🗞🏵 *മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു.* പരുമല ആശുപത്രിയില് വെച്ചായിരുന്നു അദ്ദേഹം വിടവാങ്ങിയത്. 74 വയസായിരുന്നു. കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി പതിനൊന്ന് വര്‍ഷത്തിലധികം സഭയെ നയിച്ചു. ക്യാന്‍സര്‍ ബാധിതനായി 2019 ഡിസംബര്‍ മുതല്‍ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 13 ചൊവ്വ 3 മണിക്ക് ദേവലോകത്ത് കബറടക്ക ശുശ്രൂഷ നടക്കും.
🗞🏵 *ബെനഡിക്ട് മാർപ്പാപ്പയുടെ 95-ാം ജന്മവാർഷികവും പൗരോഹിത്യ സ്വീകരണത്തിന്റെ 70-ാം വാർഷികവും ചങ്ങനാശേരി അതിരൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേകത്തിന്റെ 50-ാം വാർഷികവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത വെബിനാർ സംഘടിപ്പിക്കും.* 12 മുതൽ 20 വരെ തീയതികളിൽ വൈകുന്നേരം ആറു മുതൽ 7.30വരെയാണു പഠന പരന്പര ഒരുക്കിയിരിക്കുന്നത്.സൂം പ്ലാറ്റ്ഫോമിൻ്റെ Meeting ID: 878 1131 2112 Passcode: seminar. അതിരൂപതയുടെ YouTube ചാനലായ MAAC TV യിലും വെബനാറിന്റെ തൽസമയ സംപ്രേഷണം ഉണ്ടാകും.
🗞🏵 *മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്.* പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്താനാണ് മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലേക്ക് പോകുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ കുറിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് പിണറായി വിജയൻ കേന്ദ്ര സർക്കാരിന്റെ പിന്തുണയും തേടും.
🗞🏵 *സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ പുതിയ ബില്ല് അവതരിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.* വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായാണ് പുതിയ ബിൽ അവതരിപ്പിക്കുന്നത്. വ്യവസായങ്ങൾക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നത് ഉൾപ്പെടെ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
🗞🏵 *സംസ്ഥാനത്ത് 12,220 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.* മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂർ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂർ 792, കാസർഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.* കേസിൽ ആരെയും സംരക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടികജാതി-പട്ടിക വർഗ വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അദ്ദേഹം അറിയിച്ചു.
🗞🏵 *സംസ്ഥാനത്ത് 3 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു.* തിരുവനന്തപുരത്താണ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി. 26 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്
🗞🏵 *സിക്ക വൈറസ് പരിശോധന നടത്താൻ സംസ്ഥാനം സുസജ്ജം.* ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, ആലപ്പുഴ എൻഐവി യൂണിറ്റ് എന്നിവിടങ്ങളിൽ ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി.
🗞🏵 *ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു.* കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായര്‍ മുതല്‍ 15വരെയാണ് വിവിധ ജില്ലകളില്‍ കനത്ത മഴ പെയ്‌തേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 12ന് ഇടുക്കി, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
🗞🏵 *സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പ്രതികളായ സരിത്തിനേയും കെ.ടി. റമീസിനെയും കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ്.* ഇക്കാര്യം ഉന്നയിച്ച് കസ്റ്റംസിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കേന്ദ്രത്തിന് കത്തയച്ചു. ഇതിനുള്ള അപേക്ഷ കസ്റ്റംസ് കോടതിയിലും സമര്‍പ്പിച്ചു.സരിത്തിനേയും, റമീസിനെയും കേരളത്തിലെ ജയിലില്‍ നിന്നും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.
🗞🏵 *ലൈംഗികാതിക്രമ കേസില്‍ പ്രതിയായ കാലിക്കറ്റ് യൂനിവേഴ്സിറ്റി അധ്യാപകന്‍ ഡോ ഹാരിസിനെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ.* കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അധ്യാപകനെ കോളജിൽ നിന്നും സസ്പെന്റ് ചെയ്തു. ഇംഗ്ലീഷ് വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. നിലവിലെ പരാതിക്കാരിയെ കൂടാതെ മറ്റു പെൺകുട്ടികളെയും ഇയാൾ സമാനരീതിയിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പുതിയ റിപ്പോർട്ട്. ഇയാളുമായി വിവാഹം കഴിക്കാൻ വേണ്ടി ഡിവോഴ്സ് ആയവർ വരെ കൂട്ടത്തിലുണ്ട് .
🗞🏵 *കാമുകനെ ജോലിയിൽ നിന്നും പുറത്താക്കിയതിൽ യുവതിയുടെ പ്രതികാരം.* ഗുജറാത്തില്‍ തുണി ഫാക്ടറി തീവെച്ച് നശിപ്പിക്കാന്‍ ഇരുപത്തിനാലുകാരിയുടെ ശ്രമം. ഗാന്ധിധാം ഗണേശ്‌നഗര്‍ സ്വദേശി മായാബെന്‍ പര്‍മാര്‍ (24) ആണ് ജോലി ചെയ്യുന്ന ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചത്.ജൂലൈ അഞ്ചിനായിരുന്നു കാനം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിക്ക് തീ പിടിച്ചത്.
🗞🏵 *അമേരിക്കൻ സേന പിന്മാറുന്ന സാഹചര്യത്തിൽ അഫ്‌ഗാനിസ്ഥാനിൽ താലിബാന്‍ ശക്തിപ്രാപിക്കുന്നു.* തന്ത്രപരമായ നീക്കങ്ങളിലൂടെ ഗ്രാമ പ്രദേശങ്ങളിൽ താലിബാൻ അധികാരം പിടിച്ചെടുത്തുക്കഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമ്പത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച് ഇന്ത്യ. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരികെയെത്തിച്ചത്. ശനിയാഴ്ച രാത്രി തിരികെയെത്തിയ സംഘത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളുമുണ്ട്. കാണ്ഡഹാറിലെ ഇന്ത്യന്‍ എംബസി താത്ക്കാലികമായി അടച്ചു.
🗞🏵 *ഉത്തര്‍പ്രദേശില്‍ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.* ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഇതിന്റെ ഭാഗമായി ലക്‌നൗ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
🗞🏵 *രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന അഞ്ച് ഭീകരർ പിടിയിൽ.* ഉത്തർ പ്രദേശിൽ നിന്നും പശ്ചിമബംഗാളിൽ നിന്നുമാണ് ഭീകകരെ പിടികൂടിയത്. ഉത്തർപ്രദേശിൽ നിന്നും രണ്ട് അൽ-ഖ്വയ്ദ ഭീകരരും ബംഗാളിൽ നിന്നും മൂന്ന് ജമാത്ത് ഉൾ മുജാഹീദ്ദീൻ ഭീകരനുമാണ് പിടിയിലായത്. ആയുധങ്ങളും പാസ്‌പോർട്ടുകളും ഭീകരരിൽ നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു
🗞🏵 *കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയെ രാജ്യത്തെ സമ്പദ് വ്യവസ്ഥ മറികടന്നു കൊണ്ടിരിക്കുകയാണെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ.* രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഈ വർഷം ഇരട്ടയക്ക വളർച്ച രേഖപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *മാവോയിസ്റ്റുകളുടെ നീക്കത്തിന് തടയിട്ട് സുരക്ഷാ സേന.* ആക്രമണത്തിന് പദ്ധതിയിട്ട് മാവോയിസ്റ്റുകൾ സ്വരുക്കൂട്ടിയിരുന്ന ഐഇഡി സുരക്ഷാസേന കണ്ടെടുത്തു. ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ നിന്നാണ് സ്‌ഫോടക ശേഖരം കണ്ടെടുത്തത്. നിമിയാഗട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ തെൻഗ്രഖുർദ് ഗ്രാമത്തിനോട് ചേർന്നുള്ള വന മേഖലയിൽ നിന്നാണ് ഐഇഡി പിടിച്ചെടുത്തത്.
🗞🏵 *തമിഴ്നാടിനെ വിഭജിക്കുന്നതായി തമിഴ് ദിനപ്രങ്ങളിൽ വന്ന വാര്‍ത്തയ്ക്ക് പിന്നാലെ തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.* കൊങ്കുമേഖലയെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു.
🗞🏵 *സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വമുള്‍പ്പെടെ പല ഗുരുതര പ്രശ്‌നങ്ങളുടേയും പ്രധാന കാരണം ജനസംഖ്യാവര്‍ധനവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.* ജനസംഖ്യാവര്‍ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം പ്രചരിപ്പിക്കണമെന്നും യോഗി ജനങ്ങളോട് ആവശ്യപ്പെട്ടു. ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
🗞🏵 *ഇന്ത്യൻ പൗരനായ കംപ്ലെയ്ന്റ്‌സ് ഓഫീസറെ നിയമിച്ച് ട്വിറ്റർ.* ട്വിറ്റർ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിനയ് പ്രകാശിനെയാണ് ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചിരിക്കുന്നത്. grievance-officer-in@twitter.com എന്ന ഐഡിയിലൂടെ പരാതികൾ അറിയിക്കാമെന്നും ട്വിറ്റർ വ്യക്തമാക്കി.
🗞🏵 *ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളിൽ എൻഐഎയുടെ റെയ്ഡ് പുരോഗമിക്കുകയാണ്.* ഭീകരർക്ക് ധനസഹായം ഉൾപ്പെടെ നൽകിയെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ് .ഇന്ന് രാവിലെ മുതൽ തുടങ്ങിയ പരിശോധനയിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം.
🗞🏵 *ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.* ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,54,118 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,43,500 സാംപിളുകളാണ് പരിശോധിച്ചത്.
🗞🏵 * മുംബൈയിൽ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയ ട്രാൻസ്‌ജെൻഡർ അറസ്റ്റിൽ.* 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ട്രാന്‍സ്ജെന്‍ഡര്‍ ജീവനോടെ കുഴിച്ചിട്ടത്. വീട്ടുകാരോട് ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് കൊലയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മഹാരാഷ്ട്രയില്‍ പലയിടങ്ങളിലും കുഞ്ഞ് ജനിച്ചാല്‍ സന്തോഷസൂചകമായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പണവും മറ്റു വസ്തുക്കളും നല്‍കുന്ന പതിവുണ്ട്. ബക്ഷിഷ് എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ഇതനുസരിച്ചാണ് ട്രാന്‍സ്ജെന്‍ഡര്‍ കന്നുവും കൂട്ടാളിയും പെണ്‍കുഞ്ഞിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടത്.
🗞🏵 *ഉത്തര്‍പ്രദേശ് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടി ബിജെപി.*
തെരഞ്ഞെടുപ്പില്‍ 85 ശതമാനത്തോളം സീറ്റുകളാണ് ബിജെപി നേടിയത്. 825ല്‍ 635 ബ്ലോക്ക് പഞ്ചായത്തുകളുടെയും അധ്യക്ഷപദവി ബിജെപിയ്ക്കാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചോദനവും മാര്‍ഗ്ഗനിര്‍ദേശവുമാണ് സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരെ ഒന്നിപ്പിച്ച് വിജയം കൊയ്യാന്‍ സഹായിച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
🗞🏵 *തെരുവ് നായയെ ക്രൂരമായി ഉപദ്രവിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചു.* ഉപദ്രവമേറ്റ നായ ചത്തു. മേനക ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള സഞ്ജയ് ഗാന്ധി ആനിമൽ കെയർ സെന്ററാണ് അടച്ചത്. അതേസമയം, അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ് കേന്ദ്രം അടയ്ക്കുന്നതെന്നാണ് മേനക ഗാന്ധി നൽകിയ വിശദീകരണം.
🗞🏵 *രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.* കൊവിഡ്19 രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ആവശ്യപ്പെട്ടു.
🗞🏵 *മുൻ ധനമന്ത്രി കെ.എം. മാണി ബജറ്റവതരിപ്പിക്കുന്നത് തടയാൻ നിയമസഭയിൽ നടത്തിയ അതിക്രമത്തിനെടുത്ത കേസിൽ നൽകിയ അപ്പീൽ സംസ്ഥാന സർക്കാർ പിൻവലിച്ചേക്കും.* വ്യാഴാഴ്ച കേസ് സുപ്രീംകോടതിയിൽ വീണ്ടുമെത്തുമ്പോൾ അപ്പീൽ പിൻവലിക്കാനാണ് ആലോചന. ബജറ്റവതരണത്തിനെതിരേ അന്നത്തെ പ്രതിപക്ഷാംഗങ്ങൾ നടത്തിയ അതിക്രമം ക്ഷമിക്കാവുന്നതല്ലെന്നും എം.എൽ.എ.മാർ വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു
🗞🏵 *പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച ബൈബിള്‍ വിവരണങ്ങളില്‍ അധിഷ്ടിതമായി പ്രവര്‍ത്തിച്ചുവരുന്ന അമേരിക്കന്‍ സംഘടനയായ ‘ആന്‍സ്വേഴ്സ് ഇന്‍ ജനസിസ്’ (എ.ഐ.ജി) കെന്റക്കിയില്‍ നിര്‍മ്മിച്ച പ്രശസ്തമായ ആര്‍ക്ക് എന്‍കൗണ്ടറിന് മറ്റൊരു തിലകക്കുറിയായി നോഹയുടെ പെട്ടകത്തിന് പുറമേ ബാബേല്‍ ഗോപുരം കൂടി വരുന്നു* മ്യൂസിയത്തിന്റെ അഞ്ചാമത് വിപുലീകരണത്തിന്റെ ഭാഗമായാണ് ബൈബിളിലെ പഴയ നിയമത്തില്‍ വിവരിച്ചിരിക്കുന്ന ബാബേല്‍ ഗോപുര മാതൃക നിര്‍മ്മിക്കുവാന്‍ എ.ഐ.ജി പദ്ധതിയിടുന്നത്. കെന്റക്കിയിലെ തങ്ങളുടെ പാര്‍ക്കില്‍ ബാബേല്‍ ഗോപുര മാതൃകയുടെ രൂപകല്‍പ്പനയും ബന്ധപ്പെട്ട ഗവേഷണങ്ങളും ഈ ആഴ്ച ആരംഭിക്കുമെന്ന് സംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ധനസമാഹരണത്തിലൂടെയായിരിക്കും ബാബേല്‍ ഗോപുര മാതൃകയുടെ നിര്‍മ്മാണത്തിന് വേണ്ട പണം കണ്ടെത്തുക.
🗞🏵 *ഫിലിപ്പീന്‍സിൽ ആദ്യമായി “ഇപാകിത മോ” (ഷോ ഇറ്റ്) എന്ന പ്രമേയവുമായി സമൂഹമാധ്യമങ്ങളിലൂടെ സംഘടിപ്പിച്ച ടിക് ടോക് അവാര്‍ഡിനര്‍ഹരായവരില്‍ മനില അതിരൂപതയില്‍ സേവനം ചെയ്യുന്ന യുവ കത്തോലിക്ക വൈദികനും.* ‘ഫാ. ടിക് ടോക്’ എന്ന വിളി പേരുള്ള ഫാ. ഫിയേല്‍ പരേജയ്ക്കാണ് ‘റൈസിംഗ് സ്റ്റാര്‍’ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ നാലിന് ടിക് ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളിലെ ‘ടിക് ടോക്ക് ഫിലിപ്പീന്‍സ്’ എന്ന പേജിലൂടെ സംഘടിപ്പിച്ച അവാര്‍ഡിനര്‍ഹരായവരില്‍ ഫാ. പരേജക്ക് പുറമേ യൂട്യൂബ് താരങ്ങളും, കോമേഡിയനും, ബോയ് ബാന്‍ഡും ഉള്‍പ്പെടുന്നു