രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഓഗസ്‌റ്റ് മാസം പകുതിയോടെ ആരംഭിക്കുമെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്‌. രോഗവ്യാപനം കുറക്കുന്നതിനായി വാക്‌സിനേഷന്‍ വേഗത്തില്‍ ആക്കണമെന്നും റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നുണ്ട്.ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിലെ എട്ട് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. പ്രതിദിനം പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിദിനം 40 ലക്ഷത്തോളം വാക്‌സിന്‍ ഡോസാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. കേരളം, രാജസ്‌ഥാന്‍, ഡെല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങള്‍ 60 വയസിന് മുകളില്‍ പ്രായമുള്ള നല്ലൊരു ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്റെ രണ്ടാം ഡോസ് നല്‍കി കഴിഞ്ഞു. സെപ്റ്റംബറില്‍ മൂന്നാം തരംഗം അതിന്റെ ഉച്ചസ്‌ഥായിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.