ബ്ര. ജിബിൻ മഠത്തിശ്ശേരി

പന്ത്രണ്ട് പേരെയും ഈശോ ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു. നിങ്ങൾ വിജാതിയരുടെ അടുക്കലേക്ക് പോകരുത്. സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിക്കുകയുമരുത്. പ്രത്യുത ഇസ്രായേൽ ജനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് പോകുവിൻ. അധിക ദൂരത്തേക്ക് ഒന്നും പോകേണ്ട, അടുത്തിരിക്കുന്നവർ നഷ്ടപ്പെട്ടവർ ആണോ എന്ന് തിരിച്ചറിഞ്ഞാൽ മാത്രം മതി. അവർക്ക് കൊടുക്കണം സ്വർഗ്ഗരാജ്യത്തിലെ സന്തോഷം. അപ്പോൾ ബന്ധങ്ങൾ ദൃഢമാകും. ഊഷ്മളത ഉള്ളതാകും. സാധാരണയായി നമ്മൾ ആഗ്രഹിക്കുക കൂടുതൽ കഠിനമായത്ചെയ്യാനാണ്. അപ്പോൾ അടുത്തുള്ളതിനെ പലപ്പോഴും മറന്നു കളയേണ്ടതായി വരും. എന്നാൽ ഈശോ നമ്മോട് ആഹ്വാനം ചെയ്യുന്നത് ഇത്തരം അടുത്തുള്ളവരെ തിരിച്ചറിയാനാണ്. ഒറ്റനോട്ടത്തിൽ വളരെ എളുപ്പം ആണെന്നു തോന്നുകിലും, അടുത്തുള്ള സഹോദരനെ തിരിച്ചറിയാൻ നമ്മൾ പലപ്പോഴും ബുദ്ധിമുട്ടുന്നുണ്ട് എന്നത് സത്യമാണ്. ദൈവസ്നേഹം കലർന്ന വിശ്വാസത്തോടെ നമ്മൾ സഹോദരങ്ങളെ തേടിയിറങ്ങുമ്പോൾ ഈ വലിയ പ്രയത്നം വളരെ വിലയേറിയതും അർത്ഥം ഉള്ളതുമായി മാറുന്നു. അടുത്തുള്ള സഹോദരങ്ങളുടെ പ്രശ്നങ്ങളെ നമ്മുടെ സ്വന്തം പ്രശ്നങ്ങളായി കരുതാം അവ പരിഹരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം, പ്രയത്നിക്കാം. കൂടെയുണ്ട് എന്ന ചിന്ത മറ്റുള്ളവർക്ക് നൽകുവാൻ നമുക്ക് പരിശ്രമിക്കാം.