മാർത്തോമ്മാ നസ്രാണിസഭയുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചുകൊണ്ട് മാന്നാനത്തെ ഏഴ് സി.എം.ഐ വൈദികർ 1875 ജൂലൈ 28-ന് റോമിലേയ്ക്ക് ഒരു ഹർജി അയച്ചു. ‘മാന്നാനം ഹർജി’ എന്നാണിതറിയപ്പെടുന്നത്.
ഹർജിയിലെ ആശയങ്ങൾ:
1. സുറിയാനിക്കാർക്ക് പ്രത്യേക മെത്രാനുണ്ടായിരുന്നെങ്കിൽ റോക്കോസ്, മേല്ലൂസ്ശീശ്മ ഉണ്ടാകുമായിരുന്നില്ല.
2. സുറിയാനിക്കാർക്ക് പ്രത്യേക മെത്രാനെ നൽകണം. കർമ്മലീത്തക്കാരനെങ്കിൽ ഇംഗ്ലീഷുകാരനോ ഐറിഷ്‌കാരനോ ആയിരിക്കണം.
3. ആവശ്യമെന്നു കണ്ടാൽ ഒരു വിസിറ്ററെ അയച്ച് അന്വേഷണം നടത്തണം. അദ്ദേഹം സുറിയാനിക്കാരുടെ കേന്ദ്രമായ മാന്നാനത്ത് വന്ന് അന്വേഷണം നടത്തണം.
4. റോമിൽ നിന്നയയ്ക്കുന്ന കത്തുകൾ വരാപ്പുഴയിലെ കർമ്മലീത്ത വികാരി അപ്പസ്‌തോലിക്ക വഴി അയയ്ക്കരുത്. അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് പല
അനർത്ഥങ്ങൾ ഉണ്ടാകും.
ഒപ്പുകൾ ഇല്ലാതെയാണ് ഹർജികൾ റോമിലേയ്ക്ക് അയച്ചത്. റോമിൽ നിന്നും
പ്രതികരണമുണ്ടായില്ല. അതിനു പിന്നാലെ വേറെയും ഹർജികൾ അയയ്ക്കുവാൻ തുടങ്ങി. അവയിലൊക്കെ ഒപ്പുകൾ ഉണ്ടായിരുന്നു. 1875 സെപ്റ്റംബർ 1-ന് ഇടവക വൈദികരുടെയും സന്ന്യസ്തരുടെയും ഒപ്പോടുകൂടി സുപ്രധാനമായൊരു ഹർജി മേല്പറഞ്ഞ കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ച് റോമിലേയ്ക്കയച്ചു. ഹർജി പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രങ്ങൾ മാന്നാനം, പുളിങ്കുന്ന് ആശ്രമങ്ങളായിരുന്നു.
വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക ലെയണാർദോ മെല്ലാനോ വിസിറ്റർ നിയമനവും
ഹർജി സ്വീകരണവും ഇപ്പോൾ വേണ്ടെന്ന് റോമിലേയ്‌ക്കെഴുതി. സുറിയാനി വൈദികരുടെ സംരംഭങ്ങൾ പതിവുപോലെ സഭാ ചൈതന്യ വിരുദ്ധമായി അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാൽ ചില വിദേശ മിഷനറിമാരും ചില സുറിയാനി വൈദികരും കൃത്യവിലോപം ആരോപിച്ചതിനാൽ പ്രതികാര നടപടികൾക്കായി മെല്ലാനോ കരുക്കൾ നീക്കി. തട്ടാച്ചേരിൽ സ്‌കറിയാച്ചൻ എന്ന സുറിയാനി വൈദികൻ അദ്ദേഹത്തിന് ആവേശം പകർന്നു. വിശദവിവരങ്ങൾ ചോർത്തിയെടുക്കാൻ തട്ടാശേരിയച്ചനെയും കാംദിദൂസ് എന്ന മിഷനറിയെയും വികാരി അപ്പസ്‌തോലിക്ക ചുമതലപ്പെടുത്തി. ലെയണാർദോ മെത്രാന്റെ പ്രതിനിധികൾ എന്ന നിലയിൽ രഹസ്യാന്വേഷണ ദൗത്യവുമായി പള്ളികളും കൊവേന്തകളും കയറിയിറങ്ങി വിവരങ്ങൾ ശേഖരിച്ചു. പ്രശ്‌നത്തെ നേരിടാൻ വിദഗ്ദ്ധമായ പരിപാടികളും തയ്യാറാക്കി മെത്രാനു നല്കി.
അടിച്ചമർത്തലിനും മർദ്ദനത്തിനും വിധേയരായ 7 സി.എം.ഐ വൈദികരാണ് മാർത്തോമ്മാ നസ്രാണി ചരിത്രത്തിലെ ‘ഏഴ് വ്യാകുലങ്ങൾ’ എന്നറിയപ്പെടുന്നത്, മാന്നാനം ഹർജി തയ്യാറാക്കി റോമിലേയ്ക്കയച്ചു എന്നതാണ് അവരുടെമേൽ ആരോപിക്കപ്പെട്ട കുറ്റം. ‘ഏഴ് വ്യാകുലങ്ങൾ’ എന്നറിയപ്പെടുന്ന വൈദികർ താഴെപറയുന്നവരാണ്.
1. ശങ്കൂരിയ്ക്കൽ പൗലോസച്ചൻ
2. മാതേയ്ക്കൽ മത്തായിച്ചൻ
3 കീരി (ഇരുമ്പൻ) വർഗ്ഗീസച്ചൻ
4. മീനാട്ടൂർ എമ്മാനുവേലച്ചൻ
5. തറവട്ടത്തിൽ ഹിലാരിയോസച്ചൻ
6. ളൂയിസ് പഴേപറമ്പിലച്ചൻ
7. ചാവറ യൗസേപ്പച്ചൻ
ശങ്കൂരിയ്ക്കൽ പൗലോസച്ചൻ
ഏഴ് വ്യാകുലങ്ങളിൽ ഒരുവനായ ശങ്കൂരിക്കൽ പൗലോസച്ചൻ കൊല്ലവർഷം 1024 (ക്രി.വ 1848-49) ഭൂജാതനായി. മാർത്തോമ്മാശ്ലീഹാ സ്‌നാനപ്പെടുത്തിയ ബ്രാഹ്മണകുടുംബങ്ങളിൽ ഒന്നായ ശങ്കരപുരിയുടെ ശാഖയായ ഞാറയ്ക്കലിലെ ശങ്കൂരി കുടുംബത്തിലാണ് ജനനം. 1870-നും 1873-നും മദ്ധ്യേയായിരുന്നു വൈദികപട്ടം സ്വീകരിച്ചത്. 1875-ൽ പുളിങ്കുന്ന് കൊവേന്തയിൽ താമസിക്കു മ്പോഴാണ് സ്വയംഭരണവാദം ശക്തിയാർജ്ജിച്ചത്. ആ സ്വയംഭരണംവാദത്തിന്റെ മുന്നണി പോരാളിയായി ശങ്കൂരിയ്ക്കൽ പൗലോസച്ചൻ രംഗത്തുവന്നു. സ്വയംഭരണത്തിനുവേണ്ടി പൗലോസച്ചൻ ചെയ്തുകൊണ്ടിരുന്ന പ്രവർത്തനങ്ങൾ ഗ്രഹിച്ച് ലെയണാർദോ മെത്രാൻ പൗലോസച്ചന്റെ പേരിൽ കർശന നടപടി സ്വീകരിച്ചു. മെത്രാന്റെ കല്പനപ്രകാരം മഞ്ഞുമ്മേൽ അദ്ദേഹത്തിന്റെ സന്നിധിയിലെത്തിയ പൗലോസച്ചനെ കഠിനമായി ശകാരിക്കുകയും ഉടൻതന്നെ കൂനമ്മാവ് കൊവേന്തയിലേയ്ക്കു പോകുന്നതിന് കല്പിക്കുകയും ചെയ്തു. കൂനമ്മാവിൽ ചെന്നയുടനെ പൗലോസച്ചനെ കൊവേന്തയിൽ നിന്ന് ബഹിഷ്‌ക്ക രിച്ചിരിക്കുന്നതായി വികാരി പ്രഖ്യാപിച്ചു. ഭാഷാപണ്ഡിതനായിരുന്ന പൗലോസച്ചൻ സ്ത്രീ വിദ്യാഭ്യാസം എന്ന പേരിൽ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. സ്വയംഭരണവാദ ത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ശങ്കൂരിക്കൽ പൗലോസച്ചൻ ക്രിസ്തുവർഷം 1901-1902-ൽ ദിവംഗതനായി.
മാതേയ്ക്കൽ മത്തായിച്ചൻ
1845-ൽ മാതേയ്ക്കൽ കുടുംബത്തിൽ ആരക്കുഴ ഇടവകയിൽ ജനിച്ചു. 1875 അവസാനമായിരിക്കണം സ്വയം ഭരണവാദത്തിന്റെ നേതാവെന്ന നിലയിൽ മത്തായിച്ചൻ കൊവേന്തയിൽ നിന്നും നിഷ്‌കാസിതനാകുന്നത്. കർമ്മലീത്താ സഭയിൽ നിന്നും നിഷ്‌കാസനം ചെയ്യുന്ന മെത്രാപ്പോലീത്തായുടെ കല്പന നേരിട്ട് കൈയിൽ കൊടുത്തപ്പോൾ തന്റെ കുറ്റമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ”താൻ സ്വന്തം ഇടവകയിലേയ്ക്ക് പൊയ്‌ക്കൊള്ളണം. ഒരുങ്ങുവാൻ മൂന്നുദിവസം തന്നിരിക്കുന്നു.
ഇതിനുശേഷം സഭാവസ്ത്രങ്ങൾ മാറ്റാതെയിരുന്നാൽ തനിക്ക് കുർബാന ചൊല്ലാൻ അനുവാദമില്ല” എന്നായിരുന്നു പ്രത്യുത്തരം. ”ഞാനെന്റെ ഇടവകയിലേയ്ക്കു പോകുന്നു. എന്നാൽ എന്റെ കൈയേൽ ചോരയുണ്ടായിരിക്കുന്നിടത്തോളം കാലം ഞാൻ ഇക്കാര്യത്തിനായി വേലചെയ്യുമെന്നോർത്തോ” എന്നു പറഞ്ഞുകൊണ്ട് പുളിങ്കുന്ന് കൊവേന്തയിൽ നിന്നും ഇറങ്ങിപ്പോയി. 1921 ജൂൺ രണ്ടാം തീയതി പൂർണ്ണ ആരോഗ്യവാനായി കാണപ്പെട്ടമത്തായിയച്ചൻ ജൂൺ 3-ാം തീയതി മരിച്ചു
കിടക്കുന്നതായി കാണപ്പെട്ടു. പിറ്റെദിവസംമൃതദേഹം ആരക്കുഴ പള്ളിയിൽ സംസ്‌കരിച്ചു.
(തുടരും…)