മൂന്നാം നൂറ്റാണ്ടുമുതൽ ആറാം നൂറ്റാണ്ടുവരെ പൗരസ്ത്യ സുറിയാനി സഭകളിലും ഗ്രീക്ക് സഭകളിലുമുണ്ടായ ആരാധനക്രമ ദൈവശാസ്ത്ര വളർച്ചയുടെ ഉത്തമനിദർശനമാണ് മാർ തെയദോറിന്റെയും മാർ നെസ്തോറിയസിന്റെയും കൂദാശക്രമങ്ങൾ അഥവാ അനാഫൊറകൾ. ഈ രണ്ടു കൂദാശക്രമങ്ങളും അവയുടെ നാമഹേതുകരായ പിതാക്കന്മാരാൽ എഴുതപ്പെട്ടവയല്ല എന്നാണ് ഈ കൂദാശക്രമങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ആറാം നൂറ്റാണ്ടിൽ
പൗരസ്ത്യ സുറിയാനി പാത്രിയാർക്കീസായിരുന്ന മാർ ആബാ കോൺസ്റ്റാന്റിനോപ്പിൾ സന്ദർശിച്ചപ്പോൾ അവിടെ പ്രചാരത്തിലിരുന്ന മാർ തെയദോറിന്റെയും മാർ നെസ്തോറിയസിന്റെയും നാമത്തിലുള്ള കൂദാശ
കൾ (അനാഫൊറകൾ) കൊണ്ടുവന്ന്സുറിയാനിയിലേക്ക് പരിഭാഷപ്പെടുത്തി. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന്റെ തനിമയുള്ള മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശക്രമത്തിലെ പല ഘടകങ്ങളും ഈ പരിഭാഷയിലേക്ക് കൂട്ടിച്ചേർത്ത് നവീകരിച്ചതാണ് പിന്നീട് പൗരസ്ത്യ സുറിയാനിപാരമ്പര്യത്തിന്റെ അവിഭാജ്യ ഭാഗമായിത്തീർന്ന ഈ രണ്ടു കൂദാശക്രമങ്ങളും.അപ്പസ്‌തോലിക പൈതൃകത്തിന്റെ ചുവടുപിടച്ച് വളർന്നുവന്ന മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശക്രമത്തിന്റെ (ഒന്നാമത്തെ കൂദാശക്രമത്തിന്റെ) ദൈവശാസ്ത്രാഭിമുഖ്യങ്ങൾ കലർപ്പില്ലാതെ പുതിയ കൂദാശക്രമത്തിലേക്കു കൂട്ടിച്ചേർക്കാൻ പൗരസ്ത്യ സുറിയാനി സഭകൾ ശ്രദ്ധചെലുത്തി. പൗരസ്ത്യ രത്‌നമെന്ന് (ഏലാാമ ഛൃശലിമേഹല) വിഖ്യാതമായിത്തീർന്ന ഒന്നാമത്തെ കൂദാശയുടെ ആരാധനാദൈവശാസ്ത്രത്തിന്റെ ജീവാത്മകമായ വളർച്ചയായിട്ട് തെയദോറി
ന്റെയും നെസതോറിയസിന്റെയും കൂദാശകളെ കാണാൻ കഴിയും.
പെസഹാരഹസ്യത്തിന്റെ ആചരണം
തന്നെയായ ബലിയർപ്പണത്തിന് പൗരസ്ത്യ സുറിയാനി കൂദാശക്രമങ്ങളെല്ലാം ഊന്നൽ നൽകുന്നുണ്ട്. മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശക്രമത്തിൽ മുകുളാവസ്ഥയിലാണ്ഈദൈവശാസ്ത്രാഭിമുഖ്യമുള്ളതെങ്കിൽ മാർ തെയദോറിന്റെയും മാർ നെസ്‌തോറിയസിന്റെയും കൂദാശക്രമങ്ങളിൽ ഇത് ഇലകൾ ചാർത്തി പുഷ്പിച്ച് ഫലം ചൂടിയ തരത്തിൽ വികാസം പ്രാപിച്ചിട്ടുണ്ട്.
അനാഫൊറകളുടെ പൊതുവായ ആഭിമുഖ്യങ്ങൾ
2018 സെപ്റ്റംബർ 8-ന് സീറോ മലബാർ സഭയിൽ പ്രാബല്യത്തിൽ വന്ന മാർ നെസ്തോറിയസിന്റെ കൂദാശക്രമം ആരാധനക്രമപരമായ ലാളിത്യത്താലും വിശ്വാസികൾക്ക് പ്രാർത്ഥനാനുഭവമേകുന്ന ഹൃദ്യതയാലും ദൈവശാസ്ത്രസമ്പന്നതയാലും സീറോ മലബാർ സഭയുടെ ആരാധനാപൈതൃകത്തിന് വലിയൊരു മുതൽക്കൂട്ടായി തീർന്നിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. എന്നാൽമാർനെസ്‌തോറിയസിന്റെ കൂദാശയിലെ പ്രാർത്ഥനകളെ യഥോചിതം മനസ്സിലാക്കാൻ ശ്രമിക്കാതെ മുൻവിധികളോടെ ഈ കൂദാശക്രമത്തിനെതിരേ പ്രചരണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ ഈ കൂദാശയുടെ ആരാധനക്രമപരവും ദൈവശാസ്ത്രപരവുമായ പ്രാധാന്യത്തെക്കുറിച്ച് പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പരി.കുർബാനയെക്കുറിച്ചുള്ള പിതാക്കന്മാരുടെപ്രബോധനങ്ങളുടെയും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളുടെയും ആധുനിക ദൈവശാസ്ത്ര ചിന്തകളുടെയും വെളിച്ചത്തിലാണ് നെസ്‌തോറിയസിന്റെ കൂദാശക്രമത്തെ വിലയിരുത്തേണ്ടത്. ഈ കൂദാശക്രമത്തെ മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശയോടും മാർ തെയദോറിന്റെ കൂദാശയോടും തുലനം ചെയ്യുമ്പോൾ പൗരസ്ത്യ സുറിയാനി കൂദാശകളുടെ പൊതു ഘടകങ്ങൾ (കൂശാപ്പാ, പ്രാർത്ഥനാഭ്യർത്ഥന, സമാധാനാശംസ, ഡിപ്റ്റിക്‌സ്, കാറോസൂസ, പരിശുദ്ധൻ കീർത്തനം, സൃഷ്ടി, രക്ഷ, പവിത്രീകരണം എന്നീ പ്രമേയങ്ങളെ ആസ്പദമാക്കിയുള്ള ഗ്ഹാന്തകൾ) ഈ മൂന്നു കൂദാശക്രമങ്ങളിലും സന്നിഹിതമാണെന്ന് കാണാം. (പ്രതിപാദനത്തിന്റെ സൗകര്യാർത്ഥം മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശയെ ഒന്നാമത്തെ കൂദാശയെന്നും മാർ തെയദോറിന്റെ കൂദാശയെ രണ്ടാമത്തെ കൂദാശയെന്നും മാർ നെസ്‌തോറിയസിന്റെ കൂദാശയെ മൂന്നാമത്തെ കൂദാശയെന്നും ഇവിടെ സൂചിപ്പിക്കുന്നു). മൂന്നാമത്തെ കൂദാശയിലെ മദ്ബഹാപ്രവേശന പ്രാർത്ഥന ഒന്നാമത്തെ കൂദാശയിലെ ഒന്നാം ഗ്ഹാന്ത തന്നെയാണ്. രണ്ടാമത്തെ കൂദാശയിലെ മദ്ബഹാപ്രവേശനപ്രാർത്ഥന മൂന്നാമത്തെ കൂദാശയിലെ ഒന്നാം ഗ്ഹാന്തയായി കൊടുത്തിരിക്കുന്നു. ഈ മൂന്നു കൂദാശക്രമങ്ങളും ബലിയർപ്പണത്തെ സംബന്ധിച്ച് പൊതുവായ ആഭിമുഖ്യം പുലർത്തുന്നുവെന്നതിനുള്ള തെളിവാണ് ഇത്തരം
പ്രാരംഭ പ്രാർത്ഥനകൾ ഈ കൂദാശകളിലെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബലിയർപ്പണത്തിനുള്ള ഒരുക്കത്തിന്റെ ഈ പ്രാർത്ഥനകളിൽ പരി.കുർബാനയുടെ അർത്ഥവും പ്രാധാന്യവും വ്യക്തമാക്കുന്നുണ്ട്.
രക്തം ചിന്തിയ ബലി
പിതാവായ ദൈവത്തിന്റെ അഭിഷിക്തനായ മിശിഹായുടെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷയാണ് പരി. കുർബാനയർപ്പണമെന്ന് ഒന്നാമത്തെ കൂദാശയുടെ ഒന്നാം ഗ്ഹാന്തയിലും മൂന്നാമത്തെ കൂദാശയുടെ മദ്ബഹാപ്രവേശനപ്രാർത്ഥനയിലും വ്യക്തമാക്കുന്നു. ശരീരരക്തങ്ങളുടെ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യേണ്ടത് തികഞ്ഞ സ്‌നേഹത്തോടും ഉറച്ച വിശ്വാസത്തോടുംകൂടെയാവണമെന്ന് ഈ പ്രാർത്ഥന നിഷ്‌കർഷിക്കുന്നു. പരി. കുർബാനയർപ്പണം പെസഹാരഹസ്യത്തിന്റെ ഓർമ്മയാചരണം തന്നെയാണെന്ന് മൂന്നാമത്തെ കൂദാശയുടെ ഒന്നാം ഗ്ഹാന്ത പ്രാർത്ഥനയിൽ ഏറ്റുപറയുന്നുണ്ട്: ”…അങ്ങയുടെ പ്രിയപുത്രന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്‌കാരത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മയാചരണമായ സജീവവും
പരിശുദ്ധവും സ്വീകാര്യവുമായ ഈ ബലി അങ്ങയുടെ മുമ്പാകെ ഞാൻ സമർപ്പിക്കട്ടെ.”(മൂന്നാമത്തെ കൂദാശക്രമം, പേജ് 13).
ഇന്ന് അർപ്പിക്കപ്പെടുന്ന വി. കുർബാന മിശിഹാ രക്തംചിന്തി കാൽവരിയിലെ കുരിശിൽ അർപ്പിച്ച അതേ ബലിയുടെ രക്തരഹിതമായ ആവിഷ്‌കാരമാണ് അഥവാ കൗദാശികാവിഷ്‌കാരമാണെന്ന് മൂന്നാമത്തെ കൂദാശയുടെ ഭാഷണ കാനോന വ്യക്തമാക്കുന്നു. മൂലരൂപത്തിൽ’രക്തരഹിതമായ’എന്നവിശേഷണമുണ്ടെങ്കിലും ഇപ്പോൾ പ്രസിദ്ധീകരിച്ച തക്‌സയിൽ ‘രക്തരഹിതമായ’ എന്ന വിശേഷണം ഒഴിവാക്കിയിരിക്കുകയാണ്. മിശിഹാ അർപ്പിച്ച ബലി രക്തരഹിതബലിയാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളതിനാലാണ് ആ വിശേഷണം ഒഴിവാക്കിയിരിക്കുന്നത്. ”മനുഷ്യവംശത്തിന്റെ ആദ്യഫലമായ മിശിഹായുടെ രക്തരഹിതമായ കുർബാന സർവ്വ സൃഷ്ടികൾക്കും വേണ്ടി സകലത്തിന്റെയും നാഥനായദൈവത്തിന് എല്ലായിടത്തും അർപ്പിക്കപ്പെടുന്നു” എന്ന ആശയമാണ് മൂലരൂപത്തിലുള്ളത്. ഇന്ന് അർപ്പിക്കപ്പെടുന്ന ബലി രക്തരഹിതമായ ബലിയർപ്പണമാണെങ്കിലും അത് യഥാർത്ഥത്തിൽ മിശിഹാ കാൽവരിയിൽ രക്തം ചിന്തിയർപ്പിച്ചഅതേബലിയുടെകൗദാശികാവിഷ്‌കാരമാണെന്നാണ് ഭാഷണ കാനോന പ്രഖ്യാപിക്കുന്നത്. ഈശോമിശിഹായുടെ ബലിയർപ്പണത്തെയാണ് പ്രവാ
ചകന്മാർ പ്രതീകങ്ങളിലൂടെ സൂചിപ്പിച്ചതെന്നും ശ്ലീഹന്മാർ പരസ്യമായി പ്രസംഗിച്ചതെന്നും രക്തസാക്ഷികൾ ജീവാർപ്പണംകൊണ്ട് സ്വന്തമാക്കിയതെന്നും മല്പാന്മാർ ദൈവാലയങ്ങളിൽ വ്യാഖ്യാനിച്ചതെന്നും പുരോഹിതന്മാർ വിശുദ്ധ പീഠത്തിന്മേൽ സമർപ്പിച്ചതെന്നും ജനതകൾ പാപപ്പരിഹാരത്തിനായി സ്വീകരിച്ചതെന്നും ഭാഷണ കാനോനയിൽ വിശേഷിപ്പിക്കുന്നു. പഴയനിയമത്തിലൂടെ സൂചിപ്പിക്കപ്പെട്ടതും പ്രവചിക്കപ്പെട്ടതുമാണ് ഈശോയുടെ മരണത്തിന്റെ ബലിയായ കുർബാന. ഈ കുർബാനയുടെ സഭയിലുള്ള ആഘോഷത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കാണ് ഭാഷണ കാനോനയിലെ വിശേഷണങ്ങൾ ശ്രദ്ധ തിരിക്കുന്നത്.
നമ്മുടെ രക്ഷയ്ക്കായി ഈശോ മിശിഹാ
പൂർത്തിയാക്കിയ പെസഹാരഹ്യത്തെ അനുസ്മരിക്കാൻ ഭാഷണ കാനോനയുടെ സമാപനത്തിൽ മ്ശംശാന ആഹ്വാനം ചെയ്യുന്നുണ്ട്. ”തന്റെ ശരീരത്താൽ നമ്മുടെ ദുഃഖത്തെ സന്തോഷമായി പകർത്തുകയും തന്റെ ജീവരക്തം നമ്മുടെ ഹൃദയങ്ങളുടെമേൽ തളിക്കുകയും ചെയ്ത നമ്മുടെ രക്ഷകനായ മിശിഹാ നമുക്കുവേണ്ടി പൂർത്തീകരിച്ച അദ്ഭുതാവഹമായ രക്ഷാപദ്ധതിയെ
നിങ്ങൾ ഓർക്കുകയും നൈർമ്മല്യത്തോടും ശ്രദ്ധയോടുംകൂടി പ്രാർത്ഥിക്കുകയും ചെയ്യുവിൻ.” (മൂന്നാമത്തെ കൂദാശക്രമം, 18).
(തുടരും)
വടവാതൂർ സെമിനാരി ലിറ്റർജി പ്രൊഫസറും സീറോ മലബാർ ലിറ്റർജി കമ്മീഷൻ സെക്രട്ടറിയുമാണ്ലേഖകൻ.