കേരള കോണ്‍ഗ്രസിന്റെ സ്ഥാപക സെക്രട്ടറിയും നിയമസഭാ സാമാജികനും ഭരണകര്‍ത്താവുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചനവുമായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള രാഷ്ട്രീയത്തില്‍ ശക്തമായ നിലപാടുകള്‍കൊണ്ട് ശ്രദ്ധേയനായിരുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ അതികായനായ ഒരു രാഷ്ട്രീയ നേതാവിനോടാണു കേരളസമൂഹം യാത്രാമൊഴി പറയുന്നതെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും അനുശോചനം രേഖപ്പെടുത്തി.
തന്റെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ഉടനീളം അദ്ദേഹം മതസൗഹാര്‍ദം നിലനിര്‍ത്തുകയും ന്യൂനപക്ഷ സമൂഹങ്ങളോട് സ്‌നേഹവും പരിഗണനയും പുലര്‍ത്തുകയും ചെയ്തിരുന്നുവെന്ന്‍ മാര്‍ ജോസഫ് പെരുന്തോട്ടം സ്മരിച്ചു. ചങ്ങനാശേരി അതിരൂപത ഒരുകാലത്ത് നേരിടേണ്ടിവന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങളിലും മറ്റും അദ്ദേഹം അതിരൂപതയെ സഹായിക്കാന്‍ സന്നദ്ധത പുലര്‍ത്തിയിരുന്നുവെന്നും മാര്‍ പെരുന്തോട്ടം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങളെ അതിരൂപത നന്ദിയോടെ സ്മരിക്കുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.