ചന്ദ്രയാൻ 3 ദൗത്യം അടുത്ത വർഷത്തോടെ വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ഐഎസ്ആർഒ. 2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാൻ 3 വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ. പദ്ധതിയിടുന്നത്.
ചന്ദ്രയാൻ 3 ദൗത്യത്തിന് വേണ്ടിയുളള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. പുതിയ സമയക്രമവും അദ്ദേഹം പുറത്തുവിട്ടു. ഈ വർഷം ചന്ദ്രയാൻ 3 വിക്ഷേപിക്കാനായിരുന്നു ഐഎസ്ആർഒ നേരത്തേ പദ്ധതിയിട്ടിരുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് വിക്ഷേപണം നീട്ടിവെച്ചത്. ലോക്ക് ഡൗൺ കാലയളവിൽ വർക്ക് ഫ്രം ഹോമിലിരുന്ന് ചെയ്യാൻ സാധ്യമായതെല്ലാം ചെയ്തിരുന്നതായി ബഹിരാകാശ വകുപ്പ് വ്യക്തമാക്കി.
ചന്ദ്രയാൻ 3 യ്ക്ക് ചന്ദ്രയാൻ 2-ന്റെ സമയത്ത് വിക്ഷേപണം നടത്തിയ ഓർബിറ്റർ തന്നെയായിരിക്കും ഉപയോഗിക്കുന്നത്. 2022-ഓടെ ചന്ദ്രയാൻ 3 ലോഞ്ച് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐ.എസ്.ആർ.ഒ. മേധാവി കെ.ശിവൻ നേരത്തെ അറിയിച്ചിരുന്നു.