ആലപ്പുഴ > എ സി റോഡ് നവീകരണത്തിനായി കളര്‍കോട് പാലം പൊളിക്കുമ്ബോഴുണ്ടാകുന്ന ഗതാഗത തടസമൊഴിവാക്കാന്‍ താല്‍ക്കാലിക റോഡ് നിര്‍മാണം ചൊവ്വാഴ്ച തുടങ്ങി. ചെറിയവാഹനവും ആംബുലന്‍സും കടന്നുപോകത്തക്ക വിധം പാലത്തിന്റെ ഒരു വശത്താണ് റോഡ് നിര്‍മാണം. മിലിട്ടറി താല്‍ക്കാലിക പാലമാണ് മാതൃക. കനാലില്‍ തെങ്ങിന്‍കുറ്റിയടിച്ച്‌ ഉറപ്പിച്ചശേഷം ഗര്‍ഡറുകള്‍ സ്ഥാപിക്കും. അതിന് മുകളില്‍ ഇരുമ്ബ് തകിടില്‍ പ്ലൈവുഡ് ഉറപ്പിച്ചാണ് നിര്‍മാണം. തെങ്ങിന്‍കുറ്റി സ്ഥാപിക്കുന്ന പണിയാണിപ്പോള്‍ കനത്ത മഴയിലും നടക്കുന്നത്.

13 ചെറുപാലങ്ങള്‍ നീക്കുന്നതിന് തുടക്കമിട്ട് 30ന് കളര്‍കോട് പക്കി ജങ്ഷനടുത്തെ പാലം പൊളിക്കും. തുടര്‍ന്ന് പൊങ്ങ പാലം. യാത്രാ സൗകര്യം അടയാതിരിക്കാനാണ് താല്‍ക്കാലിക റോഡുകള്‍ പണിയുന്നത്. കുട്ടനാട്ടിലേക്കും തിരിച്ചും പോകേണ്ട ചെറുവാഹനങ്ങള്‍ ചെറുപാലങ്ങള്‍ പൊളിക്കുന്നിടത്തെല്ലാം ഈ വഴി കടത്തി വിടും. നിയന്ത്രണങ്ങളോടെ കെഎസ്‌ആര്‍ടിസിയും സര്‍വീസ് നടത്തും. പൊളിക്കുന്ന ചെറുപാലത്തിന്റെ രണ്ടുവശങ്ങളിലും ബസ് വന്നശേഷം യാത്രക്കാര്‍ മാറിക്കയറുന്ന രീതിയിലാണ് സര്‍വീസ്. ചെറുപാലങ്ങള്‍ക്ക് പൈലിങ് പുരോഗമിക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ചരക്കുവാഹനങ്ങള്‍ക്ക് ഇപ്പോള്‍ വിലക്കുണ്ട്.

പെരുന്നയില്‍നിന്നും കളര്‍കോടുനിന്നും വലിയ വാഹനങ്ങള്‍ തിരിച്ചു വിടുകയാണ്. അമ്ബലപ്പുഴ–- പൊടിയാടി റോഡിലൂടെ പോകാന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. കിടങ്ങറ ബസാര്‍, നെടുമുടി മാധവശേരി പാലങ്ങളുടെ പൈലിങ് തുടരുകയാണ്. ആലപ്പുഴ ഭാഗത്തെ കാനനിര്‍മാണവും പുരോഗമിക്കുന്നു. കളര്‍കോട് ചെറിയപാലത്തില്‍നിന്നുള്ള നിര്‍മാണമാണ് നടക്കുന്നത്. ഇവിടത്തെ ബോക്സ് കലുങ്ക് നിര്‍മാണം ഒന്നിന് ആരംഭിക്കും.