിക് ദിനത്തിലുണ്ടായ കലാപത്തില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.* സംഭവത്തില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് എല്ലാവിധ നിയമ സഹായവും സാമ്പത്തിക സഹായവും നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് എം.എല്‍.എയായ കുല്‍ദീപ് സിംഗ് വായിദിന്റെ നേതൃത്വത്തിലുള്ള വിധാന്‍ സഭ കമ്മിറ്റിയാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

🗞🏵 *ജയിൽ ഭിത്തി ഇടിഞ്ഞുവീണ് നിരവധി തടവുകാർക്ക് പരിക്ക്.* മദ്ധ്യപ്രദേശിലെ ഭീൺഡ്‌ലാണ് സംഭവം. 22 തടവുകാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഉറങ്ങിക്കിടന്ന തടവുകാരുടെ മുകളിലേക്കാണ് ഭിത്തി ഇടിഞ്ഞുവീണത്.

🗞🏵 *കേന്ദ്രത്തിന്റെ കൊവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യ ഗഡു സംസ്ഥാനങ്ങൾക്ക് നൽകിയതായി ആരോഗ്യ മന്ത്രാലയം.* പാക്കേജിന്‍റെ പതിനഞ്ച് ശതമാനമായ 1827 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നൽകിയത്. 26 കോടി 8 ലക്ഷം രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഏറ്റവും കൂടുതൽ നൽകിയിരിക്കുന്നത് ഉത്തർപ്രദേശിനാണ്. 281.98 കോടി രൂപയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.

🗞🏵 *2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം.* പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനും പാക് ഭീകരവാദിയുമായ അബു സൈഫുള്ളയെ ആണ് സൈന്യം വധിച്ചത്. ശനിയാഴ്ച ജമ്മു കശ്മീരിലെ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷ മുഹമ്മദിന്റെ പ്രധാനിയായ അബു സൈഫുള്ളയെ സൈന്യം വധിച്ചത്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്‍റെ ശക്തമായ തിരിച്ചടിയിലാണ് അബു സൈഫുള്ള അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.

🗞🏵 *തുടർച്ചയായി പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭയില്‍ പ്രതിഷേധം നടത്തുന്നതിനും വിസിലടിച്ചതിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ചെയര്‍മാന്‍ വെങ്കയ്യ നായിഡു.* ഇത്തരം പെരുമാറ്റങ്ങള്‍ സഭയുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്ന് നായിഡു പറഞ്ഞു.
ഒന്നുകില്‍ സഭ ചന്തയാവാന്‍ അനുവദിക്കണം അല്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

🗞🏵 *അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ കേസേടുത്ത് മിസോറം.* മുഖ്യമന്ത്രിയ്‌ക്കെതിരെ കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങൾ. വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

🗞🏵 *പഞ്ചാബ് അതിർത്തിയിൽ പാക് ഭീകരരെ വധിച്ച് സുരക്ഷാ സേന.* പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പേരെയാണ് ആക്രമണത്തിലൂടെ സൈന്യം കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ താർ താരൻ ജില്ലയിലെ ഭിഖിവിന്ദ് സബ് ഡിവിഷനിലെ ഖൽറ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ് സൈന്യം.
 
🗞🏵 *ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കു വീണ്ടും മെഡല്‍ പ്രതീക്ഷ ഏകി വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഫൈനലിന് യോഗ്യത നേടി കമല്‍പ്രീത് കൗര്‍.* യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനക്കാരിയായണ് താരം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ അവസാന ശ്രമത്തിലാണ് കമല്‍പ്രീത് 64 മീറ്റര്‍ എറിഞ്ഞത്. ആദ്യ ശ്രമത്തില്‍ 60.29 മീറ്റര്‍ എറിഞ്ഞ താരം രണ്ടാം ശ്രമത്തില്‍ 63.97 മീറ്റര്‍ കണ്ടെത്തി.

🗞🏵 *ആദ്യ ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ നൽകിയ കേസിൽ ഭർത്താവ് അറസ്റ്റിൽ*  യു.പിയിലെ മുസാഫർനഗർ സ്വദേശി​ മുഹമ്മദ് ഫുർഖാനാണ് അറസ്റ്റിലായത്. ജൂലൈ 15 നാണ് മുഹമ്മദിന്റെ ആദ്യ ഭാര്യ മൊഹ്‌സിന വെടിയേറ്റ് മരിച്ചത് . ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് മുഹമ്മദ് ഫുർഖാനെ കുടുക്കിയത്.

🗞🏵 *ഡെൽറ്റാ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ചൈനയിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി.* ചൈനീസ് നഗരമായ നാൻജിങ്ങിൽ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റർ ഇപ്പോൾ അഞ്ചോളം പ്രവിശ്യകളിലേക്ക് വൈറസ് വ്യാപിച്ചുവെന്നാണ് ലഭ്യമായ വിവരം. ബെയ്ജിങ്ങിലേക്കും കോവിഡ് ക്ലസ്റ്റർ വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ചൈനീസ് അധികൃതർ.

🗞🏵 *മാവോയിസ്റ്റ് ശക്തി കേന്ദ്രമായിരുന്ന ഗഡ്ചിരോളിയില്‍ നിന്നും കൂടുതല്‍ മാവോയിസ്റ്റുകള്‍ കീഴടങ്ങുന്നു.* അക്രമങ്ങള്‍ നിറഞ്ഞ ജീവിതത്തിനോട് മടുപ്പ് തോന്നിയവരാണ് കീഴടങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. 2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഗഡ്ചിരോളിയില്‍ 43 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ആയുധം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

🗞🏵 *ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.* ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 5ന് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് അറിയിച്ചു
 
🗞🏵 *മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും അടുക്കുന്നു.* കൊല്‍ഹാപൂരില്‍ പരസ്പരം കണ്ടുമുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസും. വെള്ളിയാഴ്ച രാവിലെ ജില്ലയിലെ പ്രളയബാധിത പ്രദേങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ഇരുവരും. ബിജെപി നേതാവിന്റെ സന്ദര്‍ശന വിവരമറിഞ്ഞ താക്കറെ കൂടിക്കാഴ്ച നടത്താനായി ഫട്‌നാവിസിനോട് അവിടെ തുടരാന്‍ അഭ്യര്‍ത്ഥിക്കണമെന്ന് പിഎ മിലിന്ദ് നര്‍വേകറിനോട് നിര്‍ദേശിച്ചുവെന്നാണ് വിവരം.

🗞🏵 *ഇന്ത്യയിൽ നിന്നും ഖത്തർ വഴി പ്രവാസികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാം.* ഖത്തറിൽ പതിനാല് ദിവസം തങ്ങിയ ശേഷം മാത്രമാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ ആയിരകണക്കിന് പ്രവാസികൾ ഖത്തർ വഴി സൗദിയിലേക്ക് പ്രവേശനം കാത്തിരിക്കുന്നുണ്ട്.
 
🗞🏵 *ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ക്കെതിരെ വീണ്ടും വര്‍ഗ്ഗീയ വിഷം ചീറ്റിക്കൊണ്ട് ബി‌ജെ‌പി എം.പി രാകേഷ് സിന്‍ഹ.* ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ആദിവാസികളുടെ സംസ്കാരം നശിപ്പിക്കുകയാണെന്നും, മതസ്വാതന്ത്ര്യം മുതലെടുക്കുകയാണെന്നും കുറ്റാരോപണം നടത്തിയ സിന്‍ഹ, ‘ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ഇന്ത്യ വിടുക’ എന്ന പ്രചാരണ പരിപാടിക്ക് പിന്തുണ നല്‍കുകയാണെന്ന് ‘ദൈനിക്‌ ജാഗരണി’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സിന്‍ഹയുടെ ഈ വിവാദ പരാമര്‍ശത്തിനെതിരെ ദേശീയ മെത്രാന്‍ സമിതിയുടെ മുന്‍ ഔദ്യോഗിക വക്താവായിരുന്ന ഫാ. ബാബു ജോസഫ് രംഗത്തെത്തിയിട്ടുണ്ട്.

🗞🏵 *ദൈവം ദാനമായി നൽകുന്ന ജീവനെ ആദരിക്കാനും സ്വീകരിക്കാനും നാം സന്നദ്ധരാകണമെന്നും ഓര്‍മ്മിപ്പിച്ചും നാലോ അതില്‍ അധികമോ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്തും പത്തനംതിട്ട സീറോ മലങ്കര കത്തോലിക്ക രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ ഐറേനിയോസിന്റെ സര്‍ക്കുലര്‍.* കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവും സഭാസ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണനയും ഇതര ആനുകൂല്യങ്ങളും പ്രഖ്യാപിച്ചുക്കൊണ്ടാണ് സര്‍ക്കുലര്‍. ദൈവികദാനമായിട്ടാണ് ജീവനെ വി, ബൈബിൾ അവതരിപ്പിക്കുന്നതെന്നും എന്നാൽ ഇന്ന് ഈ ജീവൻ സ്വീകരിക്കാൻ മനുഷ്യൻ വല്ലാതെ വൈമനസ്യം കാണിക്കുന്നതിന്റെ തെളിവാണ് ഭയാനകമാംവിധം കുറഞ്ഞു വരുന്ന ജനസംഖ്യാനിരക്കെന്നും ആമുഖത്തില്‍ വിവരിച്ചുക്കൊണ്ടാണ് സര്‍ക്കുലര്‍ ആരംഭിക്കുന്നത്.

🗞🏵 *തെക്കു കിഴക്കന്‍ നൈജീരിയന്‍ സംസ്ഥാനമായ എബോണിയിലെ സര്‍ക്കാര്‍ ഏഴു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കത്തോലിക്ക സഭയ്ക്കു കൈമാറി.* ജൂലൈ 29ന് എബോണിയുടെ തലസ്ഥാനമായ അബാകലികിയില്‍ നടന്ന ‘കിംഗ് ഡേവിഡ് ഗിഫ്റ്റഡ് അക്കാദമി’യുടെ തറക്കല്ലിടല്‍ കര്‍മ്മത്തിനിടയിലാണ് എബോണി ഗവര്‍ണര്‍ ഡേവിഡ് ഉമാഹിയും കത്തോലിക്ക സഭയെ പ്രതിനിധീകരിച്ച് അബാകലികി മെത്രാന്‍ ഡോ. മൈക്കേല്‍ ഒക്കോറയും കൈമാറ്റം സംബന്ധിച്ച പരസ്പരധാരണാപത്രത്തില്‍ (മെമോറാന്‍ഡം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ഒപ്പുവെച്ചത്. കിംഗ് ഡേവിഡ് ഗിഫ്റ്റഡ് അക്കാദമി, വൊക്കേഷണല്‍ കോളേജ്, അഗ്ബയിലെ ഗവണ്‍മെന്റ് ടെക്നിക്കല്‍ കോളേജ്, അഫിക്പോയിലെ ഗവണ്‍മെന്റ് ടെക്നിക്കല്‍ കോളേജ്, അബാകലിയിലെ ഗവണ്‍മെന്റ് ടെക്നിക്കല്‍ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.